കടയ്ക്കൽ : ജില്ലാപഞ്ചായത്തിന്റെ തീർഥാടന ടൂറിസം പദ്ധതിയുടെ ഭാഗമായി ഗ്രാമജ്യോതി പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തിയ കടയ്ക്കൽ ക്ഷേത്രക്കുളം നവീകരണം പാഴാകുന്നു. മൂന്നരയേക്കർ വരുന്ന വിശാലമായ ക്ഷേത്രക്കുളത്തിൽ 1.19 കോടി രൂപ ചെലവഴിച്ച് ഒരുവർഷംമുൻപ് നടപ്പാക്കിയ പദ്ധതികളാണ് നശിക്കുന്നത്.
കുളത്തിനു ചുറ്റും കൊരുപ്പുകട്ട പാകി നടപ്പാത നിർമിച്ചിരുന്നു. വൃക്ഷത്തൈകൾ, ചെടികൾ എന്നിവ നട്ടുപിടിപ്പിക്കുകയും ഇരിപ്പിടങ്ങൾ, ഓപ്പൺ ജിംനേഷ്യം, ഓപ്പൺ എയർ ഓഡിറ്റോറിയം എന്നിവ സ്ഥാപിക്കുകയും ചെയ്തു. എന്നാൽ ഉദ്ഘാടനംകഴിഞ്ഞ് ഒരുവർഷം കഴിയുംമുൻപേ ഇവ നശിച്ചുതുടങ്ങി. 10 ലക്ഷം രൂപ ചെലവിൽ നിർമിച്ച ഓപ്പൺ ജിംനേഷ്യത്തിലെ ഉപകരണങ്ങൾ തുരുമ്പെടുത്തു.
വിവിധ ഭാഗങ്ങളിൽ നിർമിച്ച ഇരിപ്പിടത്തിനുചുറ്റും ഉൾപ്പെടെ കാടുകയറി. ചെടികൾക്കും വൃക്ഷത്തൈകൾക്കുമൊപ്പം പാഴ്ച്ചെടികളും വളർന്നിറങ്ങി. ഇഴജന്തുക്കളുടെ ശല്യവുമുണ്ട്. ഓപ്പൺ എയർ ഓഡിറ്റോറിയത്തിലെ ശുചീകരണവും നിലച്ചു. പ്രദേശത്ത് മാലിന്യംതള്ളൽ രൂക്ഷമായതോടെ തെരുവുനായ്ക്കളും തമ്പടിക്കുന്നുണ്ട്.
ഹാബിറ്റാറ്റിന്റെ മേൽനോട്ടത്തിൽ രണ്ടരവർഷംകൊണ്ട് മികച്ച തരത്തിൽ പൂർത്തിയാക്കിയ പദ്ധതി ഒരുവർഷം കഴിഞ്ഞപ്പോൾ ദയനീയാവസ്ഥയിലായി. മുല്ലക്കര രത്നാകരൻ കൃഷിമന്ത്രിയായിരുന്നപ്പോൾ കെ.എൽ.ഡി.സി.യുടെ സഹസ്രസരോവർ പദ്ധതിപ്രകാരം ഒരുകോടി രൂപ ചെലവഴിച്ച് ക്ഷേത്രക്കുളം നവീകരിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഗ്രാമജ്യോതി പദ്ധതി നടപ്പാക്കിയത്.
Published: 16 Oct 2026, 02:13 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented