തൊട്ടിൽപ്പാലം-കുണ്ടത്തോട് റോഡ് നവീകരണം
തൊട്ടിൽപ്പാലം : തൊട്ടിൽപ്പാലം-കുണ്ടത്തോട് റോഡ് നവീകരണ പ്രവൃത്തിയിൽ സ്വകാര്യവ്യക്തിയെ സംരക്ഷിക്കുന്നതിനായി റോഡിന്റെ വീതി കുറയ്ക്കുന്നതായി ആരോപണം. ടൗണിനോട് ചേർന്ന ഭാഗത്ത് റോഡ് നിർമാണത്തിന്റെ രീതിയിൽ മാറ്റം വരുത്തിയതായാണ് നാട്ടുകാരുടെയും യു.ഡി.എഫ്. നേതാക്കളുടെയും ആരോപണം. പത്ത് മീറ്റർ വീതിയിലാണ് നിലവിൽ തൊട്ടിൽപ്പാലം-കുണ്ടത്തോട് റോഡ് നവീകരണപ്രവൃത്തികൾ നടക്കുന്നത്. എന്നാൽ ടൗണിനോട് അടുക്കുന്ന ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലവും കടയുടെ മുൻഭാഗവും സംരക്ഷിക്കുന്ന തരത്തിൽ റോഡിന്റെ വീതി കുറയ്ക്കാൻ നീക്കം നടക്കുന്നതായാണ് ആരോപണം.
കഴിഞ്ഞദിവസം സ്വകാര്യവ്യക്തിയുടെ കടയുടെ മുൻഭാഗം സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് ബി.ജെ.പി. പ്രവർത്തകർ പ്രതിഷേധപ്രകടനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് യു.ഡി.എഫും വിഷയത്തിൽ രംഗത്തെത്തിയത്. തൊട്ടിൽപ്പാലം പാലം മുതൽ കുണ്ടത്തോട് ഭാഗത്തേക്കുള്ള ഏകദേശം നൂറ് മീറ്റർ റോഡ് നേരത്തേ തന്നെ 14 മീറ്റർ വീതിയിൽ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തതാണെന്ന് യു.ഡി.എഫ്. നേതാക്കൾ പറഞ്ഞു. ഇതിനായി ഭൂമി പൊന്നുംവില നൽകി ഏറ്റെടുത്തതാണ്.
എന്നാൽ ഈ ഭാഗത്ത് സ്വകാര്യ വ്യക്തിയെ സംരക്ഷിക്കുന്ന തരത്തിലാണ് കാനയുടെ നിർമാണം ഉൾപ്പെടെയുള്ള പ്രവൃത്തികൾ നടക്കുന്നതെന്നും നേതാക്കൾ ആരോപിച്ചു. റോഡ് പരിഷ്കരണത്തിന്റെ ഭാഗമായി മറ്റു ഭാഗങ്ങളിൽ കൈയ്യാലകൾ പൊളിച്ചും കടവരാന്തകൾ നീക്കം ചെയ്തും നിർമാണം മുന്നോട്ടുപോകുമ്പോൾ ടൗണിനോട് ചേർന്ന ഭാഗത്ത് മാത്രം വ്യത്യസ്ത രീതിയിലാണ് പ്രവൃത്തി നടക്കുന്നതെന്ന് നാട്ടുകാരും പറഞ്ഞു. സ്ഥലത്തെത്തുന്ന ഏതൊരാൾക്കും ഇക്കാര്യം നേരിട്ട് മനസ്സിലാക്കാൻ കഴിയുമെന്നും അവർ പറഞ്ഞു. റോഡിന്റെ വീതി കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും റോഡിനായി ഏറ്റെടുത്ത സ്ഥലത്തിന്റെ അതിർത്തി കൃത്യമായി പരിശോധിച്ച് നിർമാണം നടത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Published: 30 Sept 2026, 03:39 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented