കൊയിലാണ്ടി : കൊല്ലം കുത്തംവള്ളി, അരയൻകാവ് തീരദേശവാസികളുടെ ചിരകാലസ്വപ്‌നമായ ചെറിയതോടിനും കൂത്തംവള്ളി തോടിനും കുറുകേ പാലങ്ങളുടെ പണിപൂർത്തിയായി. ഹാർബർ എൻജിനിയറിങ് വകുപ്പിന്റെ ഫണ്ടിൽനിന്ന് ലഭിച്ച 1.16 കോടി രൂപ ഉപയോഗിച്ചാണ് പാലങ്ങൾ നിർമിച്ചതെന്ന് സ്ഥലം കൗൺസിലർ കെ.വി. സുരേഷ് പറഞ്ഞു.
പാലങ്ങൾ വന്നതോടെ കൊയിലാണ്ടി ഹാർബർ മുതൽ വടക്ക് കൊല്ലം അങ്ങാടിവരെ എത്താവുന്ന തീരപാതയും യാഥാർഥ്യമായി. അരയൻകാവ് ചെറിയതോട്, കൂത്തംവള്ളി തോട് എന്നിവിടങ്ങളിൽ ചെറുപാലങ്ങൾ നിർമിച്ചതോടെയാണ് കൊല്ലത്തിനും ഹാർബറിനും ഇടയിൽ തീരപാത യാഥാർഥ്യമായത്.
കൊയിലാണ്ടി ഹാർബർ എൻജിനിയറിങ് സബ് ഡിവിഷൻ ഓഫീസിന്റെ മേൽനോട്ടത്തിലായിരുന്നു തീരറോഡ് നിർമാണം. കടലേറ്റസാധ്യത കണക്കിലെടുത്ത് കോൺക്രീറ്റ് റോഡാണ് ഇവിടെ നിർമിച്ചത്. റോഡ് യാഥാർഥ്യമായതോടെ കൊല്ലം ബീച്ച് റോഡ് വഴി കോളം കടപ്പുറം, അരയൻകാവ്, കൂത്തംവള്ളി, ഗുരുകുലം ബീച്ച്, വലിയകത്ത് പള്ളി, മായൻ കടപ്പുറം വഴി കൊയിലാണ്ടി ഹാർബർ വരെയെത്താം.
കൊല്ലം അരയൻകാവ്, ഗുരുകുലം ബീച്ചിലുള്ള മത്സ്യത്തൊഴിലാളികൾക്ക് ദേശീയപാതയിലൂടെ വരാതെ നേരിട്ട് ഹാർബറിലെത്താൻ ഈ റോഡ് സഹായിക്കും. ഹാർബറിൽനിന്ന് കാപ്പാട്, മുനമ്പം, വഴി കാട്ടിലപീടിക വരെ പോകാം. പക്ഷേ, കാപ്പാട് ഭാഗത്ത് കടലേറ്റത്തിൽ തകർന്ന തീരപാത ഇതുവരെ ഗതാഗതയോഗ്യമായിട്ടില്ല. ഹാർബർ മുതൽ ഏഴുകുടിക്കൽവരെ റോഡ് നവീകരിച്ചിട്ടുണ്ട്. ഏഴുകുടിക്കൽ മുതൽ കാപ്പാട് വരെ റോഡ് പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നതിനാൽ ഗതാഗതം ദുഷ്കരമാണ്.
കൊല്ലത്തിനും കൊയിലാണ്ടിക്കും ഇടയിൽ ഗതാഗത തടസ്സമുണ്ടാകുമ്പോൾ ചെറുവാഹനങ്ങൾക്ക് തീരറോഡു വഴി സഞ്ചരിക്കുവാൻ കഴിയും. തീരദേശത്തിലൂടെയുള്ള ഒരു ബദൽപാതയാണ് സജ്ജമായത്.
കാസർകോട്-തിരുവനന്തപുരം തീരദേശ ഹൈവ വരുന്നത് ഈ റോഡുകൾക്ക് അനുബന്ധമായിട്ടാണ്. പലസ്ഥലത്തും നിലവിലുള്ള റോഡ് വികസിപ്പിച്ചാണ് തീരദേശപാത നിർമിക്കുന്നത്. എന്നാൽ, തീരദേശ ഹൈവേയ്ക്കുള്ള സ്ഥലമേറ്റെടുപ്പ് നടപടികൾ ഇനിയും പൂർത്തിയാകാനുണ്ട്. ജില്ലയിൽ കടലുണ്ടിമുതൽ വടകര പൂഴിത്തല വരെ 77 കിലോമീറ്റർ ദൈർഘ്യത്തിലാണ് തീരദേശപാത നിർമിക്കുന്നത്. 15.6 മീറ്റർ വീതിയിലാണ് തീരപാതയ്ക്കായി സ്ഥലമേറ്റെടുക്കുന്നത്. നിലവിൽ തീരദേശപാതയുള്ള ഇടങ്ങളിൽ അതിനോട് ബന്ധിപ്പിച്ചാണ് പുതിയറോഡ് നിർമിക്കുന്നത്. കടലുണ്ടി മുതൽ പൂഴിത്തല വരെ 13 റീച്ചുകളായി തിരിച്ചാണ് സ്ഥലമേറ്റെടുപ്പ് നടപടികൾ പുരോഗമിക്കുന്നത്.
Published: 11 Oct 2026, 03:23 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented