തൂണുകൾ നിർമിച്ച് സ്പാനുകൾ സ്ഥാപിച്ചു

To advertise here,

പെരുവണ്ണാമൂഴി : പന്നിക്കോട്ടൂർ ഭാഗത്ത് കുറ്റ്യാടിപ്പുഴയ്ക്ക് കുറുകേ നിർമിക്കുന്ന തിമിരിപ്പാലം നിർമാണം അവസാനഘട്ടത്തിലേക്ക്. 75.7 മീറ്റർ നീളത്തിലും 11 മീറ്റർ വീതിയിലും നിർമിക്കുന്ന പാലത്തിന്റെ നാല് തൂണുകളുടെ നിർമാണം പൂർത്തീകരിച്ച് അതിനുമുകളിൽ മൂന്ന് സ്പാനുകളും സ്ഥാപിച്ചു.

26 മീറ്റർ നീളമുള്ള ഒരു സ്പാനും 24.85 മീറ്റർ നീളമുള്ള രണ്ട് സ്പാനുമാണുള്ളത്. ഇരുവശത്തും കൈവരികളുടെ നിർമാണമാണ് ഇപ്പോൾ നടക്കുന്നത്. അപ്രോച്ച് റോഡിന്റെ നിർമാണമാണ് ഇനി പൂർത്തിയാകാനുള്ളത്.

8.44 കോടിരൂപ ചെലവിലാണ് പാലം നിർമാണം. 2023 ജനുവരി 29-ന് പൊതുമരാമത്തുവകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസായിരുന്നു ശിലാസ്ഥാപനം നിർവഹിച്ചത്. ഒന്നരവർഷംകൊണ്ട് പൂർത്തീകരിക്കാനായിരുന്നു കരാർ. പ്രവൃത്തി ഇഴഞ്ഞ് നീങ്ങിയതോടെ കരാർ കാലാവധി പിന്നിട്ടിട്ട് ഏറെക്കാലമായി.

പ്രദേശത്ത് നിലവിലുള്ള വീതികുറഞ്ഞ പാലത്തിന് 150 മീറ്ററോളം മാറി പന്നിക്കോട്ടൂർ ഹെൽത്ത് സെന്ററിന് സമീപ ഭാഗത്താണ് പുതിയപാലം വരുന്നത്. 7.50 മീറ്റർ വീതിയിൽ പാലത്തിൽ റോഡുണ്ടാകും. ഇരുവശത്തും 1.50 മീറ്റർ നടപ്പാതയുമുണ്ട്. കരിങ്കൽ പാർശ്വഭിത്തിയോടുകൂടി ബി.എം ആൻഡ്‌ ബി.സി. നിലവാരത്തിൽ എട്ടുമീറ്റർ വീതിയിൽ അപ്രോച്ച് റോഡും രണ്ട് ഭാഗത്തും നിർമിക്കണം.

ഒരു ഭാഗത്ത് പന്നിക്കോട്ടൂർ ഭാഗത്തും മറുഭാഗത്ത് പറമ്പൽ മീൻതുള്ളിപ്പാറ ഭാഗത്തുമാണ് പുതിയപാലത്തിന്റെ അപ്രോച്ച് റോഡ് എത്തുക. മീൻതുള്ളിപ്പാറ ഭാഗത്ത് അപ്രോച്ച് റോഡ് നിർമാണം തുടങ്ങിയിട്ടുണ്ട്. അപ്രോച്ച് റോഡൊരുക്കാൻ വേണ്ടസ്ഥലം പ്രദേശവാസികൾ സൗജന്യമായി വിട്ടുനൽകിയതാണ്.

യാത്ര എളുപ്പമാകും

വർഷങ്ങൾക്കുമുമ്പ് നിർമിച്ച വീതികുറഞ്ഞ തിമിരിപ്പാലമാണ് പ്രദേശത്ത് നിലവിലുള്ളത്. ചെറിയവാഹനങ്ങൾക്ക് കഷ്ടിച്ച് കടന്നുപോകാനുള്ള സ്ഥലമേ ഈ പാലത്തിലുള്ളൂ. പുതിയപാലം നിർമിക്കുന്നതോടെ കടിയങ്ങാട്-പെരുവണ്ണാമൂഴി റോഡിൽ കൂവ്വപ്പൊയിലിൽനിന്ന് പന്നിക്കോട്ടൂർ വഴി ചെമ്പനോട റോഡിലേക്ക് വാഹനയാത്രക്ക് നല്ല വഴിയൊരുങ്ങും. പെരുവണ്ണാമൂഴി ടൗണിലെത്താതെതന്നെ ചെമ്പനോട റോഡിലേക്ക് ഇതുവഴി പോകാനാകും. വനമേഖലയുള്ള ഭാഗമില്ലാതെ ഇതുവഴി യാത്ര ചെയ്യാമെന്നതാണ് പ്രധാനഗുണം.

ഇതേ പാതയിലുള്ള മൂത്തേട്ട് പുഴയ്ക്ക്‌ കുറുകേയുള്ള പാലം 2019-ൽ നിർമാണം പൂർത്തിയാക്കിയതാണ്.

തിമിരിപ്പാലംകൂടി പൂർത്തിയായാൽ ഇതുവഴി നല്ലൊരു പാതയൊരുങ്ങും. 2020-2021-ലെ സംസ്ഥാന ബജറ്റിൽ പാലത്തിന് ആറുകോടി വകയിരുത്തുകയും അതിന്റെ 20 ശതമാനം തുകയായ 1.20 കോടിരൂപ അനുവദിക്കുകയും ചെയ്തിരുന്നു. 2021 അവസാനമാണ് 8.44 കോടി രൂപയുടെ ഭരണാനുമതി നൽകിയത്.