സോണ്ട അജൻഡ മാറ്റിയിട്ടും മിനിറ്റ്‌സിലില്ലെന്ന് യു.ഡി.എഫ്., മാറ്റിയില്ലെന്ന് മേയർ
റാന്തൽ വിളക്കുമായി ബി.ജെ.പി.
കോഴിക്കോട്: ഞെളിയൻപറമ്പിലെ മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട് സോണ്ട ഇൻഫ്രാടെകിന് തെറ്റായിനൽകിയ ജി.എസ്.ടി. തിരിച്ചുപിടിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ കൗൺസിലിൽവന്ന അജൻഡ മാറ്റിവെച്ചെന്നും ഇല്ലെന്നും ഉള്ള തർക്കം ഒരുഭാഗത്ത്, അപ്രഖ്യാപിത പവർകട്ടുമായി ബന്ധപ്പെട്ടുള്ള അടിയന്തരപ്രമേയം അനുവദിക്കാത്തതിൽ റാന്തൽവിളക്കുമായി ബി.ജെ.പി.യുടെ പ്രതിഷേധം മറ്റൊരുവശത്ത്. ശനിയാഴ്ച മേയർ ഒ. സദാശിവന്റെ അധ്യക്ഷതയിൽചേർന്ന അടിന്തര കൗൺസിൽയോഗം അതോടെ ബഹളത്തിൽ മുങ്ങി.
അജൻഡ മാറ്റിയോ ഇല്ലയോ
മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട് ജി.എസ്.ടി. ഇല്ലെങ്കിലും തെറ്റായി 27.72 ലക്ഷം നൽകിയതുമായി ബന്ധപ്പെട്ടുള്ള വിഷയമായിരുന്നു കഴിഞ്ഞ കൗൺസിലിലെ ഒരു അജൻഡ. എന്നാൽ, അജൻഡ രേഖപ്പെടുത്തിയതിൽ അവ്യക്തതയുണ്ടായി. സോണ്ടയെ കരിമ്പട്ടികയിലുൾപ്പെടുത്തണമെന്നും നിയമനടപടി സ്വീകരിക്കണമെന്നും അന്ന് യു.ഡി.എഫ്. ആവശ്യപ്പെട്ടു. സോണ്ട നേരിട്ടടച്ചതിനാൽ ജി.എസ്.ടി. വകുപ്പിൽനിന്ന് ആ തുക റീഫണ്ടായി അവരുടെതന്നെ അക്കൗണ്ടിലാണ് വരുക. അത് അവർക്ക് തിരികെനൽകാതിരിക്കാൻ വകുപ്പിന് കത്തുനൽകാമെന്നും കരിമ്പട്ടികയുമായി ബന്ധപ്പെട്ട് നിയമോപദേശം തേടാമെന്നും മേയർ വ്യക്തമാക്കിയിരുന്നു. നിയമോപദേശം തേടിയശേഷം വീണ്ടും കൗൺസിലിൽ വെക്കാമെന്നും അവ്യക്തതയുള്ള അജൻഡ മാറ്റിവെക്കാമെന്നും തീരുമാനിച്ചു. എന്നാൽ, ചർച്ചചെയ്ത കാര്യംമാത്രം ഉൾപ്പെടുത്തുകയും ആശയക്കുഴപ്പമുള്ള അജൻഡ മാറ്റിയത് മിനിറ്റ്‌സിൽ ചേർത്തില്ലെന്നും യു.ഡി.എഫിലെ കെ.സി. ശോഭിത ചൂണ്ടിക്കാട്ടി. എന്നാൽ, അജൻഡ മാറ്റിവെക്കുകയല്ല അന്നുചെയ്തതെന്നും ചർച്ചയിൽ തീരുമാനമെടുത്ത് അത് മിനിറ്റ്‌സായി രേഖപ്പെടുത്തുകയാണ് ചെയ്തതെന്നും മേയർ ഒ. സദാശിവൻ വ്യക്തമാക്കി. സോണ്ടയെ സഹായിക്കാനുള്ള നീക്കമാണെന്ന് യു.ഡി.എഫിലെ എസ്.വി. മുഹമ്മദ് ഷമീൽ തങ്ങളും വിശ്വനാഥൻ പുതുശ്ശേരിയും ആരോപിച്ചു. അങ്ങനെയല്ലെന്ന് എൽ.ഡി.എഫിലെ വി.പി. മനോജ് പറഞ്ഞു. ചർച്ചകൾമാത്രമാണ് മിനിറ്റ്‌സിൽ തീരുമാനമായി രേഖപ്പെടുത്തിയതെന്നും അത് അംഗീകരിക്കാൻ പറ്റില്ലെന്നും ചൂണ്ടിക്കാട്ടി നമ്പിടി നാരായണൻ ബി.ജെ.പി.യുടെ വിയോജനക്കുറിപ്പ് മേയർക്ക് നൽകി.
യു.ഡി.എഫും ബി.ജെ.പി.യും വിയോജനം രേഖപ്പെടുത്തിയതോടെ അതിൽ എന്തുതീരുമാനമുണ്ടാകുമെന്ന് ശോഭിത മേയറോട് ചോദിച്ചു. ബി.ജെ.പി.യുടെ കാര്യം ശോഭിത പറയേണ്ടെന്നും അതുപോലെ യു.ഡി.എഫിൽനിന്ന് പറയാൻ യു.ഡി.എഫ്. കക്ഷിനേതാവുണ്ടല്ലോയെന്നും മേയർ പറഞ്ഞു. കൗൺസിലർ എന്നരീതിയിൽ തനിക്ക് അവകാശമുണ്ടെന്ന് ശോഭിത വ്യക്തമാക്കി. സർക്കാരിലേക്ക് വിയോജനക്കുറിപ്പോടെ തീരുമാനം അയക്കുമെന്ന് സെക്രട്ടറി ഡി. സാജു വ്യക്തമാക്കി. സോണ്ടയെ കരിമ്പട്ടികയിൽപ്പെടുത്താനുള്ള നിയമസാധ്യതകൾ പരിശോധിച്ചുവരുകയാണെന്നും സെക്രട്ടറി പറഞ്ഞു.
വിളക്കേന്തിയ പ്രതിഷേധം
ബി.ജെ.പി. കൗൺസിലർമാർ റാന്തൽ വിളക്കുമായാണ് കൗൺസിലിൽ എത്തിയത്. അപ്രഖ്യാപിത പവർകട്ടുമായി ബന്ധപ്പെട്ട് അടിയന്തരപ്രമേയത്തിന് അനുമതിനൽകണമെന്ന് ബി.ജെ.പി.യിലെ നമ്പിടി നാരായണനും ടി. രനീഷും ആവശ്യപ്പെട്ടു. എന്നാൽ, അടിയന്തരകൗൺസിൽ ആയതിനാൽ അതുപറ്റില്ലെന്നും ഉപതിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടമുണ്ടെന്നും മേയർ പറഞ്ഞു.
തുടർന്ന്, ബി.ജെ.പി. അംഗങ്ങൾ റാന്തലുമായി മേയറുടെ ഇരിപ്പിടത്തിന് മുന്നിൽനിന്ന് മുദ്രാവാക്യം വിളിയോടെ പ്രതിഷേധിച്ചു. ഏതാനും മിനിറ്റുകൾ ഹാളിനുള്ളിൽ പ്രതിഷേധിച്ചശേഷം പുറത്തേക്കിറങ്ങി. ഓഫീസ് വരാന്തയിലൂടെ പ്രതിഷേധവുമായി നീങ്ങി. കുറച്ചുനേരത്തെ പ്രതിഷേധത്തിനുശേഷം റാന്തലുമായി ഹാളിലേക്ക് മടങ്ങിയെത്തി.
Published: 20 Sept 2026, 03:48 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented