വടകര: മണിയൂർ പഞ്ചായത്തിന്റെ വിനോദസഞ്ചാരസ്വപ്നങ്ങൾക്ക് നിറമേകാൻ ചെരണ്ടത്തൂർ ചിറയുടെ പച്ചപ്പുമാത്രം മതി. പച്ചപ്പരവതാനി വിരിച്ചതുപോലെ നീണ്ടുകിടക്കുന്ന നെൽപ്പാടങ്ങൾ. വയലിന്റെ മധ്യത്തിലൂടെ നടുത്തോട്, അനേകം ചെറുതോടുകൾ, ആമ്പൽപ്പൂനിറവ്. വിരുന്നെത്തുന്ന അനേകം ദേശാടനക്കിളികൾ. കണ്ണും മനസ്സും നിറയ്ക്കാൻ മറ്റെന്തുവേണം...
ഈ ഭംഗിയെ ഫാം ടൂറിസത്തിന്റെ ചിറകിലേറ്റി പുറംലോകത്തിനുമുൻപിൽ തുറന്നിടാൻ മണിയൂർ പഞ്ചായത്തിലെ മുൻ ഭരണസമിതി പദ്ധതി ആവിഷ്കരിച്ചിരുന്നു. പ്രവൃത്തി തുടങ്ങിയെങ്കിലും എവിടെയുമെത്തിയിട്ടില്ല ഈ പദ്ധതി.
ഒരു കോടി രൂപയുടെ പദ്ധതിയാണ് ലക്ഷ്യമിട്ടത്. എം.എൽ.എ. ഫണ്ടിൽനിന്ന് 50 ലക്ഷം രൂപയും ജില്ലാ പഞ്ചായത്തും ഗ്രാമപ്പഞ്ചായത്തും 25 ലക്ഷം രൂപവീതവും നീക്കിവെച്ചു. യു.എൽ.സി.സി.എസാണ് പ്രവൃത്തി കരാറെടുത്തത്. ചിറയിലെ നടുത്തോട്ടിലൂടെ ഉല്ലാസയാത്രയ്ക്കായി പെഡൽ ബോട്ടുകൾ, ഇരുവശങ്ങളിലും സൗരോർജവിളക്കുകൾ, സെൽഫി പോയിന്റുകൾ, ഏറുമാടം, വിനോദസഞ്ചാരികൾക്ക് ആവശ്യമായ വിശ്രമകേന്ദ്രം തുടങ്ങിയ സൗകര്യങ്ങളാണ് ലക്ഷ്യമിട്ടത്.
ഇതിന്റെ ഭാഗമായി ചെരണ്ടത്തൂർ ചിറയിലെ വരമ്പുകൾ കയർ ഭൂവസ്ത്രം വിരിച്ച് ഗതാഗതയോഗ്യമാക്കാനും തീരുമാനിച്ചിരുന്നു. ഇതിന്റെ പൈലിങ്ങും തുടങ്ങി. ഇതിനുശേഷം പ്രവൃത്തികളൊന്നും നടന്നിട്ടില്ല. ചെരണ്ടത്തൂർ ചിറ ഫാം ടൂറിസത്തിന് നിലവിൽ ഈ ഫണ്ടൊന്നും ലഭ്യമല്ലെന്നാണ് പുതിയ ഭരണസമിതിയുടെ വിശദീകരണം. പൈലിങ് നടത്തിയ തുകതന്നെ കരാർ ഏറ്റെടുത്ത കമ്പനിക്ക് നൽകാനുണ്ട്. ഇത് പഞ്ചായത്തിന് ബാധ്യതയായിരിക്കുകയാണെന്നും ഇവർ പറഞ്ഞു.
എവിടെ ചൊവ്വാപ്പുഴ ടൂറിസം
ചൊവ്വാപ്പുഴയിൽ കൈയേറ്റം നടന്ന ഒൻപതേക്കർ ഭൂമി പഞ്ചായത്ത് പിടിച്ചെടുത്തിരുന്നു. അതിൽ കഴിഞ്ഞ സർക്കാരിന്റെ ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതിയിൽ ഉൾപ്പെടുത്തി ഇക്കോ ടൂറിസത്തിന് തുടക്കമിട്ടു. വിനോദസഞ്ചാരവകുപ്പിന്റെ 50 ലക്ഷവും പഞ്ചായത്തിന്റെ 49.70 ലക്ഷവും ഉൾപ്പെടെ 99.70 ലക്ഷത്തിന്റെ പദ്ധതി കേരള ബാംബൂ കോർപ്പറേഷൻ തയ്യാറാക്കി.
പക്ഷിനിരീക്ഷണം, ബോട്ടിങ്, മുളവീടുകൾ, മത്സ്യവിപണനം, മിയാവാക്കി കാടുകൾ കുട്ടികളുടെ പാർക്ക്, വട്ടത്തോണി തുടങ്ങി ഒട്ടേറെ കാര്യങ്ങൾ ഇതിലൂടെ നടപ്പാക്കാൻ ലക്ഷ്യമിട്ടിരുന്നു. പരിസ്ഥിതിസൗഹൃദരീതിയിലാണ് നിർമാണം ലക്ഷ്യമിട്ടത്.
ഇരിങ്ങൽ സർഗാലയ, പയംകുറ്റിമല സാൻഡ്ബാങ്ക്‌സ്, ലോകനാർകാവ് എന്നീ വിനോദസഞ്ചാരകേന്ദ്രങ്ങളെക്കൂടി കൂട്ടിയിണക്കാനും ലക്ഷ്യമിട്ടു.
2025-ൽ അന്നത്തെ ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പദ്ധതി പ്രവൃത്തി ഉദ്ഘാടനം ചെയ്തതല്ലാതെ മറ്റൊരു പ്രവൃത്തിയും നടന്നില്ല. ഇതിനിടെ പഞ്ചായത്തിൽ ഭരണമാറ്റം നടന്നു.
പക്ഷികളുടെ കേന്ദ്രം, നെൽക്കൃഷിയുടെയും
ചെരണ്ടത്തൂർ ചിറയിൽ 82 ഇനം പക്ഷികളെ കഴിഞ്ഞവർഷം നടത്തിയ പക്ഷിനിരീക്ഷണത്തിൽ കണ്ടെത്തിയിരുന്നു. വംശനാശഭീഷണി നേരിടുന്ന ചെന്തലയൻ എരണ്ടയെ ഇവിടെ കണ്ടെത്തി.
വെള്ളക്കണ്ണി എരണ്ട, ചന്ദനക്കുറി എരണ്ട, ഗഡ്വാൾ എരണ്ട, കുടുമ താറാവ് തുടങ്ങി ദേശാടകരും തദ്ദേശീയരുമായ പത്ത് താറാവിനങ്ങളും ഇവിടെയുണ്ട്. അപൂർവ ദേശാടനപ്പക്ഷികളുടെയും കേന്ദ്രമാണിവിടം. ചെങ്കാലൻ പുള്ള്, ചങ്ങാലിപ്രാവ്, ചാരത്തലയൻ തിത്തിരി, യൂറേഷ്യൻ ഹോബി, വെൺതാലിക്കുരുവി തുടങ്ങിയവ ഉദാഹരണം.
വടകര താലൂക്കിൽത്തന്നെ ഏറ്റവുംകൂടുതൽ നെൽവയലുള്ളത് ചെരണ്ടത്തൂർ ചിറയിലാണ്. ഏതാണ്ട് 300 ഏക്കർ സ്ഥലത്ത് നെൽക്കൃഷിയുണ്ട്. അത്രതന്നെ സ്ഥലം തരിശാണ്.
Published: 22 Sept 2026, 03:39 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented