കരുളായി : ഉൾവനത്തിലെ ഗർഭിണിയായ ചോലനായ്ക്ക യുവതിയെ ആരോഗ്യപ്രവർത്തകർ മലയിറക്കികൊണ്ടുവന്നു. പൂച്ചപ്പാറ നഗറിലെ കൃഷ്ണന്റെ ഭാര്യ അഞ്ജലിയെയാണ് കരുളായി കുടുംബാരോഗ്യകേന്ദ്രത്തിലെ ആരോഗ്യപ്രവർത്തകർ മലയിറക്കി ചുങ്കത്തറ സർക്കാർ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ട്രൈബൽ ഷെൽട്ടർ ഹോമിൽ പ്രവേശിപ്പിച്ചത്. ആവശ്യമായ ചികിത്സ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ട്രൈബൽ, വനം വകുപ്പുകളുടെ സഹകരണത്തോടെയാണ് നടപടി.

To advertise here,

സ്കാനിങ് പ്രകാരം നവംബറിൽ പ്രസവം നടക്കേണ്ട അഞ്ജലിക്ക് ആദ്യതവണ നൽകേണ്ട സേവനങ്ങളെല്ലാം നൽകിയിരുന്നു. പിന്നീട് സേവനത്തിനായി പലതവണ ബന്ധപ്പെട്ടെങ്കിലും ഓരോരോ കാരണങ്ങൾ പറഞ്ഞ് ഇവർ ഒഴിഞ്ഞുമാറുകയായിരുന്നു.

ഇതേത്തുടർന്ന് കഴിഞ്ഞദിവസം മെഡിക്കൽ ഓഫീസർ ഡോ. ടി.പി. റഷീനയുടെ അധ്യക്ഷതയിൽ കുടുംബാരോഗ്യകേന്ദ്രത്തിൽ ചേർന്ന യോഗത്തിൽ നഗറിൽ നേരിട്ടെത്തി അഞ്ജലിയെ തുടർചികിത്സയ്ക്കായി എത്തിക്കാൻ തീരുമാനിച്ചു.

ഇതിനായി ടി.ഇ.ഒ. പ്രീത, കരുളായി റെയ്‌ഞ്ച് ഓഫീസർ പി.കെ. മുജീബ് റഹ്‌മാൻ എന്നിവരുമായി ബന്ധപ്പെടുകയും അവരുടെ സഹകരണത്തോടെ മെഡിക്കൽ ഓഫീസർ ഡോ. ടി.പി. റഷീനയുടെ നേതൃത്വത്തിൽ ഹെൽത്ത് ഇൻസ്‌പെക്ടർ കെ. സുജിത്‌കുമാർ, ആരോഗ്യപ്രവർത്തകരായ ഗീതു ലക്ഷ്മി, ഇന്ദു, പി.പി. സന്തോഷ്‌കുമാർ എന്നിവരടങ്ങുന്ന സംഘം ചൊവ്വാഴ്ച കണ്ണിക്കൈയിലെത്തി അവരെ പരിശോധിച്ചു. തുടർന്ന് ചുങ്കത്തറ സർക്കാർ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ട്രൈബൽ ഷെൽട്ടർ ഹോമിലേക്ക് കൊണ്ടുവരികയുമായിരുന്നു. ഇതിനുമുൻപ് പലതവണ ചോലനായ്ക്ക യുവതികൾ പ്രസവസമയമാകുമ്പോൾ കാട്ടിലേക്കു പോകുകയും അവിടെ പ്രസവം നടത്തുകയും ചെയ്തിട്ടുണ്ട്. പ്രസവശേഷം അമ്മയെയും കുഞ്ഞിനെയും കാട്ടിൽനിന്നു കൊണ്ടുവരികയും ചെയ്തിട്ടുണ്ട്.