റോഡുവേണം തോട്ടോളിത്താഴക്കാർക്ക്

To advertise here,

വടകര : സ്ഥലം വടകര നഗരസഭയിലാണ്. പ​േക്ഷ, സ്വന്തം വാർഡ്‌സഭയിലോ നഗരസഭാ ഓഫീസിലോ വടകര ടൗണിലോ എത്തണമെങ്കിൽ ചോറോട് പഞ്ചായത്ത് വഴി ചുറ്റിസഞ്ചരിക്കണം. വടകര നഗരസഭ അറക്കിലാട് വാർഡിലെ തോട്ടോളിത്താഴ നിവാസികൾക്കാണ് ഈ ദുരവസ്ഥ. തോട്ടോളിത്താഴയിൽനിന്ന് വാർഡ് ആസ്ഥാനമായ അറക്കിലാടിലേക്ക് റോഡില്ല, നല്ലൊരു നടപ്പുവഴിപോലുമില്ല. ഇതോടെ വിളിച്ചാൽ കേൾക്കുന്ന ദൂരത്തെത്താൻ ചുരുങ്ങിയത് മൂന്നുകിലോമീറ്ററെങ്കിലും ചുറ്റിസഞ്ചരിക്കണം.

അറക്കിലാട് വാർഡിലെ 20-ഓളം കുടുംബങ്ങൾ തോട്ടോളിത്താഴയിലുണ്ട്. തോട്ടോളിത്താഴ കഴിഞ്ഞാൽപ്പിന്നെ ചോറോട് പഞ്ചായത്താണ്. വാർഡ് സഭ അറക്കിലാട് ഈസ്റ്റ് എൽ.പി.സ്‌കൂളിലാണ് ചേരാറ്. ഇവിടെയെത്താൻ തോട്ടോളിത്താഴയിലുള്ളവർ ചോറോട് ഓട്ടുകമ്പനി-ചേന്ദമംഗലം-പഴങ്കാവ് വഴി വേണം അറക്കിലാട്ടെത്താൻ. മമ്പരഞ്ഞോളി ഭാഗത്തുള്ള ഈ വാർഡിലുള്ളവർ കുരിക്കിലാട്-വൈക്കിലശ്ശേരി റോഡ്-നൂറ്റിപ്പത്ത് വഴി വരണം.

വോട്ടുചെയ്യാൻ വരുന്നതും ചുറ്റിസഞ്ചരിച്ചാണ്. നാളോംവയലിന്റെ ഒരുവശത്താണ് അറക്കിലാട്. മറ്റൊരുവശത്ത് തോട്ടോളിത്താഴയും. നടക്കുതാഴ-ചോറോട് കനാലും ഇരുപ്രദേശങ്ങളെയും വേർതിരിക്കുന്നുണ്ട്. നേരത്തേ, തോട്ടോളിത്താഴയിൽനിന്നും അറക്കിലാടിലേക്കും വടകര അടയ്ക്കാത്തെരുവിലേക്കുമൊക്കെ പോകാൻ നടവഴിയുണ്ടായിരുന്നു. കനാൽ കടക്കാൻ ചെറിയൊരു പാലവുമുണ്ട്. വൈക്കിലശ്ശേരി, മലോൽമുക്ക് ഭാഗങ്ങളിലുള്ളവർ ഇതുവഴിയാണ് വടകരയിലേക്കും മറ്റും പോയിരുന്നത്. റോഡ് സൗകര്യവും വാഹനസൗകര്യവും കൂടിയതോടെ കാൽനടയാത്ര നിലച്ചു. വഴി കാടുമൂടി. ഇപ്പോൾ പാമ്പുശല്യവും മറ്റും കാരണം ഇതിലൂടെ നടന്നുപോകാനും പറ്റില്ല.

ഫോറം കൂട്ടായശ്രമം നടത്തും

നാളോംവയലിനുകുറുകേ റോഡ്, നഗരസഭ ശ്മശാനംമുതൽ കുട്ടൂലിപാലംവരെ കനാൽക്കരയിലൂടെ റോഡ് തുടങ്ങി ആവശ്യങ്ങൾ യാഥാർഥ്യമാക്കാൻ ചോറോട് ഡിവലപ്‌മെന്റ് ഫോറം കഴിയാവുന്ന ശ്രമങ്ങളെല്ലാം നടത്തും. ഇതിനായി ഒരു പ്രോജക്ട്‌ റിപ്പോർട്ട് ഉടൻ തയ്യാറാക്കും. മന്ത്രിമാരെയും വിഷയം ധരിപ്പിക്കും.

കെ.എം. നാരായണൻ, ചോറോട് ഡിവലപ്‌മെന്റ് ഫോറം

മുൻപ്‌ അടയ്ക്കാത്തെരുവിലേക്കുള്ള വഴി

പണ്ടുകാലത്ത് ഒട്ടേറെപ്പേർ കൊപ്ര ഉൾപ്പെടെയുള്ള മലഞ്ചരക്ക് ചുമന്ന് അടയ്ക്കാത്തെരുവിലേക്ക് പോയിരുന്നത് ഇതുവഴിയാണ്. അന്ന് പലസ്ഥലത്തും ചുമടുതാങ്ങി ഉണ്ടായിരുന്നു. വാഹനസൗകര്യം വന്നതോടെയാണ് ഈ വഴി ഇല്ലാതായത്. ഇതുവഴി റോഡുവന്നാൽ ഒട്ടേറെപ്പേർക്ക് ഉപകാരമാകും.

ബാലൻ നിടിയവളപ്പിൽ, പ്രദേശവാസി

വയലിനുകുറുകേ റോഡ് വരണം

: അറക്കിലാടിനെയും തോട്ടോളിത്താഴയെയും ബന്ധിപ്പിച്ച് നാളോംവയലിനുകുറുകേ ഒന്നരക്കിലോമീറ്ററോളം ദൂരത്തിൽ റോഡിനായി നാട്ടുകാർ ശ്രമം തുടങ്ങി. ഇതിന് മുൻകൈയെടുക്കുന്നത് ചോറോട് ഈസ്റ്റിലെ വിവിധ റെസിഡെൻസ് അസോസിയേഷനുകളുടെ കൂട്ടായ്മയായ ചോറോട് ഡിവലപ്‌മെന്റ് ഫോറമാണ്.

കഴിഞ്ഞദിവസം ചേർന്ന ഫോറം യോഗത്തിൽ കരട് വികസനരേഖ അവതരിപ്പിച്ചു. റോഡിനായി പദ്ധതിറിപ്പോർട്ട് തയ്യാറാക്കി എം.എൽ.എ.ക്കും എം.പി.ക്കും സംസ്ഥാനസർക്കാരിനും നഗരസഭയ്ക്കുമെല്ലാം ഉടൻനൽകും. തോട്ടോളിത്താഴയിൽനിന്ന് എൻ.സി.കനാൽ പരിസരംവരെ മൺറോഡുണ്ട്. കനാലിനുകുറുകേ പുതിയപാലം നിർമിക്കേണ്ടിവരും. വയലിന് മധ്യത്തിലൂടെയാണ് റോഡെന്നതിനാൽ വെള്ളമൊഴുകിപ്പോകാൻ ഇടയ്ക്കിടെ കലുങ്കുകളും വേണം. പഴങ്കാവ് ഫയർ സ്റ്റേഷൻ റോഡുമായി ഈ റോഡിനെ ബന്ധിപ്പിക്കാനും കഴിയും. ഫോറം ലക്ഷ്യമിടുന്നത് ഇതൊക്കെയാണ്. ഇത് യാഥാർഥ്യമായാൽ തോട്ടോളിത്താഴ നിവാസികൾക്ക് മാത്രമല്ല ഗുണം. ചോറോട് ഈസ്റ്റ്, കുരിക്കിലാട്, മലോൽമുക്ക് പ്രദേശങ്ങളിലുള്ളവർക്ക് എളുപ്പം വടകരയിലെത്താനുള്ള വഴിയുമാകും.