അബുദാബി : വ്യവസായം, നൂതന സാങ്കേതികവിദ്യ, നിർമിതബുദ്ധി തുടങ്ങിയ മേഖലകളിൽ ഉഭയകക്ഷി സഹകരണം ശക്തമാക്കുന്നതിനായി യു.എ.ഇ. വ്യവസായ, നൂതന സാങ്കേതികവിദ്യാ മന്ത്രാലയം ജപ്പാനിൽ നടത്തിയ ഔദ്യോഗിക സന്ദർശനം വിജയകരമായി പൂർത്തിയായി.

To advertise here,

ടോക്കിയോ, ക്യോട്ടോ എന്നീ നഗരങ്ങൾ കേന്ദ്രീകരിച്ച് നടന്ന ഉന്നതതല യോഗങ്ങളിൽ ശാസ്ത്രപുരോഗതികളെയും സാങ്കേതിക കണ്ടെത്തലുകളെയും പ്രായോഗിക വ്യാവസായിക സംരംഭങ്ങളാക്കി മാറ്റുന്നതിനുള്ള വഴികളാണ് പ്രധാനമായും ചർച്ചചെയ്തത്. യു.എ.ഇ. വ്യവസായ, നൂതന സാങ്കേതികവിദ്യാ മന്ത്രാലയം അണ്ടർസെക്രട്ടറി ഹസൻ ജാസിം അൽ നുവൈസിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് ജപ്പാനിലെത്തിയത്.

 

ടോക്കിയോയിൽ നടന്ന യു.എ.ഇ.-ജപ്പാൻ ടെക്‌നോളജി ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് റൗണ്ട് ടേബിളിലും ക്യോട്ടോയിൽ നടന്ന 23-ാമത് സയൻസ് ആൻഡ് ടെക്‌നോളജി ഇൻ സൊസൈറ്റി ഫോറം മിനിസ്റ്റീരിയൽ റൗണ്ട് ടേബിളിലും സംഘം പങ്കെടുത്തു. റോബോട്ടിക്സ്, ഓട്ടോമേഷൻ, ഡിജിറ്റൽ മാനുഫാക്ചറിങ്, കൃത്യതയാർന്ന ഉത്പാദനരീതികൾ എന്നിവയിൽ സഹകരിച്ച് വ്യവസായ ഉത്പാദനക്ഷമതയും ഗുണനിലവാരവും വർധിപ്പിക്കാനാണ് ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നത്.

അക്കാദമിക് ഗവേഷണങ്ങളെ വ്യവസായ മേഖലയുമായി നേരിട്ട് ബന്ധിപ്പിച്ച് ഫാക്ടറി ആവശ്യങ്ങൾക്ക് അനുയോജ്യമായ രീതിയിൽ മാറ്റിയെടുക്കുന്ന 'ഫാക്ടറി ഫോർവേഡ് യു.എ.ഇ' പദ്ധതിയെക്കുറിച്ച് ജാപ്പനീസ് വ്യവസായികൾക്ക് വിശദീകരിച്ചു നൽകി.

 

യു.എ.ഇ.യും ജപ്പാനും തമ്മിലുള്ള സാമ്പത്തികബന്ധം ദീർഘകാലത്തെ പങ്കാളിത്തത്തിലധിഷ്ഠിതമാണെന്നും, ഇത് പുതിയ സാങ്കേതികവിദ്യകൾ പരീക്ഷിക്കാനും നടപ്പിലാക്കാനും സഹായകരമാകുമെന്നും ഹസൻ ജാസിം അൽ നുവൈസ് വ്യക്തമാക്കി. 2027 മേയ് മൂന്നു മുതൽ ആറു വരെ അബുദാബിയിൽ നടക്കാനിരിക്കുന്ന 'മെയ്ക്ക് ഇറ്റ് ഇൻ ദ എമിറേറ്റ്‌സ്' ആഗോള ഉച്ചകോടിയിലേക്ക് ജാപ്പനീസ് കമ്പനികളെയും നിക്ഷേപകരെയും ഔദ്യോഗികമായി ക്ഷണിച്ചുകൊണ്ടാണ് സന്ദർശനം അവസാനിച്ചത്.