ഒഞ്ചിയം : ദേശീയപാതയിൽ ഇടയ്ക്കിടെ മണ്ണിടിച്ചിലുണ്ടാകുന്ന മുക്കാളിയിൽ അപകടഭീഷണി നേരിടുന്ന വീടുകൾ സംരക്ഷിക്കാൻ ഉന്നതതലയോഗത്തിൽ തീരുമാനം. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒഞ്ചിയം പഞ്ചായത്ത് ഓഫീസിൽ വടകര സബ് കളക്ടർ പി.പി. അർച്ചന, എൻ.എച്ച്.എ.ഐ. പ്രോജക്ട് ഡയറക്ടർ പ്രശാന്ത് ദുബെ എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം.
മണ്ണിടിച്ചിലിനെത്തുടർന്ന് ഭീഷണിയിലായ വടക്കേ പുനത്തിൽ അഭിലാഷിന്റെ വീട് പി.ഡബ്ള്യു.ഡി, ജിയോളജി വകുപ്പുകൾ പരിശോധന നടത്തിയശേഷം തുടർനടപടി സ്വീകരിക്കും. വേണ്ടിവന്നാൽ നഷ്ടപരിഹാരം നൽകി കുടുംബത്തെ സംരക്ഷിക്കും. കൈതോകുന്നുമ്മൽ ദേവരാജ്, പുനത്തിൽ സരോജിനി എന്നിവരുടെ വീടുകൾ ആവശ്യമായ അറ്റകുറ്റപ്പണി നടത്തി സംരക്ഷിക്കും. മണ്ണിടിച്ചിലുണ്ടായ മുഴുവൻ പ്രദേശത്തും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ജോലി നിർത്തിവെക്കും. മുക്കാളി പടിഞ്ഞാറുഭാഗത്തെ സംരക്ഷണഭിത്തിക്ക് പുറകിലെ റോഡ് ടാറിങ് നടത്തി സഞ്ചാരയോഗ്യമാക്കാനും യോഗം തീരുമാനിച്ചു. ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ് ഷജിന കൊടക്കാട്ട് അധ്യക്ഷതവഹിച്ചു. ഷാഫി പറമ്പിൽ എം.പി.യുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി കെ. പ്രദീപൻ, തഹസിൽദാർ ലതീഷ്, വടകര ഡിവൈ.എസ്.പി. കെ.കെ. ബിജു, ചോമ്പാല സി.ഐ. ഷിജു, അഴിയൂർ പഞ്ചായത്ത് പ്രസിഡന്റ് കെ. ലീല തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
Published: 23 Sept 2026, 04:06 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented