കോഴിക്കോട് : കുറ്റിച്ചിറ ഉപതിരഞ്ഞെടുപ്പിൽ 54.38 ശതമാനം വോട്ട് രേഖപ്പെടുത്തി. കഴിഞ്ഞ തിരഞ്ഞെടുപ്പിനെക്കാൾ കുറവാണിത്. കഴിഞ്ഞതവണ 58 ശതമാനമായിരുന്നു പോളിങ്.

To advertise here,

ഫാത്തിമ തഹിലിയ പേരാമ്പ്രയിലെ എം.എൽ.എ.യായതോടെയാണ് കുറ്റിച്ചിറയിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. എൽ.ഡി.എഫിലെ ടി.ടി. ജംഷീന, യു.ഡി.എഫിലെ ഫർസീന അറയ്ക്കൽ, എൻ.ഡി.എ.യിലെ കെ. ജീജ എന്നിവരായിരുന്നു മുന്നണി സ്ഥാനാർഥികൾ. ഇതിനുപുറമേ രണ്ട് സ്ഥാനാർഥികൾ കൂടിയുണ്ടായി.

കുറ്റിച്ചിറ ജി.വി.എച്ച്.എസ്.എസ്., പരപ്പിൽ എം.എം. സ്‌കൂൾ, സെയ്ന്റ് ജോസഫ്‌സ് ബോയ്‌സ് സ്‌കൂൾ എന്നിവിടങ്ങളിലായാണ് എട്ട് ബൂത്തുകൾ ക്രമീകരിച്ചത്. എവിടെയും കാര്യമായ തിരക്ക് അനുഭവപ്പെട്ടിരുന്നില്ല.

കുറ്റിച്ചിറയിൽ ഇത്തവണ 9712 വോട്ടർമാരുണ്ടെന്നാണ് കണക്ക്. 5281 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. കഴിഞ്ഞതവണ 5603 പേർ വോട്ടുചെയ്തിരുന്നു. തഹിലിയ 2273 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്.

ലീഗ് - 3740, ഐ.എൻ.എൽ.- 1467, ബി.ജെ.പി. - 274, സ്വതന്ത്ര- 122 എന്നിങ്ങനെയാണ് അന്ന് വോട്ടുനേടിയത്.

ആവേശം അവസാനനിമിഷം

രാവിലെ ഏഴുമുതൽ വൈകീട്ട് ആറ്ുവരെയായിരുന്നു വോട്ടെടുപ്പ്. മൂന്നുകേന്ദ്രങ്ങളിലും അവസാന മണിക്കൂറുകളിലും വോട്ടർമാരെത്തി. കുറ്റിച്ചിറയിൽ രണ്ടോ മൂന്നോ മിനിറ്റുമാത്രം ശേഷിക്കെ ചില വോട്ടർമാർ ഓടിയെത്തുന്നത് കാണാമായിരുന്നു. ആറിന് ഗേറ്റടച്ചതോടെ നേതാക്കളും പ്രവർത്തകരുമെല്ലാം ഗേറ്റിന് വെളിയിൽ തടിച്ചുകൂടി.

എൽ.ഡി.എഫ് - യു.ഡി.എഫ്. പ്രവർത്തകർ വോട്ടർമാർക്ക് അഭിവാദ്യമർപ്പിച്ച് മുദ്രാവാക്യങ്ങളുമായി ഒത്തുചേർന്നു. നേർക്കുനേർനിന്ന് മുദ്രാവാക്യംവിളി തുടങ്ങിയപ്പോൾ പോലീസ് ഇടപെട്ടു. തുടർന്ന് പ്രവർത്തകർ പിരിഞ്ഞുപോയി.

വോട്ടെണ്ണൽ ഇടിയങ്ങരയിൽ

വോട്ടെണ്ണൽ ചൊവ്വാഴ്ച രാവിലെ 10 മുതൽ തുടങ്ങും. ഇടിയങ്ങര ഹെൽത്ത് സെന്ററിലാണ് സൗകര്യമൊരുക്കിയത്. ഒരു മണിക്കൂറിനുള്ളിൽ ഫലപ്രഖ്യാപനമാകുമെന്നാണ് കണക്കാക്കുന്നത്.