പന്താവൂർ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി
എടപ്പാൾ : മൂന്നു കോടിയിൽപ്പരം രൂപ ചെലവഴിച്ചിട്ടും പന്താവൂർ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി കർഷകർക്ക് നൽകുന്നത് കണ്ണീർമാത്രം. സംസ്ഥാന പാതയോരത്ത് പന്താവൂർ പാലത്തിനടിയിലൂടെ ഒഴുകുന്ന തോട്ടിലൂടെയാണ് പാലക്കാട് ജില്ലയിലെ കപ്പൂർ, ആനക്കര മേഖലയിലെയും മലപ്പുറത്തെ കുറ്റിപ്പാല, കക്കിടിപ്പുറം മേഖലയിലെയുമെല്ലാം ജലം ഒഴുകി പൊന്നാനി കോൾപ്പാടത്തെത്തുന്നത്.
ഇത് ആവശ്യത്തിന് ശേഖരിക്കാനും കർഷകർക്കുപയോഗിക്കാനുമായാണ് ഇറിഗേഷൻ വകുപ്പ് പന്താവൂർ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി ആവിഷ്കരിച്ചതും ഇവിടെ പമ്പ്ഹൗസും മറ്റും നിർമിച്ചതും.
കാലക്രമത്തിൽ ഇതിന് വന്ന തകരാർ പരിഹരിക്കാൻ ഏതാനുംവർഷം മുൻപ് മൂന്നു കോടി രൂപ ചെലവഴിച്ച് നവീകരിച്ചു. എന്നാൽ ഷട്ടറടച്ച് വെള്ളം കെട്ടി നിർത്താമെന്നല്ലാതെ ആവശ്യത്തിനനുസരിച്ച് തുറന്നുവിടാനും ശേഖരിക്കാനുമുള്ള സംവിധാനമായില്ല.
തുറന്നാൽ വെള്ളമൊന്നാകെ ഒഴുകിപ്പോകും. അതായിരുന്നു പ്രശ്നം.
പി. ശ്രീരാമകൃഷ്ണൻ എം.എൽ.എ. ആയ സമയത്ത് 36 ലക്ഷം രൂപ ചെലവഴിച്ച് ഇതിന് പരിഹാരം കണ്ടെങ്കിലും രണ്ടു മേഖലകളിലെ കർഷകർ തമ്മിൽ ഏകോപനമില്ലാത്തതിനാൽ അതു കൃത്യമായി നടപ്പാകാത്തതാണ് നിലവിലെ പ്രശ്നം.
കക്കിടിപ്പുറം, കപ്പൂർ, കക്കിടിക്കൽ, അച്ചായത്തുകുന്ന്, ആര്യങ്കാവ് തുടങ്ങിയ പ്രദേശങ്ങളിലെ മുണ്ടകൻ, വിരിപ്പ് കൃഷിയിടത്തെയും കോലോത്ത് പാടമുൾപ്പെടെയുള്ള പുഞ്ചപ്പാടത്തെയും സ്ഥിതിഗതികൾ വ്യത്യസ്തമാണ്.
മഴ കുറഞ്ഞ് പുഞ്ചപ്പാടത്ത് പമ്പിങ് തുടങ്ങിയാൽ പുഞ്ചക്കർഷകർക്ക് ഷട്ടർ അടച്ച് വെള്ളം സംഭരിക്കണം. ഷട്ടർ അടയ്ക്കുന്നതോടെ വെള്ളം കെട്ടിനിന്ന് പതുക്കെ പിൻവശത്തെ മറ്റു പാടശേഖരങ്ങളിൽ വെള്ളംകയറി കൃഷി മുങ്ങാൻ തുടങ്ങും.
അപ്പോൾ ഷട്ടർ തുറന്നുവിടാതെ പറ്റില്ല. തുറന്നുവിട്ടാൽ പുഞ്ചക്കർഷകർക്ക് ആവശ്യമുള്ള നേരത്ത് വെള്ളം കിട്ടില്ല.
ഈ രണ്ടു വൈരുദ്ധ്യങ്ങളാണ് പന്താവൂർ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ ഗുണം കർഷകർക്ക് കിട്ടാതിരിക്കാൻ കാരണം.
ഇരു മേഖലയിലെയും കർഷകരെ പങ്കെടുപ്പിച്ച് ഗ്രാമപ്പഞ്ചായത്തും ഇറിഗേഷൻ വകുപ്പും കൃഷിവകുപ്പുമെല്ലാം ചേർന്ന് യോഗം വിളിച്ച് ഇതിനൊരു സ്ഥിരം സംവിധാനമൊരുക്കിയാൽ ഈ പ്രശ്‌നത്തിന് പരിഹാരമാകും.
ഇതിനുള്ള നടപടിയുണ്ടാകണമെന്നാണ് കോലത്തു പാടത്തെ കർഷകനും കോൾപടവ് കമ്മിറ്റി ഭാരവാഹിയുമായ വി. കരുണാകരൻ പറയുന്നത്.
പന്താവൂർ മുതൽ കക്കിടിപ്പുറം, കോതക്കടവ് വരെയുള്ള ഭാഗങ്ങളിലെ തോടുകൾ ആഴംകൂട്ടി ജലസംഭരണത്തോത് കൂട്ടാനുള്ള നടപടിയെടുത്താലും കുറെയേറെ പ്രശ്നങ്ങൾക്ക് പരിഹാരമാകും
അടുത്ത മാസം പമ്പിങ് ആരംഭിക്കണം
:ഒക്ടോബറിൽ പമ്പിങ് ആരംഭിച്ചാൽ മാത്രമേ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികൊണ്ട് ഗുണമുണ്ടാകുവെന്ന് ജനപക്ഷവേദി യോഗവും ആവശ്യപ്പെട്ടു. ലിഫ്റ്റ് ഇറിഗേഷൻ വഴിയുള്ള പമ്പിങ് വൈകിയാൽ നന്നംമുക്ക് മൂച്ചിക്കടവ് ഭാഗത്ത് പമ്പിങ് ആരംഭിക്കുകയും കോലത്തു പാടത്ത് ജലക്ഷാമമനുഭവപ്പെടുകയും ചെയ്യും. ഇതിന് മുൻപ് ലിഫ്റ്റ് ഇറിഗേഷൻ പ്രവർത്തനമാരംഭിക്കണമെന്നാണ് ജനപക്ഷവേദി പ്രവർത്തകരായ ബീരാൻ പന്താവൂർ, കെ.പി. മണികണ്ഠൻ, കെ.വി. ജലീൽ, ടി.പി. മുഹമ്മദലി, കെ. ദേവദാസ് എന്നിവർ പറയുന്നത്.
Published: 30 Sept 2026, 03:31 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented