ഉദ്ഘാടനംചെയ്ത് ഒരുവർഷം: മരക്കാട്ടുപുറത്തെ പകൽവീട് അടഞ്ഞുതന്നെ
തിരുവമ്പാടി : വയോജനങ്ങൾക്ക് ഒറ്റപ്പെടലിന്റെ വിരസതകളിൽനിന്ന് മാറി മാനസികോല്ലാസത്തോടെ സമയം ചെലവഴിക്കാനായി ഗ്രാമപ്പഞ്ചായത്ത് മരക്കാട്ടുപുറത്ത് പണിത പകൽവീട് ഉദ്ഘാടനംചെയ്ത് ഒരുവർഷം പിന്നിട്ടിട്ടും അടഞ്ഞുതന്നെ. ആളനക്കമില്ലതായതോടെ പരിസരമാകെ കാടുകയറിയിരിക്കുകയാണ്.
കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് 2025 സെപ്റ്റംബർ രണ്ടിന് അന്നത്തെ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൻ ആണ് പദ്ധതി ഉദ്ഘാടനംചെയ്യുന്നത്. കുടിവെള്ളമൊഴികെയുള്ള സൗകര്യങ്ങൾ ഒരുക്കിരുന്നെങ്കിലും പദ്ധതി പ്രവർത്തിപ്പിക്കാനാവശ്യമായ തുടർനടപടികളുണ്ടായില്ല. വയോജനങ്ങളെ പരിചരിക്കാനായി ജീവനക്കാരെ നിയമിക്കൽ, ആവശ്യമായ ഭക്ഷണമൊരുക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങൾ ബാക്കിനിൽക്കുന്നു.
വയോജന ക്ലബ്ബ് പോലും രൂപവത്കരിച്ചിട്ടില്ല. പകൽവീട് പ്രവർത്തിക്കാനാവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാതെ തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ ധൃതിപിടിച്ച് ഉദ്ഘാടനംചെയ്യുകയാണുണ്ടായതെന്ന് ആക്ഷേപമുണ്ട്.
പുതിയ ഭരണസമിതി നിലവിൽവന്ന് അംഗങ്ങൾ മാറി ഒരുവർഷമാകാറായിട്ടും പദ്ധതി പ്രവർത്തിപ്പിക്കാനാവശ്യമായ ഒരു നടപടിയുമുണ്ടായിട്ടില്ല.
2018-19 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി 6,94,435 രൂപ ജനറൽഫണ്ട് ഉപയോഗിച്ചാണ് പകൽവീടിന്റെ നിർമാണം പൂർത്തീകരിച്ചത്. തുടർന്ന് ഇലക്‌ട്രിഫിക്കേഷനായി 94,972 രൂപകൂടി അനുവദിച്ചിരുന്നു.
കെട്ടിടപരിസരം കാടുകയറിയതോടെ ഇഴജന്തുക്കളുടെ ഭീഷണിയിലാണ് സമീപത്തെ അങ്കണവാടി കുട്ടികളെന്ന് സി.പി.എം. തിരുവമ്പാടി വെസ്റ്റ് ലോക്കൽ കമ്മിറ്റി ആരോപിച്ചു. സെക്രട്ടറി സി. ഗണേഷ് ബാബു അധ്യക്ഷതവഹിച്ചു.
പകൽവീടിന്റെ നടത്തിപ്പ് ആർക്ക് ?
പകൽവീടിന്റെ നടത്തിപ്പ് സംബന്ധിച്ച് ആരോപണ, പ്രത്യോരോപണമുന്നയിക്കുകയാണ് പഞ്ചായത്ത് ഭരണമുന്നണിയും പ്രതിപക്ഷ മുന്നണിയും. പി.ടി. അഗസ്റ്റിൻ പ്രസിഡന്റായിരുന്ന മുൻ ഇടതുഭരണസമിതിയുടെ ഭരണകാലത്താണ് ഈ പദ്ധതി കൊണ്ടുവന്നതെന്നും പഞ്ചായത്ത്തലത്തിലെ ഏക പദ്ധതിയെന്ന നിലയിൽ ഗ്രാമപ്പഞ്ചായത്ത് നേരിട്ടാണ് നടത്തിപ്പുകാര്യങ്ങൾ നിയന്ത്രിക്കേണ്ടതെന്നുമാണ് വാർഡ് മെമ്പർ സ്മിതാ ബാബു പറയുന്നത്. പകൽവീട് പ്രവർത്തിപ്പിക്കാനാവശ്യമായ ഒരു തുടർനടപടികളും പഞ്ചായത്ത് അധികൃതരുടെ ഭാഗത്തുനിന്നുമുണ്ടാകുന്നില്ലെന്നും ഇവർ പറയുന്നു. കെട്ടിടം നിർമാണം പൂർത്തിയായി രണ്ടുവർഷം പിന്നിട്ടിട്ടും പദ്ധതി ഉദ്ഘാടനംചെയ്തിരുന്നില്ല. അതിനുകാരണമായും അന്നത്തെ വാർഡ് മെമ്പർ കെ.എം. മുഹമ്മദലിയുടെയും പ്രതികരണം ഇങ്ങനെതന്നെയായിരുന്നു. അതേസമയം പകൽവീട് പദ്ധതിയുടെ ഉത്തരവാദിത്വം അതത് വാർഡ് മെമ്പർമാരിൽ നിക്ഷിപ്തമാണെന്നാണ് അന്നത്തെയും ഇന്നത്തെയും പ്രസിഡന്റുമാരുടെ പ്രതികരണം. പ്രാദേശികസമിതി രൂപവത്കരിച്ച് പദ്ധതി പ്രവർത്തിപ്പിക്കാനാവശ്യമായ നടപടികൾക്ക് മുൻകൈയെടുക്കേണ്ടത് വാർഡ് മെമ്പറാണെന്ന് ഗ്രാമപ്പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷയും മുൻ പ്രസിഡന്റുമായ ബിന്ദു ജോൺസൺ പറയുന്നു. പകൽവീടിന്റെ പ്രവർത്തനം സംബന്ധിച്ച് വാർഡ്മെമ്പർ ഇതുവരെ ഒരുവിവരും തന്നെ അറിയിച്ചിട്ടില്ലെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് പറയുന്നു. വാർഡ്തല പദ്ധതാണിതെന്നും നടത്തിപ്പുചുമതല വാർഡ് മെമ്പർമാർക്കാണെന്നും പുല്ലൂരാംപാറ, പുന്നക്കൽ വാർഡുകളിൽ പകൽവീട് തുടങ്ങാനായി വാർഷികപദ്ധതിയിൽ തുക അനുവദിച്ചതായും പ്രസിഡന്റ് അറിയിച്ചു.
Published: 02 Oct 2026, 03:38 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented