ഷാർജ : എമിറേറ്റ്‌സ് പെർഫ്യൂംസ് ആൻഡ് ഊദ് പ്രദർശനത്തിന്റെ നാലാംപതിപ്പിന് എക്സ്‌പോ സെന്റർ ഷാർജയിൽ തുടക്കമായി. സുഗന്ധദ്രവ്യങ്ങൾ, ഊദ്, സൗന്ദര്യവർധക ഉത്പന്നങ്ങൾ എന്നിവയുടെ സമാനതകളില്ലാത്ത ശേഖരമാണ് പുതിയ പതിപ്പിലുള്ളത്. യു.എ.ഇ., സൗദി അറേബ്യ, ഒമാൻ, ഖത്തർ, കുവൈത്ത്, ചൈന, തുർക്കി, ഇന്ത്യ എന്നിവയുൾപ്പെടെ ലോകമെമ്പാടുമുള്ള 200-ലേറെ സ്ഥാപനങ്ങളും പ്രദർശകരും പ്രദർശനത്തിലുണ്ട്.

To advertise here,

സാമ്പത്തിക, സാംസ്കാരിക പ്രദർശനങ്ങൾക്കുള്ള പ്രമുഖ ആഗോള കേന്ദ്രമെന്ന നിലയിൽ ഷാർജയുടെ പദവി ശക്തമാക്കുന്നതിലും പുത്തൻ വാണിജ്യ അവസരങ്ങൾ സൃഷ്ടിക്കുന്നതിലും വാർഷിക പരിപാടി മികച്ച സംഭാവനകൾ നൽകുന്നുണ്ട്. വ്യത്യസ്ത സുഗന്ധവ്യഞ്ജനങ്ങൾ പര്യവേക്ഷണം ചെയ്യാനുള്ള മികച്ച അവസരമാണ് പ്രദർശനം ഒരുക്കുന്നത്.

 

സന്ദർശകർക്ക് പെർഫ്യൂം, ഊദ് മേഖലയിലെ പുതിയ പ്രവണതകൾ നേരിട്ടറിയാനും മേഖലയിലെ വിദഗ്ധരുമായും നേരിട്ട് സംവദിക്കാനും വേദിയൊരുക്കുന്നുമുണ്ട്. സുഗന്ധദ്രവ്യ വ്യവസായവുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട പരിപാടികളിലൊന്നായ പ്രദർശനം ഈ മാസം 18 വരെ നീണ്ടുനിൽക്കും.