കൊടുവള്ളി : സർക്കാർജോലി ലഭിച്ചതിനെത്തുടർന്ന് കൊടുവള്ളിയിൽ നഗരസഭാ കൗൺസിലർ രാജിവെച്ചു. നഗരസഭയിലെ നാലാം ഡിവിഷനായ പൊയിലങ്ങാടിയിൽനിന്നുള്ള കോൺഗ്രസ് കൗൺസിലറും വിദ്യാഭ്യാസ, കലാ-കായിക സ്ഥിരംസമിതി ചെയർപേഴ്‌സണുമായ ബിന്ദു അനിൽകുമാറാണ് രാജിവെച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് നഗരസഭാസെക്രട്ടറിക്ക് രാജിക്കത്ത് നൽകിയത്.

To advertise here,

2015-ലും ബിന്ദു അനിൽകുമാർ പൊയിലങ്ങാടി ഡിവിഷനിൽനിന്ന്‌ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചുവിജയിക്കുകയും വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർപേഴ്സണാവുകയും ചെയ്തിരുന്നു. 2015-ൽ രണ്ടുവോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയിച്ചതെങ്കിൽ ഇത്തവണ 198 വോട്ടിന്റെ ഭൂരിപക്ഷത്തോടെയായിരുന്നു വിജയം. കേരള അർബൻ ആൻഡ് റൂറൽ ഡിവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡിന്റെ കോഴിക്കോട് റീജണൽ ഓഫീസിലാണ് നിയമനം ലഭിച്ചത്. ജോലി ലഭിച്ച സാഹചര്യത്തിൽ കൗൺസിലർസ്ഥാനം തുടരാൻ കഴിയാത്തതിനാലും ഒക്ടോബർ എട്ടിനുമുൻപ് ജോലിയിൽ പ്രവേശിക്കേണ്ടതിനാലുമാണ് രാജിവെച്ചതെന്ന് ബിന്ദു അനിൽകുമാർ അറിയിച്ചു.

നഗരസഭയിൽ ആറംഗങ്ങളുണ്ടായിരുന്ന കോൺഗ്രസിന് ബിന്ദു അനിൽകുമാറിന്റെ രാജിയോടെ അംഗസംഖ്യ അഞ്ചായി കുറഞ്ഞു. നഗരസഭയിൽ ഭരണം നടത്തുന്ന യു.ഡി.എഫിന് ബിന്ദു അനിൽകുമാറിന്റെ രാജി പ്രതിസന്ധി സൃഷ്ടിക്കില്ല. ആകെ 37 സീറ്റുള്ള നഗരസഭയിൽ നിലവിൽ മുസ്‌ലിംലീഗ് (18), കോൺഗ്രസ് (അഞ്ച്), വെൽഫെയർ പാർട്ടി (ഒന്ന്), എൽ.ഡി.എഫ്. (11), സ്വതന്ത്രൻ (ഒന്ന്) എന്നിങ്ങനെയാണ് കക്ഷിനില.