വടകര : ഒടുവിൽ വടകരയുടെ ഏറെക്കാലത്തെ ആവശ്യം യാഥാർഥ്യമാകുന്നു. വടകര ബൈപ്പാസിലെ സർവീസ് റോഡുകൾ മുഖംമിനുക്കിത്തുടങ്ങി. കണ്ണൂർ-കോഴിക്കോട് പാതയിൽ വടകര ആശ ആശുപത്രി പരിസരംമുതൽ പുതിയ സ്റ്റാൻഡ് പരിസരംവരെയുളള ഭാഗത്തെ റോഡിലാണ് ബി.എം. ആൻഡ് ബി.സി. ടാറിങ് പൂർത്തിയായത്. തത്കാലം ഓട്ടയടക്കുകയും മഴപെയ്യുമ്പോൾ കുഴിയാവുകയും ചെയ്യുന്ന സ്ഥിരം കലാപരിപാടി ഇതോടെ തീരുമെന്നാണ് പ്രതീക്ഷ. ബൈപ്പാസിലെ ഗതാഗതക്കുരുക്കിനും പരിഹാരമാകും.

To advertise here,

വ്യാഴം, വെള്ളി ദിവസങ്ങളിൽ വടകരയിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി ഒരുവശത്തെ സർവീസ് റോഡ് പ്രവൃത്തി നടത്താൻ തീരുമാനിച്ചെങ്കിലും മഴപെയ്തതോടെ പ്രവൃത്തി മുടങ്ങി. മഴ മാറിയതോടെ വീണ്ടും ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. തിങ്കളാഴ്ച രാവിലെമുതൽ പണി പുനരാരംഭിച്ചു. ടാറിങ് പൂർത്തിയായതോടെ റോഡ് മനോഹരമായിട്ടുണ്ട്.

പടിഞ്ഞാറുവശത്തെ റോഡും ബി.എം. ആൻഡ് ബി.സി. നിലവാരത്തിൽ ടാറിങ് ചെയ്യണം. ഇപ്പോൾ ഏർപ്പെടുത്തിയ ഗതാഗതനിയന്ത്രണം 30 വരെ തുടരുമെന്നാണ് പോലീസ് അറിയിച്ചത്. അതിനുള്ളിൽ മറുവശത്തെ പ്രവൃത്തിയും പൂർത്തിയാക്കാൻ ശ്രമിക്കുന്നുണ്ട്. ഇതോടെ ബൈപ്പാസ് യാത്ര സുഗമമാകും.

ദേശീയപാതാനവീകരണത്തിന്റെ ഭാഗമായി വടകരയിൽ ഉയരപ്പാതാനിർമാണം തുടങ്ങിയതുമുതൽ സർവീസ്റോഡിലെ യാത്ര നരകതുല്യമാണ്. പ്രത്യേകിച്ച് മഴക്കാലത്ത്. ഒറ്റമഴയിൽത്തന്നെ റോഡ് തകർന്ന് കുഴികൾ രൂപപ്പെടുന്നതാണ് പതിവ്. ഇതോടെ വാഹനങ്ങൾ ഇഴയും. ഓരോ മഴക്കാലത്തിനു മുൻപേയും വടകരയിലെ മോട്ടോർവാഹനത്തൊഴിലാളികളും വ്യാപാരികളും വിവിധ സംഘടനകളുമെല്ലാം ആവശ്യപ്പെടുന്നത് സർവീസ്റോഡ് നവീകരിക്കാനാണ്. എന്നാൽ, ഇതുവരെ അത് യാഥാർഥ്യമായിട്ടില്ല. ഇതേച്ചൊല്ലിയുണ്ടായ പ്രശ്നങ്ങൾക്ക് കണക്കില്ല.

വടകര ലിങ്ക് റോഡിലെ ബസ്‌സ്റ്റാൻഡ് മാറ്റമെല്ലാം മുടങ്ങിക്കിടക്കുന്നത് ഇതിന്റെ പേരിലാണ്. മൂന്നുദിവസം ബസ് സമരത്തിനും വടകര സാക്ഷ്യംവഹിച്ചു. സർവീസ് റോഡ് പ്രവൃത്തിയെത്തുടർന്ന് ഏർപ്പെടുത്തിയ ഗതാഗതനിയന്ത്രണം തിങ്കളാഴ്ചയും വടകരയെക്കുരുക്കി. കോഴിക്കോട് ഭാഗത്തുനിന്ന്‌ വരുന്ന വാഹനങ്ങൾ പഴയസ്റ്റാൻഡ് റോഡ് വഴിയാണ് കടത്തിവിട്ടത്. ഈ റോഡിലാണ് കുരുക്ക് രൂക്ഷമായത്. ഇത് ദേശീയപാതയിലേക്കും നീണ്ടു. പ്രധാന ജങ്ഷനുകളിൽ പോലീസുകാരെ നിർത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്,

ഉയരപ്പാത പൈലിങ് ഊർജിതം

അധികമായി അനുവദിച്ച ഉയരപ്പാതയുടെ പൈലിങ് വടകരയിൽ ഊർജിതമായിട്ടുണ്ട്. ഗൾഫാർ എൻജിനിയറിങ് കമ്പനിയാണ് പ്രവൃത്തിചെയ്യുന്നത്. നാരായണനഗരം ജങ്ഷനിൽ പൈലിങ് അവസാനഘട്ടത്തിലെത്തി. തൂൺനിർമാണവും ഗർഡർ നിർമാണവും നടക്കുന്നുണ്ട്.

അടയ്ക്കാത്തെരു ജങ്ഷനും ലിങ്ക്റോഡ് ജങ്ഷനും ഇടയിലുള്ള ഭാഗത്തും പെരുവാട്ടുംതാഴയിലും പൈലിങ് നടക്കുന്നുണ്ട്. ഗർഡറുകൾ സെറ്റാകുമ്പോഴേക്കും പൈൽക്യാപ് പ്രവൃത്തി ഉൾപ്പെടെ തീർക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.