ഇനിയും തുറക്കാെത മെഡി. കോളേജിലെ മാതൃ-ശിശു സംരക്ഷണകേന്ദ്രത്തിലെ കരുതൽ കെട്ടിടത്തിന്റെ താഴത്തെ നില, കൂട്ടിരിപ്പുകാർ ഇപ്പോഴും പുറത്തുതന്നെ
കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ മാതൃ-ശിശു സംരക്ഷണകേന്ദ്രത്തിലെ വരാന്തകളിലെ കൊതുകുകൾക്ക് ഇപ്പോൾ ശരിക്കും ഫൈവ്സ്റ്റാർ കാലമാണ്! ചോരകുടിച്ചു മടുക്കുമ്പോൾ സുഖമായൊന്ന് മയങ്ങാൻ 2.31 കോടി രൂപയുടെ വലിയൊരു ‘കരുതൽ’ കെട്ടിടംതന്നെ ഇവിടെ ഒരുക്കിയിട്ടുണ്ട്. പക്ഷേ, കൂട്ടിരിപ്പുകാരായ സാധാരണക്കാർക്ക് അവിടെ പ്രവേശനമില്ല.
എളമരം കരീം എം.പി.യുടെ ഫണ്ടിൽനിന്ന് കോടികൾ മുടക്കി നിർമിച്ച ഈ കെട്ടിടത്തിന്റെ താഴത്തെനില ഒരുവർഷം കഴിഞ്ഞിട്ടും പൂട്ടിയിട്ടിരിക്കുകയാണ്. മുകളിൽ സ്ത്രീകൾക്ക് കിടക്കാൻ 50 കിടക്കകളുണ്ട്.
ചികിത്സയിലുള്ള നൂറുകണക്കിന് രോഗികളുടെ കൂട്ടിരിപ്പുകാർ ഇപ്പോഴും മരച്ചുവട്ടിലും ശൗചാലയപരിസരങ്ങളിലും എലിശല്യവും മഴയും കൊണ്ടാണ് രാവുവെളുപ്പിക്കുന്നത്.
കെട്ടിടം തുറന്നുനൽകാത്തതിന് ആശുപത്രി അധികൃതർ പറയുന്ന ന്യായമാണ് ഏറെ വിചിത്രം; 24 മണിക്കൂറിന് 100 രൂപ നിരക്കായതിനാൽ ആളുകൾ വരുന്നില്ലത്രേ! സാധാരണക്കാരായ രോഗികളുടെ കൂട്ടിരിപ്പുകാർക്ക് ഈ തുകപോലും താങ്ങാനാവില്ലെന്നിരിക്കെ, ഫീസ് ഈടാക്കണമെന്ന കടുംപിടുത്തത്തിലാണ് അധികൃതർ. പാവപ്പെട്ടവരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ലക്ഷ്യമിട്ട് പണിത കെട്ടിടം പുതിയ പീഡിയാട്രിക്, എം.ആർ.ഐ. വിഭാഗങ്ങൾക്കായി മാറ്റിവെക്കാനാണ് ഇപ്പോൾ അധികൃതരുടെ ആലോചന.
കരുതൽ കെട്ടിടത്തിനു സമീപം ‘തണൽ’ എന്ന കെട്ടിടമുണ്ടെങ്കിലും സ്ഥിതി വ്യത്യസ്തമല്ല. 150 രൂപയാണ് ഒരുദിവസത്തെ തണലിലെ നിരക്ക്.
ഈ കൊടുംചൂടിലും മഴയിലും രോഗികൾ പുറത്തുകിടക്കുമ്പോൾ, കോടികളുടെ കരുതൽ കെട്ടിടം വെറുതേ ഇട്ടേക്കാനാണോ നിർമിച്ചതെന്ന ചോദ്യമാണ് കൂട്ടിരിപ്പുകാർക്കുള്ളത്. കരുതൽ കെട്ടിടത്തിനു സമീപം ഓടുപാകിയ തുറന്ന കാത്തിരിപ്പുകേന്ദ്രത്തിലാണ് പായവിരിച്ച് പലരും കിടക്കുന്നത്.
ഒരേസമയം പത്തിൽക്കൂടുതൽ പേർക്ക് കിടക്കാൻ അവിടെയുമാകില്ല. അതിനാൽ, കൊള്ളനിരക്ക് ഒഴിവാക്കി കെട്ടിടം പൂർണമായും സൗജന്യമായി രോഗികളുടെ കൂട്ടിരിപ്പുകാർക്ക് തുറന്നുകൊടുക്കണമെന്നാണ് കൂട്ടിരിപ്പുകാരുടെ ആവശ്യം.
പ്രതിദിന നിരക്ക് കൊടുക്കാതെ കരുതലിലെ ശൗചാലയങ്ങളും ഉപയോഗിക്കാനാകില്ല. പുറത്തുള്ള ശൗചാലയത്തിന്റെ അവസ്ഥ അതിനെക്കാൾ ദുരിതം.
Published: 10 Nov 2026, 04:02 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented