എടവണ്ണ : ഐന്തൂർ ഒറ്റപ്പോക്കിൽ ഉപേക്ഷിക്കപ്പെട്ട കാറിൽനിന്ന് 20 ഗ്രാം എംഡിഎംഎയും രണ്ടുലക്ഷം രൂപയും കണ്ടെടുത്ത കേസിലെ പ്രതി എളങ്കൂർ മഞ്ഞപ്പറ്റ സ്വദേശി കൈകുന്നുമ്മൽ ഫസലുൽ റഹ്‌മാൻ (41), ഭാര്യാസഹോദരൻ മഞ്ഞപ്പറ്റ സ്വദേശി ജാഫർ സാദിഖ് (26) എന്നിവരെ പോലീസ് പിടികൂടി.

To advertise here,

തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെ എടവണ്ണ സ്റ്റേഷൻ പരിധിയിലെ പൊന്നാംകുന്നിൽവെച്ചാണ് ഡാൻസാഫ് സംഘവും എടവണ്ണ പോലീസും ചേർന്ന് പ്രതികളെ പിടികൂടിയത്.

ഇവരിൽനിന്ന് അഞ്ചു ഗ്രാം എംഡിഎംഎയും 23,650 രൂപയും കണ്ടെടുത്തു. കാറിന്റെ ഉടമയാണ് ജാഫർ സാദിഖ്. കഴിഞ്ഞമാസം 17-നാണ് കേസിനാസ്പദമായ സംഭവം. നിലമ്പൂർ പോലീസ് രജിസ്റ്റർചെയ്ത മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി എടവണ്ണ ഒറ്റപ്പോക്കിൽ താമസിക്കുന്ന യുവതിയുടെ വീട്ടിലേക്ക് പരിശോധനയ്ക്കായി എത്തിയതായിരുന്നു പോലീസ്. ഈ സമയം അവിടെ എത്തിയ ഫസലുൽ റഹ്‌മാൻ പോലീസിനെക്കണ്ട് കാർ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.

തുടർന്നുനടത്തിയ പരിശോധനയിൽ കാറിൽനിന്ന് 20 ഗ്രാം എംഡിഎംഎയും രണ്ടുലക്ഷം രൂപയും കണ്ടെടുത്തു. സംഭവത്തിനുശേഷം ഒളിവിൽപ്പോയ പ്രതിയെ കണ്ടെത്തുന്നതിന് ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം നിലമ്പൂർ ഡി.വൈ.എസ്.പി. കെ. റഫീഖിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചിരുന്നു. തിങ്കളാഴ്ച വൈകീട്ട് 4.30-ഓടെ പ്രതി കാറിൽ നിലമ്പൂർ ഭാഗത്തുനിന്ന് എടവണ്ണ ഭാഗത്തേക്ക് വരുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് എടവണ്ണ സീതിഹാജി പാലത്തിനു സമീപംവെച്ച് പോലീസ് തടയാൻ ശ്രമിച്ചു. പോലീസിനെ വെട്ടിച്ച് പ്രതി അമിതവേഗതയിൽ കാർ ഓടിച്ചുപോവുകയായിരുന്നു. കാറിനെ പിന്തുടർന്ന ഡാൻസാഫ് സംഘം പ്രതികളെ പിടികൂടുകയായിരുന്നു. ഈ സമയം അക്രമാസക്തനായ ഫസലുൽ റഹ്‌മാൻ കാറിന്റെ ഗ്ലാസ് പൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ബലം പ്രയോഗിച്ച് പ്രതിയെ കീഴ്‌പ്പെടുത്തുകയായിരുന്നു.

തുടർന്നുള്ള പരിശോധനയിലാണ് കാറിൽനിന്ന് അഞ്ചു ഗ്രാം എംഡിഎംഎയും 23,650 രൂപയും കണ്ടെടുത്തത്. എംഡിഎംഎ തൂക്കുന്നതിനുള്ള ഇലക്ട്രോണിക് ത്രാസും ഉപയോഗിക്കുന്നതിനുള്ള ഗ്ലാസ് പൈപ്പും നാലു മൊബൈൽ ഫോണുകളും കണ്ടെടുത്തു. കഴിഞ്ഞവർഷം 9.31 ഗ്രാം എംഡിഎംഎ പിടിച്ചതിന് ഫസലുൽ റഹ്‌മാനെതിരേ മഞ്ചേരി പോലീസ് സ്റ്റേഷനിൽ കേസുണ്ട്. എസ്.ഐ. വാസുദേവൻ ഓട്ടുപാറ, എ.എസ്.ഐ. പി. സുനിൽകുമാർ, സീനിയർ സി.പി.ഒമാരായ സുഭാഷ്, എം. സ്വാലിഹ്, ഡാൻസാഫ് അംഗങ്ങളായ സുനിൽ മമ്പാട്, അഭിലാഷ് കൈപ്പിനി, കെ.ടി. ആഷിഫ് അലി, ടി. നിബിൻ ദാസ്, ജിയോ ജേക്കബ്, സി.കെ. സജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.