തിരുവമ്പാടി : കഴിഞ്ഞ മാസത്തെ വരുമാനക്കണക്കിൽ റെക്കോഡ് നേട്ടവുമായി കെ. എസ്.ആർ.ടി.സി. തിരുവമ്പാടി ഓപ്പറേറ്റിങ് സെന്റർ. ഓഗസ്റ്റിലെ മികച്ച കളക്‌ഷനിലൂടെ സംസ്ഥാനത്ത് രണ്ടാമതെത്തിയിരിക്കുകയാണ് തിരുവമ്പാടി കെ.എസ്.ആർ.ടി.സി.

To advertise here,

തിരുവനന്തപുരം ജില്ലയിലെ വെള്ളറട സബ് ഡിപ്പോയാണ് ഒന്നാം സ്ഥാനത്ത്. കഴിഞ്ഞ ജൂലായിൽ തിരുവമ്പാടിയായിരുന്നു ഒന്നാമതെത്തിയത്. താമരശ്ശേരി സബ് ഡിപ്പോ രണ്ടാമതും. ജൂലായ്‌ 15 മുതൽ സെപ്റ്റംബർ 20 വരെ 2,28,56,564 ആണ് തിരുവമ്പാടിയിലെ കളക്‌ഷൻ. ചരിത്രനേട്ടമാണിത്. യാത്രക്കാരുടെ എണ്ണം 10,32,210-ഉം.

പ്രിയദർശിനി യാത്രാപദ്ധതി നടപ്പായതോടെയാണ് ഇവിടെ യാത്രക്കാരുടെ എണ്ണം ഉയർന്നത്. ആകെയുള്ള 33 ബസിൽ 30- ഉം പ്രിയദർശിനി ബസുകളാണ്. മൈസൂരു, ബത്തേരി, കണ്ണൂർ, ഗുരുവായൂർ, പാലക്കാട്, കോഴിക്കോട്, എറണാകുളം തുടങ്ങിയ ദീർഘദൂര സർവീസുകൾക്കുപുറമേ, മുത്തപ്പൻപുഴ, മറിപ്പുഴ, കക്കാടംപൊയിൽ, നിലമ്പൂർ, പൂവാറൻതോട് തുടങ്ങി മലയോര ഉൾഗ്രാമങ്ങളിലേക്കടക്കം ഇവിടെനിന്ന്‌ ബസുകളുണ്ട്.

സംസ്ഥാനസർക്കാരിന്റെ നൂറുദിന കർമപദ്ധതിയുടെ ഭാഗമായി സർവീസ് ഓപ്പറേഷനിൽ മികവുപുലർത്തിയ യൂണിറ്റുകളെ ആദരിച്ചു. തിരുവനന്തപുരത്ത്‌ നടന്ന ചടങ്ങിൽ കെ.എസ്.ആർ.ടി.സി. തിരുവമ്പാടി ഓപ്പറേറ്റിങ് സെന്റർ ഇൻസ്പെക്ടർ ഇൻചാർജ് പി.എ. ഷാജു, അസി. ട്രാൻസ്പോർട്ട് ഓഫീസർ എ.കെ. സാം, ഗാരേജ് ഇൻചാർജ് സി.കെ. ഇല്യാസ് തുടങ്ങിയവർ ഗതാഗത മന്ത്രി സി. പി. ജോണിൽ നിന്നും ഉപഹാരം ഏറ്റുവാങ്ങി.