ചെറുവണ്ണൂർ മേൽപ്പാലം ഗർഡർ സ്ഥാപിക്കാൻ റോഡടച്ചതോടെ മേഖലയിലാകെ ഗതാഗതക്കുരുക്ക്‌

To advertise here,

ഫറോക്ക്/പന്തീരാങ്കാവ്/ രാമനാട്ടുകര : ചെറുവണ്ണൂർ മേൽപ്പാലനിർമാണത്തിന്റെ ഭാഗമായി ഗർഡർ സ്ഥാപിക്കുന്ന പ്രവൃത്തികൾക്കായി റോഡ് പൂർണമായി അടച്ചതോടെ ദുരിതത്തിലായി ജനങ്ങൾ.

സമീപ റോഡുകളും സമാന്തരപാതകളും ഇടവഴികൾപ്പോലും വാഹനങ്ങൾകൊണ്ട് നിറഞ്ഞു. ഞായറാഴ്ച രാത്രി പത്തരയോടെയാണ് ചെറുവണ്ണൂർ വഴിയുള്ള ഗതാഗതം പൂർണമായി നിരോധിച്ചത്.

കോട്ടക്കടവ്, കടലുണ്ടി, മെഡിക്കൽ കോളേജ് ഭാഗങ്ങളിൽനിന്ന് സർവീസ് നടത്തിയിരുന്ന സിറ്റി ബസുകളിൽ ഭൂരിഭാഗവും ചെറുവണ്ണൂരിൽ സർവീസ് അവസാനിപ്പിച്ചു. ഇവിടെനിന്നുതന്നെയാണ് യാത്രക്കാരെ കയറ്റി കോഴിക്കോട് ഭാഗത്തേക്ക് ട്രിപ്പുമായി പോവുകയും ചെയ്തത്. ബേപ്പൂർ, മാത്തോട്ടം, ഭാഗങ്ങളിൽ സർവീസ് നടത്തിയിരുന്ന ബസുകളും കോയാസിനു സമീപംവെച്ച് സർവീസ് അവസാനിപ്പിച്ചു. യാത്രക്കാർ ഇവിടെ ഇറങ്ങിയശേഷം ചെറുവണ്ണൂരിൽനിന്ന് കോഴിക്കോട് ഭാഗത്തേക്ക് മാറിക്കയറുകയാണ് ചെയ്തത്.

ഈ വഴി സർവീസ് നടത്തിയിരുന്ന ദീർഘദൂരബസുകൾ ആറുവരിപ്പാതവഴിയാണ് രാമനാട്ടുകരയിലെത്തിയത്. കോഴിക്കോട് ഭാഗത്തുനിന്ന് വരുന്ന വാഹങ്ങൾ അരീക്കാട്, ഒളവണ്ണ, പന്തീരാങ്കാവ് വഴി ആറുവരിപ്പാതയിൽ പ്രവേശിക്കുന്നുമുണ്ട്. ചില ബസുകൾ ഓടിയുമില്ല.