മേലാറ്റൂർ : സ്‌കൂളുകൾക്കു മുൻപിലെ റോഡിൽ ഒടുവിൽ സീബ്രാവരകൾ തെളിഞ്ഞു. കഴിഞ്ഞദിവസമാണ് സീബ്രാവരകൾ പുതുക്കിവരച്ചത്. മേലാറ്റൂർ-കരുവാരക്കുണ്ട് മലയോരപാതയിലെ മേലാറ്റൂർ ആർ.എം. ഹയർസെക്കൻഡറി സ്‌കൂളിനു മുൻപിലും എ.എൽ.പി. സ്‌കൂളിനു മുൻപിലുമാണ് സീബ്രാവരകൾ പുതുക്കിവരച്ചത്.
വർഷങ്ങളായി ഇവ പൂർണമായും മാഞ്ഞുകിടക്കുകയായിരുന്നു. നാലായിരത്തിലേറെ കുട്ടികൾ പഠിക്കുന്ന വിദ്യാഭ്യാസസ്ഥാപനങ്ങൾക്കു മുൻപിലെ റോഡിൽ ഒരിടത്തും സീബ്രാവരകൾ ഇല്ലാത്തത് കാൽനടക്കാരായ വിദ്യാർഥികൾക്ക് വലിയ ബുദ്ധിമുട്ടാണുണ്ടാക്കിയിരുന്നത്.
ഇടതടവില്ലാതെ വാഹനങ്ങൾ കടന്നുപോകുന്ന റോഡായതിനാൽ സ്‌കൂളിലേക്കു വരുമ്പോഴും തിരികെ പോകുമ്പോഴും റോഡ് മുറിച്ചുകടക്കണമെങ്കിൽ വലിയ വെല്ലുവിളിയാണ് വിദ്യാർഥികൾ നേരിട്ടിരുന്നത്. വർഷങ്ങളായി വിദ്യാർഥികൾ അനുഭവിക്കുന്ന ഈ പ്രയാസത്തിന് പരിഹാരം കാണണമെന്ന് സ്‌കൂൾ അധികൃതർ ബന്ധപ്പെട്ട വകുപ്പിനോട് പലതവണ ആവശ്യപ്പെട്ടിരുന്നു.
എന്നിട്ടും നടപടികൾ ഇഴയുകയായിരുന്നു. അശ്രദ്ധമായും അമിതവേഗത്തിലും വരുന്ന വാഹനങ്ങൾ ഇടിച്ച് പലപ്പോഴും അപകടങ്ങൾ സംഭവിക്കുന്ന പാതകൂടിയാണിത്. അതുകൊണ്ടുതന്നെ റോഡിനുകുറുകെ സീബ്രാവരകൾ വേണമെന്ന ആവശ്യത്തിന് ഏറെ പ്രാധാന്യവുമുണ്ടായിരുന്നു.
ഏറെ കാത്തിരിപ്പിനൊടുവിൽ റോഡിൽ സീബ്രാവരകൾ തെളിഞ്ഞതോടെ സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാൻ കഴിയുമല്ലോ എന്ന ആശ്വാസത്തിലാണ് വിദ്യാർഥികൾ ഉൾപ്പെടെയുള്ള കാൽനടക്കാർ. സ്‌കൂളുകൾക്കു മുൻപിലെ റോഡിൽ സീബ്രാവരകൾ മാഞ്ഞതിനെക്കുറിച്ചും അത് പുതുക്കിവരക്കേണ്ട ആവശ്യകതയെക്കുറിച്ചും മാതൃഭൂമി വാർത്ത നൽകിയിരുന്നു.
Published: 10 Oct 2026, 03:39 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented