വടകര : വടകര-വില്യാപ്പള്ളി റോഡിലെ അക്ലോത്ത് നട പാലത്തിന് സമീപം റോഡ് സ്ഥിരമായി തകരുന്ന ഭാഗത്ത് ഇനി കൊരുപ്പുകട്ടയുടെ സുരക്ഷ. വില്യാപ്പള്ളി റൂട്ടിൽ പാലം കഴിഞ്ഞ് കുറച്ചുമുന്നോട്ടായി 100 മീറ്റർ നീളത്തിലാണ് കൊരുപ്പുകട്ട പാകുന്നത്. ഒരുവശത്തെ പാകൽ പൂർത്തിയായി. അടുത്തദിവസംതന്നെ മറുവശത്തും കട്ട പാകും. ഇതോടെ റോഡ് തകർന്ന് കുഴി രൂപപ്പെടുന്ന ദുരവസ്ഥയ്ക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷ. മഴക്കാലത്ത് വെള്ളംകയറുന്ന ഭാഗംകൂടിയാണിത്.

To advertise here,

വെളളത്തിലൂടെ പോകുമ്പോൾ കുഴികൾ മനസ്സിലാകാത്ത പ്രശ്നവുമുണ്ടായിരുന്നു. ഇനി വെള്ളംകയറിയാലും കുഴിയിൽ വീഴാതെ യാത്രചെയ്യാമെന്ന ആശ്വാസവുമുണ്ട്.

 

കിഫ്ബി പദ്ധതിയിൽ നവീകരിക്കുന്ന വടകര-വില്യാപ്പള്ളി-ചേലക്കാട് റോഡിന്റെ ഭാഗമാണിത്. എന്നാൽ, വടകര മുതൽ അക്ലോത്ത് നടയ്ക്ക് സമീപംവരെ ഇപ്പോൾ പ്രവൃത്തി നടക്കുന്നില്ല.

നിലവിൽ ടെൻഡർചെയ്ത് പ്രവൃത്തി തുടങ്ങിയത് അക്ലോത്ത് നട മുതൽ ചേലക്കാട് വരെയുള്ള ഭാഗത്താണ്. വടകര-അക്ലോത്ത് നട റീച്ച് ഇനി ടെൻഡർചെയ്യണം. അതുവരെ റോഡ് ഗതാഗതയോഗ്യമാക്കി നിലനിർത്തുക​യെന്ന ലക്ഷ്യത്തോടെ പി.ഡബ്ല്യു.ഡി. നേരത്തേ ഇവിടെ അറ്റകുറ്റപ്പണി നടത്തിയിരുന്നു. എന്നാൽ, മഴക്കാലത്ത് സ്ഥിരമായി വെള്ളക്കെട്ടുണ്ടാകുന്ന പ്രദേശമായതിനാൽ റോഡ് പെട്ടെന്ന് തകർന്ന് കുഴിയാകും. ഇതോടെയാണ് കൊരുപ്പുകട്ട പാകാൻ തീരുമാനിച്ചത്.

പി.ഡബ്ല്യു.ഡി.യുടെ റണ്ണിങ് കോൺട്രാക്ട് പ്രകാരമാണ് പ്രവൃത്തി ചെയ്യുന്നത്.

വടകര മുതൽ അക്ലോത്ത് നടവരെയുള്ള ഭാഗത്ത് ഒരുവശത്ത് മാത്രമാണ് റോഡിന്റെ അറ്റകുറ്റപ്പണി നടത്തിയത്. മറുഭാഗം ഒന്നും ചെയ്തിട്ടില്ല. ടാറിന് വിലകൂടിയതും മറ്റുമാണ് പ്രശ്നമായത്. ഇതും ഉടൻതന്നെ ടാർചെയ്ത് ഗതാഗതയോഗ്യമാക്കുമെന്ന് പി.ഡബ്ല്യു.ഡി. അറിയിച്ചു.