പരമ്പരാഗത വഴികൾ തടസ്സപ്പെടുന്നതിൽ പ്രതിഷേധം
കൊയിലാണ്ടി : പരമ്പരാഗതമായി ജനങ്ങൾ ഉപയോഗിച്ചുകൊണ്ടിരുന്ന സഞ്ചാരമാർഗങ്ങൾ ദേശീയപാത നിർമാണത്തോടനുബന്ധിച്ച് അടഞ്ഞതോടെ പലയിടത്തും ജനജീവിതം താളംതെറ്റുന്ന അവസ്ഥയിൽ. പാത നിർമാണത്തോടനുബന്ധിച്ച് എല്ലാസ്ഥലത്തും വലിയ ഉയരത്തിൽ കോൺക്രീറ്റ് മതിൽ നിർമിച്ചതോടെ നാട്ടുകാരുടെ പരസ്പരബന്ധംപോലും അറ്റുപോയി.
ആവശ്യമായ ഇടങ്ങളിൽ അണ്ടർപാസ് അനുവദിച്ചിരുന്നെങ്കിൽ പ്രാദേശിക ജനങ്ങൾക്ക് പ്രയോജനപ്പെടുമായിരുന്നു. പല സ്ഥലങ്ങളിലും വിദ്യാലയങ്ങൾ, ആരാധനാലയങ്ങൾ, റേഷൻ കടകൾ എന്നിവിടങ്ങളിലേക്കൊക്കെയുള്ള പരമ്പരാഗത പാതകൾ അടഞ്ഞു. അതു കൊണ്ടു തന്നെ അടിപ്പാതകൾ ആവശ്യപ്പെട്ട് മിക്കയിടത്തും ജനകീയസമരങ്ങൾ ഇപ്പോഴും തുടരുന്നത് റോഡ് നിർമാണപ്രവൃത്തി നീണ്ടു നീണ്ടു പോകുന്നതിനും ഇടയാക്കുന്നു.
നന്തി - ചെങ്ങോട്ടുകാവ് ബൈപ്പാസിൽ മൂടാടി പുറക്കൽ ഭാഗത്ത് അടിപ്പാത അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശത്തെ ജനങ്ങൾ യോഗംചേർന്ന് ജനകീയകമ്മിറ്റിക്ക് രൂപം നൽകിയിരിക്കുകയാണ്. ഈ ഭാഗത്ത് അടിപ്പാത ഇല്ലാത്തതിനാൽ വിദ്യാർഥികൾക്കും മറ്റുള്ളവർക്കും കാൽനടയാത്ര ഏറെ ദുരിതമായിരിക്കുകയാണെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇക്കാര്യമുന്നയിച്ച് നടത്തിയ സമരപ്രഖ്യാപനയോഗം മൂടാടി ഗ്രാമപ്പഞ്ചായത്ത് അംഗം പപ്പൻ മൂടാടി ഉദ്ഘാടനംചെയ്തു. വാർഡ് മെമ്പർ ബീന ഗിരീഷ് അധ്യക്ഷതവഹിച്ചു. രമ്യാ സുർജിത്ത്, അനസ് ആയാടത്തിൽ, മിനി തെക്കെ വീട്ടിൽ, കമല പ്രഭാകരൻ, പി.കെ. ബാലൻ, എൻ.എം. പ്രശാന്ത്, വി.ഇ. നിഷാന്ത് എന്നിവർ സംസാരിച്ചു.
ദുരിതംമാറാതെ പൊയിൽക്കാവ്
പൊയിൽക്കാവ് : ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നിരന്തരം പ്രയാസമനുഭവിക്കുകയാണ് പൊയിൽക്കാവിലെ പൊതുജനങ്ങൾ. പൊയിൽക്കാവ് അങ്ങാടിയിലേക്കും പൊയിൽക്കാവ് ഹയർസെക്കൻഡറി സ്കൂളിലേക്കും ക്ഷേത്രത്തിലേക്കും പോകേണ്ടവർ കടുത്ത യാതനയാണ് അനുഭവിക്കുന്നത്. ദേശീയപാതയുടെ കിഴക്കുഭാഗത്ത് ഓവുചാൽ നിർമിച്ച് സർവീസ് റോഡ് പൂർത്തിയാക്കാത്തതിനാൽ വെള്ളക്കെട്ടാണ്. ഒരൊറ്റ മഴയിൽത്തന്നെ പൊയിൽക്കാവിലെ അടിപ്പാതയിലും നിർമാണം പൂർത്തിയാകാത്ത സർവീസ് റോഡിലും വെള്ളക്കെട്ടുയരും. ബസ് കയറിപ്പോകാനും ബസിൽ നിന്നിറങ്ങാനും കടുത്ത ബുദ്ധിമുട്ടാണ് നാട്ടുകാർ അനുഭവിക്കുന്നതെന്ന് സി.പി.എം. പൊയിൽക്കാവ് ലോക്കൽ കമ്മിറ്റി കുറ്റപ്പെടുത്തി. ഇതിനെതിരേ പൊതുജനങ്ങളെ അണിനിരത്തി പ്രക്ഷോഭമാരംഭിക്കുമെന്ന് ലോക്കൽകമ്മിറ്റി അറിയിച്ചു. കെ. രാജൻ അധ്യക്ഷനായി. കെ. ഷിജു, ഷീബ മലയിൽ, പി. സത്യൻ, പി. ബാലകൃഷ്ണൻ, കെ. ഗീതാനന്ദൻ എന്നിവർ സംസാരിച്ചു.
പന്തലായനി- വിയ്യൂർ റോഡ് നന്തി- ചെങ്ങോട്ടുകാവ് ബൈപ്പാസുമായി ചേരുന്നിടത്ത് അടിപ്പാത നിർമിക്കണമെന്നാവശ്യപ്പെട്ട് പന്തലായനി, വിയ്യൂർ ഭാഗത്തെ ജനങ്ങളും പ്രക്ഷോഭത്തിലാണ്. ഇവിടെ അടിപ്പാത നിർമിച്ചശേഷം മതി റോഡ് നിർമാണമെന്നാണ് അവർ ആവശ്യപ്പെടുന്നത്. പ്രദേശവാസികളുടെ സമരംകാരണം ഈഭാഗത്ത് റോഡുപണി തടസ്സപ്പെട്ടിരിക്കുകയാണ്.
കൊല്ലം കുന്ന്യോറമലയുടെ മുകളിൽ താമസിക്കുന്നവർക്ക് അവിടേക്ക് എത്താൻ റോഡ് സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് അവിടുത്തെ ജനങ്ങളും പ്രതിഷേധത്തിലാണ്.
കുന്നിനുമുകളിൽ താമസിക്കുന്ന അറുപതോളം കുടുംബങ്ങൾക്ക് അവരുടെ താമസസ്ഥലത്തേക്ക് എത്തിപ്പെടാൻ റോഡു സൗകര്യം ഏർപ്പെടുത്തണമെന്നാണ് ആവശ്യം.
പുതുതായി നിർമിക്കുന്ന ആറു വരിപ്പാതയിൽനിന്ന് മലയുടെ മുകളിലേക്ക് പോകാൻകഴിയുന്ന വിധത്തിൽ സർവീസ് റോഡ് എർപ്പെടുത്തുമെന്ന് അധികൃതർ നേരത്തേ ഉറപ്പുനൽകിയിരുന്നു. എന്നാൽ ഇപ്പോൾ ഇതു സംബന്ധിച്ച് നടപടികളൊന്നും ഉണ്ടാവുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
Published: 07 Oct 2026, 03:40 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented