കോഴിക്കോട് : ജനാധിപത്യത്തെ കൊന്നുകളഞ്ഞ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജ്യദ്രോഹികളുടെ പട്ടികയിൽ മുന്നിലാണെന്ന് ഷാഫി പറമ്പിൽ എം.പി. അദ്ദേഹത്തിനെതിരേ കൊലക്കുറ്റത്തിന് കേസെടുക്കേണ്ടതാണെന്നും ഒരുനിമിഷംപോലും പദവിയിൽ തുടരാൻ അർഹതയില്ലെന്നും എം.പി. പറഞ്ഞു. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റി ആദായനികുതി ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധക്കൂട്ടായ്മ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

To advertise here,

ഗാന്ധിജിയെ വധിച്ച ഗോഡ്‌സേ ഏറ്റവുംവലിയ രാജ്യദ്രോഹിയാണ്. അത്തരത്തിലുള്ള രാജ്യദ്രോഹികളുടെ പട്ടികയിൽ മുന്നിലാണ് ഗ്യാനേഷ് കുമാർ. ജനാധിപത്യത്തെ വേരോടെ പിഴുതെറിഞ്ഞത് ഗ്യാനേഷാണെങ്കിൽ അത് ചെയ്യിപ്പിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത്ഷായുമാണ്. 2029-ലെ തിരഞ്ഞെടുപ്പ് തോൽവി മുൻകൂട്ടിക്കണ്ടാണ് ലക്ഷക്കണക്കിന് വോട്ടർമാരെ ഒഴിവാക്കിയത്. മഹാരാഷ്ട്രയിലും ഹരിയാണയിലുമെല്ലാം അതാണ് കണ്ടത്. രാഹുൽഗാന്ധി വോട്ട് ചോരിയെന്ന് പറഞ്ഞപ്പോൾ പരിഹസിച്ചു. ഇപ്പോൾ അക്കാര്യം നാട് തിരിച്ചറിഞ്ഞു -ഷാഫി പറമ്പിൽ പറഞ്ഞു.

ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീൺകുമാർ എം.എൽ.എ. അധ്യക്ഷനായി. കെ. ജയന്ത് എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തി. കെ.എം. അഭിജിത്ത് എം.എൽ.എ., നേതാക്കളായ പി.എം. നിയാസ്, എൻ. സുബ്രഹ്‌മണ്യൻ, കെ.സി. അബു, ദിനേശ് പെരുമണ്ണ, ചോലക്കൽ രാജേന്ദ്രൻ, പി.എം. അബ്ദുറഹിമാൻ തുടങ്ങിയവർ സംസാരിച്ചു.