തൊട്ടിൽപ്പാലം : ജില്ലയിൽ മലയോര ഹൈവേ കടന്നുപോകുന്ന തൊട്ടിൽപ്പാലം-മുള്ളൻകുന്ന് റോഡ് ശക്തമായമഴയിൽ ചെളിക്കുളമായി. കഴിഞ്ഞദിവസങ്ങളിൽ പെയ്ത കനത്ത മഴയെത്തുടർന്നാണ് റോഡിൽ ചെളിയും വെള്ളവും നിറഞ്ഞ് കാൽനടയാത്ര പോലും ദുസ്സഹമായത്.

To advertise here,

നിലവിൽ നടുത്തോട് മുതൽ മുള്ളൻകുന്ന് വരെയാണ് റോഡു പ്രവൃത്തി നടക്കുന്നത്. നടുത്തോട് മുതൽ അമ്പലക്കാവ് വരെയുള്ള ഏകദേശം ഒരു കിലോമീറ്റർ ഭാഗത്താണ് യാത്രാദുരിതം രൂക്ഷമായിരിക്കുന്നത്. റോഡിലെ വലിയ കുഴികളിൽ വെള്ളം കെട്ടിനിൽക്കുന്നതിനാൽ ഓട്ടോറിക്ഷ, ടാക്സി, ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ളവ കുഴികളിൽച്ചാടി അപകടങ്ങൾക്ക് കാരണമാകുന്നതായി നാട്ടുകാർ പറഞ്ഞു.

റോഡ് ചെളിക്കുളമായതോടെ വാഹനങ്ങൾ ഓടിക്കാൻപോലും കഴിയാത്ത സ്ഥിതിയാണെന്ന് ടാക്സി ഡ്രൈവർമാരും പറഞ്ഞു. കാൽനടയാത്രക്കാരും ചെളിയും വെള്ളക്കെട്ടും കാരണം ഏറെ ബുദ്ധിമുട്ടാണ് നേരിടുന്നത്.

വയനാട് ജില്ലയിൽനിന്ന് കോഴിക്കോട് ജില്ലയിലേക്കുള്ള അതിർത്തിയായ പക്രംതളം ചുരം ഭാഗത്തെ മലയോര ഹൈവേ നിർമാണം ഊരാളുങ്കൽ സൊസൈറ്റിയാണ് ഏറ്റെടുത്ത് പൂർത്തിയാക്കിയത്. അവിടെ റോഡ് ചെളിക്കുളമായ ഭാഗങ്ങളിൽ ക്വാറി വേസ്റ്റ് ഉൾപ്പെടെയുള്ള വസ്തുക്കൾ നിക്ഷേപിച്ച് വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും താത്‌ക്കാലികമായി സഞ്ചാരസൗകര്യം ഒരുക്കിയിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.എന്നാൽ തൊട്ടിൽപ്പാലം-മുള്ളൻകുന്ന് ഭാഗത്ത് സമാനമായ സാഹചര്യമുണ്ടായിട്ടും സഞ്ചാരസൗകര്യം ഒരുക്കുന്നതിൽ കരാർ കമ്പനിയുടെ ഭാഗത്തുനിന്ന് വേണ്ടത്ര നടപടിയുണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.

റോഡിലെ ചെളിയും വെള്ളക്കെട്ടും അടിയന്തരമായി നീക്കി വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും സുഗമമായി സഞ്ചരിക്കാനുള്ള സൗകര്യം ഒരുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.