പരിസ്ഥിതിലോല മേഖലയിൽ പ്രതിഷേധം ശക്തം

To advertise here,

ചാത്തന്നൂർ : ചാത്തന്നൂർ മേഖലയിൽ ഏലാകളും തണ്ണീർത്തടങ്ങളും വ്യാപകമായി മണ്ണിട്ടുനികത്തുന്നതായി പരാതി. കഴിഞ്ഞദിവസം ചേന്നമത്ത് ഏലായിൽ വൻതോതിൽ കരമണ്ണ് നിക്ഷേപിച്ച സംഭവം വലിയ പ്രതിഷേധത്തിനിടയാക്കി. കരമണ്ണ് മാഫിയയുടെ പിടിയിൽ വയലുകൾ അന്യാധീനപ്പെടുമ്പോഴും അധികൃതർ മൗനംപാലിക്കുന്നെന്നാണ്‌ പ്രധാന ആക്ഷേപം.

കല്ലുവാതുക്കൽ, നടയ്ക്കൽ, പുലിക്കുഴി, വേളമാനൂർ, പാരിപ്പള്ളി തുടങ്ങിയ പ്രദേശങ്ങളിൽനിന്നടക്കം കൊണ്ടുവരുന്ന ലോഡുകണക്കിന് കരമണ്ണാണ് ഈ ഭാഗങ്ങളിൽ നിക്ഷേപിക്കുന്നത്. പരിസ്ഥിതിലോല പ്രദേശങ്ങളിലെ നിലംനികത്തൽമൂലം മേഖലയിലെ നീരൊഴുക്ക് പൂർണമായും തടസ്സപ്പെടുന്ന സാഹചര്യമാണ്‌.

ചാത്തന്നൂർ പഴയ പോസ്റ്റ് ഓഫീസിനു സമീപം ഉദയാ സ്റ്റുഡിയോയ്ക്കു താഴെയും ചാത്തന്നൂർ തോടിനോടു ചേർന്നുള്ള ഭാഗത്തും സമാനരീതിയിൽ നിലംനികത്തൽ നടക്കുന്നുണ്ട്. ഉദയാ സ്റ്റുഡിയോയ്ക്കു താഴെ, തോടിനോടു ചേർന്ന 70 സെന്റ് പുരയിടത്തോടനുബന്ധിച്ചുള്ള 21 സെന്റോളം വയൽ ഭാഗമാണ് ഒരുവിധ അനുമതികളുമില്ലാതെ നികത്തിക്കൊണ്ടിരിക്കുന്നത്.

പ്രദേശത്ത് വ്യാപകമായി മണ്ണ് നിക്ഷേപിച്ചിരിക്കുന്നതിന്റെയും, ജലാശയങ്ങളോടു ചേർന്നുള്ള നിലങ്ങൾ മണ്ണിട്ടുനികത്തുന്നതിന്റെയും ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. വയലുകൾ നശിക്കുന്നത് പ്രദേശത്തെ ജലസ്രോതസ്സുകളെയും കൃഷിയെയും ഗുരുതരമായി ബാധിക്കുമെന്നും അനധികൃത നിലംനികത്തലിനെതിരേ കർശന നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

ഏലാ നികത്താൻ നീക്കം: തടഞ്ഞ്‌ ഡി.വൈ.എഫ്.ഐ.

ചാത്തന്നൂർ : ചാത്തന്നൂർ പഞ്ചായത്തിലെ നെല്ലറയായ കുറുങ്ങൽ ഏലാപ്രദേശം മണ്ണിട്ടുനികത്താനുള്ള നീക്കം ഡി.വൈ.എഫ്.ഐ.പ്രവർത്തകർ തടഞ്ഞു. പരിസ്ഥിതിലോല പ്രദേശമായ കുറുങ്ങൽ ഏലായുടെ പടിഞ്ഞാറുഭാഗത്തെ, ഏലാ റോഡിനു സമീപമുള്ള പ്രദേശം അടുത്തിടെ കർഷകരിൽനിന്നു വാങ്ങിയവരാണ് ബുധനാഴ്ച രാത്രി ടിപ്പർ ലോറികളിൽ മ​െണ്ണത്തിച്ചു നികത്താനൊരുങ്ങിയത്.

സമീപ വയലുകളിലേക്കുള്ള പുറമ്പോക്കിലൂടെ ഒഴുകുന്ന

നീർച്ചാലുകളും ഏലാത്തോടുമടക്കം മണ്ണിട്ടുനികത്താനുള്ള നീക്കം നാട്ടുകാരും ഡി.വൈ.എഫ്.ഐ. പ്രവർത്തകരും തടയുകയായിരുന്നു. തുടർന്ന്‌ വില്ലേജ് അധികൃതരെ അറിയിച്ചു.

ജില്ലയിലെതന്നെ പ്രധാന ഏലാകളിലൊന്നാണ്‌ കുറുങ്ങൽ ഏലാ. കർഷകസമിതിയുടെ നേതൃത്വത്തിൽ കൃഷി നടക്കുന്നുണ്ടിവിടെ.

നെൽവയൽ നികത്താനുള്ള നീക്കവുമായി എത്തിയവർക്കെതിരേ ഒട്ടേറെ പരാതികൾ കർഷകരും നാട്ടുകാരും അധികാരികൾക്ക് നൽകിയിരുന്നു.

നെൽവയൽ നികത്തുന്നതിനെതിരെ ശക്തമായ പ്രതിഷേധമുണ്ടാകുമെന്ന് സി.പി.എം. ചാത്തന്നൂർ ടൗൺ ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി.ദിജു, ഡി.വൈ.എഫ്.ഐ. ബ്ലോക്ക് സെക്രട്ടറി അനീഷ്, കർഷകത്തൊഴിലാളി യൂണിയൻ നേതാക്കളായ എസ്.സുരേഷ്, ഷറഫുദ്ദീൻ എന്നിവർ മുന്നറിയിപ്പ് നൽകി.