കുറിച്ചിത്താനം : റോഡ് നവീകരണവും വളവ് നിവർത്തലും വാക്കുകളിൽമാത്രം ഒതുങ്ങുമ്പോൾ അപകടം വർധിക്കുകയാണ് കിടങ്ങൂർ- മംഗലത്ത്താഴം കെ.ആർ. നാരായണൻ റോഡിൽ. ആദ്യകാലത്തെ രാജപാതയും അഞ്ചലോട്ടം നടന്നിരുന്ന വഴിയാണിത്. ചരിത്രത്തിന്റെ സൂചനയായി വഴിയോരത്ത് നൂറ്റാണ്ട് പഴക്കമുള്ള വൃക്ഷങ്ങൾ തണൽ വിരിച്ചുനിൽക്കുന്നു.
മംഗലത്ത്താഴം മുതൽ ചങ്ങനാശ്ശേരി നാലുകോടി വരെ എം.സി.റോഡിന്റെ സമാന്തരപാത. തെക്കൻജില്ലകളിൽനിന്നുള്ള യാത്രക്കാർക്കു നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിൽ എത്താനുള്ള സമാന്തരപാത. സർക്കാർ പട്ടികയിലെ മാതൃകാറോഡ്. പക്ഷേ, ഈ റോഡിന് പഞ്ചായത്ത് റോഡിന്റെ വീതിപോലുമില്ല. വശങ്ങളിലെ കട്ടിങ്ങും വെള്ളക്കെട്ടുംമൂലം യാത്ര ദുഷ്കരം.
പുറമ്പോക്ക് കൈയേറ്റം ഒഴിപ്പിച്ച് റോഡ് വീതി വർധിപ്പിക്കണം. പഴയ രാജപാത മെലിയുന്ന സ്ഥലങ്ങളിൽ സർവേ നടത്തണം. കിടങ്ങൂർ മുതൽ മംഗലത്ത്താഴം വരെ ആറ് മീറ്റർ ടാറിങ് വീതി ഉറപ്പാക്കണം.
കോട്ടയം ജില്ലാ പോലീസ് മാതൃകാറോഡായി പ്രഖ്യാപിച്ച് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. മരങ്ങാട്ടുപിള്ളി കുറിച്ചിത്താനം കവലയിൽ സ്ഥാപിച്ച ബോർഡ് തുരുമ്പായി മാറി.
തുരുമ്പിച്ച ബോർഡുപോലെ തന്നെയാണ് റോഡിന്റെ അവസ്ഥയും. താത്കാലിക അറ്റകുറ്റപ്പണി നടത്തി റോഡിലെ കുഴികളുടെ എണ്ണം കുറച്ചു. ചില സ്ഥലങ്ങളിലെ കട്ടിങ്ങുകൾ മാത്രം കോൺക്രീറ്റുചെയ്ത് ഒഴിവാക്കി. റോഡിന്റെ വീതി വർധിപ്പിക്കുന്നതും ഉന്നത നിലവാരത്തിൽ നവീകരിക്കുന്നതും ഉറപ്പുകളിൽ മാത്രം അവസാനിക്കുന്നു.
കോടികൾ മുടക്കി നവീകരിച്ചു. പലവട്ടം അറ്റകുറ്റപ്പണി നടത്തി. അപകടവളവ് നിവർത്തുകയോ, വീതി വർധിപ്പിക്കുയോ അപകടസാധ്യതാ മേഖലകളിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കുകയോ ചെയ്തിട്ടില്ല. കിടങ്ങൂർ മുതൽ മംഗലത്താഴം വരെ പല സ്ഥലത്തും രണ്ട് ചെറിയ വാഹനങ്ങൾക്കുപോലും ഒരേ സമയം കടന്നുപോകാനുള്ള വീതിയില്ല. നവീകരണം നടപ്പാക്കിയപ്പോൾ വശങ്ങളിലെ പുറമ്പോക്ക് ഏറ്റെടുത്തില്ല.
22 അപകട വളവുകൾ
കിടങ്ങൂർ മുതൽ മംഗലത്താഴം വരെ 22 അപകട വളവുകൾ. കടപ്ലാമറ്റം ടൗണിന് സമീപത്ത് ഉൾപ്പെടെ വളവുകളിൽ റോഡിന് വീതിയില്ല. വളവ് നിവർത്താൻ പദ്ധതി തയ്യാറാക്കി. സർവേ പൂർത്തിയാക്കി. തുടർനടപടി ഉണ്ടായില്ല. വഴിയോരത്തെ പുറമ്പോക്ക് ഏറ്റെടുക്കാനുള്ള നടപടികളുമായി റവന്യൂ, പഞ്ചായത്ത് വിഭാഗങ്ങൾക്ക് നിർദേശം നൽകി. പലവട്ടം സർവേ നടത്തി. അപകടവളവുകൾ നിവർത്താൻ അഞ്ചുകോടി അനുവദിച്ചു. വളവ് നിവരുകയോ, റോഡിന് വീതി കൂടുകയോ ചെയ്തില്ല.. നെടുമ്പാശ്ശേരി - ചങ്ങനാശ്ശേരി നാലുവരി പാത, ഹരിവരാസനം റോഡ് എന്നിങ്ങനെ പല പേരിൽ പദ്ധതികൾ പ്രഖ്യാപിച്ചു.മഴപെയ്താൽ മിക്ക ഭാഗത്തിലും വെള്ളക്കെട്ടാണ്. ഇതിനു ശാശ്വത പരിഹാരമില്ല.
Published: 16 Oct 2026, 02:23 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented