കോഴിക്കോട്‌ : പ്രതിപക്ഷനേതാവ് പിണറായി വിജയനും സംസ്ഥാന സെക്രട്ടേറിയേറ്റംഗം പി.എ. മുഹമ്മദ്‌ റിയാസ് എം.എൽ.എ.ക്കുമെതിരേ ഇ.ഡി.യുടെ ശുപാർശയനുസരിച്ച് സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചതിൽ സി.പി.എമ്മിന്റെ വ്യാപക പ്രതിഷേധം.‘മോഡി–മേനോൻ, വി.ഡി.–ഇ.ഡി. വേട്ട’ സി.പി.എമ്മിനോട്‌ വേണ്ടാ എന്ന മുദ്രാവാക്യമുയർത്തി കോഴിക്കോട്‌ നഗരത്തിലും ഏരിയാകേന്ദ്രങ്ങളിലും പ്രകടനം നടത്തി.

To advertise here,

കോഴിക്കോട്‌ നഗരത്തിൽ മുതലക്കുളത്ത്‌ നിന്നാരംഭിച്ച പ്രകടനം മൊഫ്യൂസിൽ ബസ്‌സ്‌റ്റാൻഡിൽ സമാപിച്ചു. ജില്ലാ സെക്രട്ടറി എം. മെഹബൂബ്‌ ഉദ്‌ഘാടനം ചെയ്‌തു. വി.ഡി. സതീശൻ- ആർ.എസ്‌.എസ്‌ ഡീലാണ്‌ കേരളത്തിൽ നടക്കുന്നതെന്ന്‌ എം. മെഹബൂബ്‌ പറഞ്ഞു. ഇ.ഡിയെ ഉപയോഗിച്ചാണ്‌ പല സംസ്ഥാനങ്ങളിലും ബി.ജെ.പി. ഭരണം പിടിച്ചെടുത്തത്‌. അതേ മാതൃകയിൽ കേരളത്തെയും ബി.ജെ.പി.യുടെ കൈകളിലെത്തിക്കാനാണ് സി.പി.എമ്മിനെയും നേതാക്കളെയും വേട്ടയാടുന്നത്‌. ഇക്കാര്യത്തിൽ ബി.ജെ.പി.ക്ക്‌ എല്ലാപിന്തുണയും നൽകുന്നത്‌ യു.ഡി.എഫ്‌. സർക്കാരാണെന്നും മെഹബൂബ് പറഞ്ഞു.

ജില്ലാ സെക്രട്ടേറിയറ്റംഗം ടി. വിശ്വനാഥൻ അധ്യക്ഷനായി. സംസ്ഥാന കമ്മറ്റിയംഗങ്ങളായ എ. പ്രദീപ്‌കുമാർ, വി. വസീഫ്‌, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ സി.പി. മുസാഫർ അഹമ്മദ്‌, എസ്‌.കെ. സജീഷ്‌ എന്നിവർ സംസാരിച്ചു. നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു.