ഉത്തരവാദപ്പെട്ടവർ എത്തിയില്ല; നാട്ടുകാർ ദേശീയപാത തടഞ്ഞു
ഒഞ്ചിയം : ദേശീയപാതാ നവീകരണത്തിന്റെ ഭാഗമായി സംരക്ഷണഭിത്തി നിർമാണം നടക്കുന്ന മുക്കാളിയിൽ വീണ്ടും ശക്തമായ മണ്ണിടിച്ചിൽ. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം. സംരക്ഷണഭിത്തി നിർമാണത്തിനായി ജോലിചെയ്യുന്ന തൊഴിലാളികൾ ഭക്ഷണംകഴിക്കുന്ന സമയമായതിനാൽ വൻദുരന്തം ഒഴിവായി. ഇവിടെ റോഡിനായി മണ്ണിടിച്ചതിനുശേഷം ഉണ്ടാകുന്ന അഞ്ചാമത്തെ മണ്ണിടിച്ചിലാണിത്. ഏകദേശം എൺപതു മീറ്ററോളം നീളത്തിൽ തിങ്കളാഴ്ച മണ്ണിടിച്ചിലുണ്ടായി. മൂന്നുവീടുകൾ ഇതോടെ തീർത്തും അപകടാവസ്ഥയിലായി. കൈതോകുന്നുമ്മൽ ദേവരാജന്റെ വീട്ടുമുറ്റംവരെ മണ്ണിടിഞ്ഞു. ഇനി മണ്ണിടിച്ചിലുണ്ടായാൽ വീട് തകരുന്ന സാഹചര്യമാണ്. വടക്കേ പുനത്തിൽ അഭിലാഷിന്റെയും പുനത്തിൽ സനിലിന്റെയും വീടുകളും അപകടഭീഷണിയിലായി. നേരത്തേ മണ്ണിടിച്ചിലിനെ തുടർന്ന് മൂന്ന് കുടുംബങ്ങളെ ഇവിടെനിന്ന് മാറ്റിപ്പാർപ്പിച്ചിരുന്നു.
സംഭവം നടന്ന് രണ്ടുമണിക്കൂർ കഴിഞ്ഞിട്ടും ദുരന്തനിവാരണച്ചുമതല വഹിക്കുന്നവരോ എൻ.എച്ച്.എ.ഐ. അധികൃതരോ സ്ഥലത്തെത്താത്തത് നാട്ടുകാരെ ക്ഷുഭിതരാക്കി. മണ്ണിനടിയിൽ ആരും ഇല്ലെന്ന് ഉറപ്പിച്ചുപറയാൻ സ്ഥലത്ത് ഉത്തരവാദപ്പെട്ടവർ ഇല്ലായിരുന്നു. തൊഴിലാളികൾ വലിയ അപകടത്തിൽനിന്ന് രക്ഷപ്പെട്ടതിന് അവരുടെ ക്യാമ്പുകളിലേക്ക് മടങ്ങിയിരുന്നു. മുൻപുണ്ടായ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട് ജനപ്രതിനിധികൾക്ക് കൊടുത്ത വാക്കുപാലിക്കാത്തത് ജനങ്ങളെ കൂടുതൽ ക്ഷുഭിതരാക്കി.
ഇതോടെ പത്തുമിനിറ്റോളം ദേശീയപാത ജനങ്ങൾ ഉപരോധിച്ചു. ചോമ്പാല എസ്.ഐ. ജെയ്‌മോൻ ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച പ്രശ്നങ്ങൾ പരിഹരിക്കാൻ ചർച്ചയ്ക്കുള്ള വേദിയൊരുക്കാം എന്ന ഉറപ്പിലാണ് നാട്ടുകാർ പിരിഞ്ഞുപോയത്. ഒഞ്ചിയം പഞ്ചായത്ത് പ്രസിഡൻറ് ഷജിന കൊടക്കാട്ട്, അഴിയൂർ പഞ്ചായത്ത് പ്രസിഡൻറ് കെ. ലീല, അനിത പിലാക്കണ്ടി, പി. ശ്രീജിത്ത്, നിരോഷ ധനേഷ്, പി.കെ. പ്രകാശൻ, പ്രഭുദാസ്, ഷംസീർ ചോമ്പാല, ആനിക്ക സുരേഷ് തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വംനൽകി.
നേരത്തേ ഇവിടെ നിർമിച്ച സോയിൽ നെയിലിങ് ഭിത്തി രണ്ടുവർഷംമുൻപ് തകർന്നതിനെ തുടർന്ന് ഇവിടെ കോൺക്രീറ്റ് ഭിത്തി നിർമാണം നടക്കുന്നുണ്ട്. ഒരുവശത്ത് ഭിത്തിയായി. മണ്ണിടിഞ്ഞ സ്ഥലത്താണ് ഇപ്പോൾ ഭിത്തിനിർമാണം നടക്കുന്നത്. ഇതിനിടെ മൂന്നുതവണ ഇവിടെ മണ്ണിടിച്ചിലുണ്ടായി.
Published: 22 Sept 2026, 03:40 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented