ഒക്ടോബർ രണ്ടിന് ട്രാഫിക് റെഗുലേറ്ററി യോഗം ചേരും
കോട്ടയ്ക്കൽ : നഗരത്തിലെ ഗതാഗതക്കുരുക്കഴിക്കാൻ പോലീസ്‘യു’ടേണുകൾ അടച്ചതിൽ പ്രതിഷേധം ശക്തമായി.
ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ തീരുമാനപ്രകാരം ശനിയാഴ്ച രാത്രി കോട്ടയ്ക്കൽ പോലീസ് എടരിക്കോട് മുതൽ ചങ്കുവെട്ടിവരെയുള്ള എട്ട് ‘യു’ടേണുകൾ അടച്ചിരുന്നു. എന്നാൽ സി.പി.എം. ലോക്കൽ കമ്മിറ്റി, ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ തുടങ്ങിയ സംഘടനകൾ പ്രതിഷേധം ശക്തമാക്കിയതിനെത്തുടർന്ന് രണ്ടിടത്ത് തുറന്നുകൊടുത്തു. ചങ്കുവെട്ടി ആലിക്കുട്ടീസ് ആശുപത്രിക്കുമുൻപിലും എടരിക്കോട് നന്തിലത്ത് ജി മാർട്ടിനു മുൻപിലുമാണ് തുറന്നത്.
ഏഴ് യു ടേണുകൾ പൂർണമായും പുതുപ്പറമ്പ് ഭാഗത്തേക്കുള്ള‘യു’ടേൺ ഭാഗികമായുമാണ് പോലീസ് അടച്ചിരുന്നത്.
ബസുകൾക്കും ആംബുലൻസ് അടക്കമുള്ള അടിയന്തര സർവീസ് വാഹനങ്ങൾക്കും പ്രവേശനം അനുവദിച്ച് രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെയാണ് ഇവിടെ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയത്. ഞായറാഴ്ച രാത്രിതന്നെ ആയുർവേദ കോളേജിനുമുൻപിൽ പുതുപ്പറമ്പ് ഭാഗത്തേക്കും ചങ്കുവെട്ടിക്കു സമീപം മൈത്രി റേഡിലേക്കുമുള്ള ‘യു’ടേണുകൾ അടച്ചത് സി.പി.എം. ലോക്കൽ കമ്മിറ്റി അംഗങ്ങൾ പൊളിച്ചുമാറ്റിയിരുന്നു. വിഷയത്തിൽ ആറുപേർക്കെതിരേയും പുതുപ്പറമ്പ് ഭാഗത്ത് ‘യു’ടേണിൽ സ്ഥാപിച്ച ട്രാഫിക് കോണുകൾ ഇടിച്ചുതെറിപ്പിച്ച വാഹന ഉടമയ്ക്കെതിരേയും കോട്ടയ്ക്കൽ പോലീസ് കേസെടുത്തു.
നാട്ടുകാരോട് അഭിപ്രായം തേടിയാണ് ‘യു’ടേണുകൾ അടച്ചതെന്നും നഗരത്തിലെ കുരുക്കൊഴിവാക്കാൻ പരീക്ഷണാടിസ്ഥാനത്തിലുള്ള നടപടി മാത്രമാണ് ഇതെന്നും കോട്ടയ്ക്കൽ എസ.എച്ച്.ഒ.യും ട്രാഫിക് റെഗുലേറ്ററി കൺവീനറുമായ ബിൻഷാദ് അലി പറഞ്ഞു.
നടപടിയെത്തുടർന്ന് നഗരത്തിലെ കുരുക്കിന് കുറവുണ്ട്. നടപടിയിലുണ്ടായ പ്രതിഷേധം കണക്കിലെടുത്ത് രാഷ്ട്രീയപ്പാർട്ടി പ്രതിനിധികളെയും യൂണിയനുകളെയും പൊതുജനങ്ങളെയും ഉൾപ്പെടുത്തി ഒക്ടോബർ രണ്ടിന് ട്രാഫിക് റെഗുലേറ്ററി യോഗംചേരും.
കൂടുതൽ കാര്യക്ഷമമായി നഗരത്തിലെ ഗതാഗതം നിയന്ത്രിക്കുന്നതിന് 15-മുതൽ 25-ഓളം പേരെ അടിയന്തിരമായി നിയമിക്കുമെന്നും ഇതിനായി ആളുകളെ കണ്ടെത്തി പ്രത്യേകം പരിശീലനം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
നടപടി അശാസ്ത്രീയം -സി.പി.എം.
തികച്ചും അശാസ്ത്രീയമായുള്ള ഗതാതപരിഷ്കാരമാണ് പോലീസിൻെയും നഗരസഭയുടെയും ഭാഗത്തുനിന്ന് ഉണ്ടായതെന്നും ട്രേഡ് യൂണിയനുകളും രാഷ്ട്രീയപ്പാർട്ടികളും പൊതുജനങ്ങളും ഉൾപ്പെടുന്ന ട്രാഫിക് അഡ്വെെസറി കമ്മിറ്റിയുമായി കൂടിയാലോചിക്കാതെയാണ് ‘യു’ടേണുകൾ അടച്ചതെന്നും സി.പി.എം. കോട്ടയ്ക്കൽ ലോക്കൽ കമ്മിറ്റി കുറ്റപ്പെടുത്തി.
ആയുർവേദ കോളേജിനു മുൻപിലുള്ള‘യു’ടേൺ അടച്ചത് ഇവിടേക്കെത്തുന്ന രോഗികൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
യുടേൺ അടയ്ക്കുന്നതിന് പകരം ട്രാഫിക് വാർഡൻമാരെ നിയമിച്ചാൽ പ്രശ്നത്തിന് പരിഹാരമാകുമെന്നും വിഷയത്തിൽ അനുകൂല നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകുമെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു.
Published: 30 Sept 2026, 03:31 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented