പുറത്തൂർ : പടിഞ്ഞാറെക്കര അഴിമുഖത്ത് ഇനി വൈകുന്നേരങ്ങൾ ചെലവഴിക്കാൻ പുതിയൊരു അലങ്കാരപ്പാതയും. സഞ്ചാരികൾക്ക് കൂടുതൽ മനോഹരമായ അനുഭവം സമ്മാനിക്കുന്ന പടിഞ്ഞാറെക്കര സൺസെറ്റ് ബീച്ച് വികസന പദ്ധതിയുടെ പ്രധാനഭാഗമായ 400 മീറ്റർ പാതയുടെ നിർമാണം പൂർത്തിയായി.

To advertise here,

രണ്ടുകോടി രൂപ ചെലവിൽ നടപ്പാക്കുന്ന പദ്ധതിയുടെ 80 ശതമാനം പണികളും ഇതിനകം പൂർത്തിയായിക്കഴിഞ്ഞു. തിരൂർ-പൊന്നാനി പുഴയും ഭാരതപ്പുഴയും അറബിക്കടലിലേക്ക് ചേരുന്ന സ്ഥലമാണ് പടിഞ്ഞാറെക്കര അഴിമുഖം. ത്രിവേണിസംഗമം എന്നാണ് ഈ പ്രദേശം അറിയപ്പെടുന്നത്. പടിഞ്ഞാറെക്കരയുടെ മറുഭാഗത്തുള്ള പൊന്നാനി തുറമുഖത്തിന്റെയും ലൈറ്റ് ഹൗസിന്റെയും ദൃശ്യവും ഈ മുനമ്പിൽനിന്ന് കാണാം. സംസ്ഥാന വിനോദസഞ്ചാരവകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

പദ്ധതിയുടെ ഉദ്ഘാടനം നാളെ

:പദ്ധതിയുടെ ഉദ്ഘാടനം വ്യാഴാഴ്ച ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ് നിർവഹിക്കും. വിനോദസഞ്ചാരികൾക്കായി വിശാലമായ കാർ പാർക്കിങ് സൗകര്യം, ആകർഷകമായ ഇരിപ്പിടങ്ങൾ, ഫുഡ് കിയോസ്കുകൾ, പുലിമുട്ടിലൂടെ 400 മീറ്റർ നീളത്തിലുള്ള നടപ്പാത, വൈദ്യുത അലങ്കാരങ്ങൾ തുടങ്ങിയ സൗകര്യങ്ങളാണ് പദ്ധതിയുടെ ഭാഗമായി ഒരുക്കുന്നത്. നിർമാണ ചുമതല ജില്ലാ നിർമിതികേന്ദ്രത്തിനാണ്. വി.എസ്. ജോയ് എം.എൽ.എ. നിർമാണപുരോഗതി വിലയിരുത്തി. ഇതോടെ പ്രദേശത്തെ ടൂറിസം സാധ്യതകൾ വർധിക്കുകയും ചെയ്യും.