ഒൻപതാംവളവിൽ കുടുങ്ങിയ ട്രക്ക് മാറ്റിയത് എട്ടുമണിക്കൂറിനുശേഷം
താമരശ്ശേരി : താമരശ്ശേരിച്ചുരത്തിൽ തിങ്കളാഴ്ച പുലർച്ചെമുതൽ വൈകീട്ടുവരെ അതിരൂക്ഷമായ ഗതാഗതക്കുരുക്ക്. വാഹനങ്ങൾ ഒന്നിനുപുറകെ ഒന്നായി ഹെയർപിൻ വളവുകളിലും വീതിക്കുറവുള്ള ഭാഗങ്ങളിലും കുടുങ്ങിയതോടെ മണിക്കൂറോളമെടുത്താണ് പലർക്കും ചുരം താണ്ടാനായത്.
തിങ്കളാഴ്ച പുലർച്ചെ നാലുമണിയോടെ എട്ടാംവളവിൽ ചരക്കുലോറി കുടുങ്ങി. ലോറി അഞ്ചേകാലോടെയാണ് മാറ്റിയത്. അതുവരെ ഒറ്റവരിയായാണ് വാഹനഗതാഗതം സാധ്യമായത്. അതിരാവിലെ മൾട്ടി ആക്‌സിൽ ചരക്കുലോറികൾ ഏറെ കടന്നുപോവുന്നതിനാൽ ഭാഗിക ഗതാഗതതടസ്സം രൂക്ഷമായ ഗതാഗതക്കുരുക്കുണ്ടാക്കി.
ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ ഏറെനേരം വഴിയിൽ കുടുങ്ങി. ആറാംവളവിൽ ഒരു ബസും കാറും തമ്മിൽ പുലർച്ചെ ആറരയോടെ ഉരസിയതും അല്പനേരത്തേക്ക് ഭാഗിക ഗതാഗതതടസ്സമുണ്ടാക്കി. പിന്നീട് രാവിലെ ഏഴരയോടെ വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന പതിനാറുചക്ര സിമന്റ് ബൾക്കർ ട്രക്ക് യന്ത്രത്തകരാറിനെത്തുടർന്ന് ഒൻപതാംവളവ് കയറുന്ന ഭാഗത്ത് നിന്നുപോയി.
തകരാർ പരിഹരിക്കാനാവാതെ വന്നതോടെ എട്ടുമണിക്കൂർ കഴിഞ്ഞ് വൈകീട്ട് മൂന്നരയ്ക്കുശേഷമാണ് ക്രെയിനിൽ കെട്ടിവലിച്ച് വളവിൽനിന്ന് മാറ്റിയത്. വയനാട് ഗേറ്റിനുസമീപത്തെ പാതയോരത്തേക്ക് വാഹനം മാറ്റിയിടുകയായിരുന്നു. അത്രയുംനേരം ഒറ്റവരിയായി മാത്രമാണ് ഒൻപതാം വളവുവഴി വാഹനഗതാഗതം സാധ്യമായത്. വലിയ വാഹനങ്ങൾ പ്രയാസപ്പെട്ടാണ് ഇതുവഴി കടന്നുപോയത്. അതിനിടെ ഒൻപതാംവളവിന് സമീപത്തായിത്തന്നെ ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി.യുടെ മൾട്ടി ആക്‌സിൽ ബസും യന്ത്രത്തകരാർ കാരണം കുടുങ്ങി. രാവിലെ ഒൻപതുമണിയോടെ കുടുങ്ങിയ ബസ് പത്തുമണിയോടെ മാറ്റുന്നതുവരെ ഈ ഭാഗത്തുകൂടിയും വൺവേയായി മാത്രമാണ് വാഹനങ്ങൾ പോയത്.
ഒൻപതാംവളവിൽ രാവിലെ പത്തേമുക്കാലോടെ കണ്ടെയ്‌നർ ലോറി കുടുങ്ങിയതോടെ പതിനഞ്ചുമിനിറ്റോളം ഗതാഗതം സ്തംഭിച്ചു.
നേരത്തേ കുടുങ്ങിയ സിമന്റ് ബൾക്കർ കണ്ടെയ്‌നർ ലോറിയും മാറ്റാനാകാത്തതിനാൽ ഇരുചക്രവാഹനങ്ങൾക്കുമാത്രമാണ് ഇരുവാഹനങ്ങൾക്കും ഇടയിലൂടെ കടന്നുപോവാനായത്. പതിനൊന്നുമണിയോടെ യാത്രക്കാരും സന്നദ്ധപ്രവർത്തകരും ചേർന്ന് വാഹനം തള്ളിനീക്കിയശേഷമാണ് ഒൻപതാം വളവുവഴി ഭാഗികഗതാഗതം തുടർന്നും സാധ്യമായത്.
തിങ്കളാഴ്ച രാവിലെ വാഹനനിര ലക്കിടി മുതൽ രണ്ടാംവളവ് വരെയെത്തി. താമരശ്ശേരി ഹൈവേ പോലീസും അടിവാരം ഔട്ട്‌പോസ്റ്റ് പോലീസും ചുരംഗ്രീൻ ബ്രിഗേഡ് പ്രവർത്തകരും ചുരം സംരക്ഷണസമിതി പ്രവർത്തകരും ഗതാഗതം നിയന്ത്രിച്ചു.
Published: 06 Oct 2026, 03:35 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented