സഫർണാസിനും സഹോദരനും നേരേ കൂക്കിവിളി
കോഴിക്കോട് : കമ്മത്ത്‌ലെയ്‌നിൽ വിവിധ ജൂവലറികളിൽനിന്നായി വിൽക്കാനേൽപ്പിച്ച 118 പവനുമായി മുങ്ങിയ നടക്കാവ് നാലുകുടിപറമ്പിൽ സ്വദേശി സഫർണാസും (29) സഹോദരൻ നാലുകുടിപ്പറമ്പിൽ ഷഫീക്കുമായും (29) അന്വേഷണസംഘം തെളിവെടുപ്പ് നടത്തി.
ജൂവലറികളിലെത്തിച്ച പ്രതികൾക്കുനേരേ വ്യാപാരികൾ കൂകിവിളിച്ച് പ്രതിഷേധിച്ചു. ഉച്ചയ്ക്ക് 12 മുതൽ ഒരുമണിവരെയായിരുന്നു കമ്മത്ത് ലെയിനിലെ തെളിവെടുപ്പ്.
ഇതുവരെയായും സ്വർണം എവിടെയാണുള്ളതെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും അന്വേഷണവുമായി പ്രതികൾ സഹകരിക്കുന്നില്ലെന്നും പോലീസ് പറഞ്ഞു. സഹോദരനായ നാലുകുടിപ്പറമ്പിൽ റാഹാമറിയം വീട്ടിൽ ഷഫീഖിനെയാണ് സ്വർണം ഏൽപ്പിച്ചതെന്നാണ് സഫർണാസ് പോലീസിന് നൽകിയ മൊഴി. എന്നാൽ, തനിക്ക് സ്വർണത്തെക്കുറിച്ച് ഒന്നും അറിവില്ലെന്നാണ് ഷഫീഖ് അന്വേഷണസംഘത്തോട് പറഞ്ഞത്.
ഇരുവരുടെയും താമസസ്ഥലത്ത് തിങ്കളാഴ്ച തെളിവെടുപ്പിന് കൊണ്ടുപോയിരുന്നു. മൂന്നുദിവസത്തേക്കാണ് കസ്റ്റഡിയിൽ വാങ്ങിയത്. ചൊവ്വാഴ്ചവരെയായിരുന്നു കസ്റ്റഡി കാലാവധി. അതിനാൽ കോടതിയിൽ ഹാജരാക്കി ഇരുവരെയും ജയിലിലേക്ക് തിരിച്ചയച്ചു. തെളിവെടുപ്പിനും സ്വർണം കണ്ടെടുക്കാനുമായി ഇനിയും ഇരുവരെയും വരുംദിവസങ്ങളിൽ കസ്റ്റഡിയിലെടുക്കുമെന്നും 11 കേസുകൾ സഫർണാസിന്റെ പേരിലുണ്ടെന്നും അന്വേഷണസംഘം വ്യക്തമാക്കി. മലപ്പുറത്ത് പുളിക്കൽ ചെറുകാവിൽ എന്ന സ്ഥലത്ത് വാടകവീട്ടിൽ ഒളിവിൽ കഴിയുന്നതിനിടയിലാണ് സഫർണാസ് പിടിയിലായത്.
വ്യാപാരികൾ വിൽക്കാനേൽപ്പിച്ച 1,39,35,747 രൂപ വിലയുള്ള ആഭരണങ്ങളുമായാണ് സഫർണാസ് മുങ്ങിയത്. ഇയാളുടെ സഹോദരൻ നടക്കാവ് നാലുകുടിപ്പറമ്പിൽ റാഹാമറിയം വീട്ടിൽ ഷഫീഖിനെ കഴിഞ്ഞദിവസം അറസ്റ്റുചെയ്തിരുന്നു.
സർക്കിൾ ഇൻസ്പെക്ടർ ടി.വി. ധനഞ്ജയദാസ്, ടൗൺ എസ്.ഐ.മാരായ സജീഷ് ഷിനോബ്, ടി.കെ. വിഷ്ണു, എ.എസ്.ഐ.മാരായ ടി.കെ. ബിനിൽകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പി. ശ്രീജിത്ത് കുമാർ, രഞ്ജിത്ത് പാതിരിയിൽ, പി. വിജീഷ്, സിവിൽ പോലീസ് ഓഫീസർ ഐ.കെ. വിബിൻ എന്നിവരാണ് തെളിവെടുപ്പിനുണ്ടായിരുന്നത്.
Published: 23 Sept 2026, 04:03 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented