റോഡരികിൽ ചാക്കുകളിൽ കൃഷിയൊരുക്കി ബഷീർ

To advertise here,

മുക്കം : റോഡരികിൽ നിർമിച്ച സുരക്ഷാഭിത്തികൾക്കിടയിൽ കണ്ണിന് കുളിർമയേകി ചെണ്ടുമല്ലിക്കൃഷി. സമീപത്ത് ചാക്കുകളിൽ വളരുന്ന ചേനയും പച്ചക്കറികളും. ഇവയ്ക്ക് വളമാകുന്നത് കഫ്തീരിയയിലെ മാലിന്യവും. വൈകുന്നേരങ്ങളിൽ വിദ്യാർഥികളും വയോജനങ്ങളും ഉൾപ്പെടെയുള്ളവർ ഇവിടെയെത്തി കൃഷിയുടെ ഭാഗമാകുന്നു. മണാശ്ശേരി-ചേന്ദമംഗല്ലൂർ റോഡിലെ പൊറ്റശ്ശേരിയിൽ ബഷീർ അമ്പലത്തിങ്കൽ ഒരുക്കിയിരിക്കുന്ന കൃഷിയിടം ഇപ്പോൾ നാട്ടുകാർക്ക് കൗതുകക്കാഴ്ച മാത്രമല്ല, കൃഷിയുടെയും ശുചിത്വത്തിന്റെയും പുതിയൊരു മാതൃക കൂടിയാണ്.

കൃഷിയോടുള്ള ബഷീറി​െൻറ താത്പര്യവും പുതുമ പരീക്ഷിക്കാനുള്ള മനസ്സുമാണ് റോഡരികിനെ മനോഹരമായ കൃഷിയിടമാക്കിയത്. സ്വന്തം കോഫി ഷോപ്പിന് സമീപമാണ് ബഷീറിന്റെ ഈ പരീക്ഷണം. ചായപ്പൊടി, മുട്ടത്തോട്, ഭക്ഷണാവശിഷ്ടങ്ങൾ തുടങ്ങിയ ജൈവമാലിന്യങ്ങൾ ശേഖരിച്ച് സംസ്കരിച്ച് വളമാക്കുന്നു. ഈ ജൈവവളം ഉപയോഗിച്ചാണ് ചാക്കുകളിൽ ചേനയും ചെണ്ടുമല്ലിയും ഉൾപ്പെടെയുള്ള കൃഷികൾ നടത്തുന്നത്.

റോഡിന്റെ ഇരുവശങ്ങളിലുമായി നിരന്നുനിൽക്കുന്ന പൂച്ചെടികളും പച്ചക്കറിച്ചെടികളും വഴിയാത്രക്കാർക്ക് കൗതുകക്കാഴ്ചയാണ്. മുക്കം കൃഷി ഓഫീസർ കെ.എ. ഷബീർ അഹമ്മദിന്റെ നിർദേശ പ്രകാരമാണ് ബഷീർ വഴിയോര കൃഷി ആരംഭിച്ചത്. മുക്കം കൃഷി ഭവന്റെ പൂർണ സാമ്പത്തിക-സാങ്കേതിക പിന്തുണയും കൃഷിക്കുണ്ട്. ആവശ്യമായ സഹായങ്ങളുമായി കൃഷിഭവനിലെ സി.വി. സതിയും കൃഷി അസിസ്റ്റന്റുമാരായ എം. റീപ്പയും പി.പി. ദിവ്യയും ബഷീറിനൊപ്പമുണ്ട്.

മികച്ച ജൈവ കർഷകൻ കൂടിയായ ബഷീർ, പച്ചക്കറികൾക്കൊപ്പം തണ്ണിമത്തനും കൃഷി ചെയ്യുന്നുണ്ട്. കൃഷിയിലൂടെ ലഭിക്കുന്ന ഉത്പന്നങ്ങൾ സ്വന്തം കോഫി ഷോപ്പിലൂടെത്ത​െന്ന വിൽക്കുന്നതിനാൽ കർഷകനും ഉപഭോക്താവും തമ്മിലുള്ള നേരിട്ടുള്ള ബന്ധവും സാധ്യമാണ്. നല്ല വലിപ്പവും നിറവുമുള്ള തണ്ണിമത്തന് വിപണിയിൽ ഏറെ ആവശ്യക്കാരുണ്ട്. വലിപ്പംകുറഞ്ഞ ചേനയ്ക്ക്‌ പ്രത്യേകവിപണി കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ബഷീർ.

മുക്കം നഗരസഭ കൃഷിഭവന്റെ പച്ചക്കറി ക്ലസ്റ്റർ ഭാരവാഹി കൂടിയായ ബഷീർ കൃഷിയെ ഉപജീവനമാർഗം എന്നതിലുപരി കൂട്ടായ പ്രവർത്തനമാക്കി മാറ്റാനുള്ള ശ്രമത്തിലാണ്. താറാവ് കൃഷിയും ഒരേക്കർ സ്ഥലത്ത് ബട്ടർ ഫ്രൂട്ട് കൃഷിയും ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് ബഷീർ.

കൃഷിയിടം കൂടുതൽ വികസിപ്പിച്ച് സന്ദർശകർക്ക് കൃഷിയെ അടുത്തറിയാനും അനുഭവിക്കാനും കഴിയുന്ന രീതിയിൽ കാർഷിക ടൂറിസം കേന്ദ്രമാക്കാനുള്ള ഒരുക്കത്തിലാണ് ബഷീർ. പച്ചക്കറിത്തോട്ടം, പൂക്കൾ, ജൈവവളം, ഭക്ഷ്യോത്പാദനം, നേരിട്ടുള്ള വിപണനം എന്നിവയെല്ലാം ഒരുമിച്ചുചേരുന്ന ഒരു മാതൃകാകൃഷിയിടമാണ് ലക്ഷ്യം. മാലിന്യത്തെ വളമാക്കി, വളത്തെ വിളയാക്കി, വിളയെ വരുമാനമാക്കുന്നതിനൊപ്പം റോഡിന്റെ മുഖവും മാറ്റിയെടുക്കുകയാണ് ബഷീർ.