അനുമതി നൽകിയിട്ട് ഒരു മാസം

To advertise here,

കരുനാഗപ്പള്ളി : നിർമാണം പുനരാരംഭിക്കാനുള്ള അനുമതി നൽകി ഒരു മാസമാകുമ്പോഴും കൊറ്റുകുളങ്ങര-കാവനാട് റീച്ചിൽ ദേശീയപാതാനിർമാണം പുനരാരംഭിച്ചിട്ടില്ല.

ഈ റീച്ചിൽ മാസങ്ങളായി നിലച്ചിരുന്ന ദേശീയപാതാനിർമാണം പുനരാരംഭിക്കാൻ, കഴിഞ്ഞ മാസം 16-നാണ് ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ അനുമതി നൽകിയത്. 31.5 കിലോമീറ്റർ നീളമുള്ള റീച്ചിൽ, പലഭാഗത്തായി പുതിയതായി നിർദേശിച്ച 6.35 കിലോമീറ്റർ ദൈർഘ്യമുള്ള എലിവേറ്റഡ് സ്ട്രച്ചറുകൾ ഒഴികെയുള്ളവ പൂർത്തീകരിക്കാനായിരുന്നു നിർദേശം. ഇതനുസരിച്ച് ആദ്യ ഡിസൈനിലെ നിർമാണപ്രവൃത്തികളും അതിനൊപ്പം കൂട്ടിച്ചേർത്ത പ്രവൃത്തികളുമാണ് കരാർ കമ്പനിയായ വിശ്വസമുദ്ര പൂർത്തീകരിക്കേണ്ടത്. ഇത് മൊത്തം 25.12 കിലോമീറ്റർ വരും. എന്നാൽ, ഒരു മാസമാകുമ്പോഴും ഒരിടത്തും നിർമാണം പുനരാരംഭിച്ചിട്ടില്ല.

നിർമാണം നിർത്തിവെച്ചതോടെ തൊഴിലാളികൾ സ്വന്തം നാട്ടിലേക്കു മടങ്ങുകയും നിർമാണോപകരണങ്ങളും യന്ത്രങ്ങളും വാഹനങ്ങളും മറ്റും തിരിച്ചുകൊണ്ടുപോകുകയും ചെയ്തിരുന്നു. തൊഴിലാളികളിലധികവും ബംഗാൾ, അസം, ഝാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ളവരായിരുന്നു. ഇവർ പൂർണമായും മടങ്ങിയെത്തിയിട്ടില്ല. വാടകയ്ക്കെടുത്ത വാഹനങ്ങളും ജെ.സി.ബി. ഉൾപ്പെടെയുള്ള കൂറ്റൻ മെഷീനറികളും മറ്റും തിരിച്ചെത്തിക്കേണ്ടതുമുണ്ട്. കൂടാതെ, നിർമാണത്തിനാവശ്യമായ അസംസ്കൃതവസ്തുക്കളും ലഭ്യമാകണം. അടുത്തയാഴ്ചയോടെ നിർമാണം പുനരാരംഭിക്കാൻ സാധിക്കുമെന്നാണ് കരാർ കമ്പനി ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം.

നീണ്ടകര പാലത്തിന്റെ ഇരുകരകളിലും അധികമായി സ്പാനുകൾ നിർമിച്ച് നീളം കൂട്ടുക, കരുനാഗപ്പള്ളിയിലെ എലിവേറ്റഡ് ഹൈവേ താലൂക്ക് ആശുപത്രി ഭാഗം വരെ നീട്ടുക, ഓച്ചിറയിൽ ഉയരപ്പാത രണ്ടു ഭാഗത്തേക്കും നാലു വീതം സ്പാനുകൾ നിർമിച്ച് നീട്ടുക തുടങ്ങിയവയാണ് ആദ്യ ഡിസൈനിൽ കൂട്ടിച്ചേർക്കലായി ഉൾപ്പെട്ടിട്ടുള്ളത്.

കായംകുളം സഹിദാർ പള്ളി മുതൽ ഡിമോക്‌സ് ജങ്ഷൻ വരെ(2.11 കി.മീ.), പുത്തൻതെരുവ് (0.53 കി.മീ.), ഇടപ്പള്ളിക്കോട്ട (1.87 കി.മീ.), ചവറ (1.04 കി.മീ.), വേട്ടുതറ ജങ്ഷൻ (0.83 കി.മീ.) എന്നിവിടങ്ങളിലാണ് പുതിയ ഉയരപ്പാത നിർദേശിച്ചിട്ടുള്ളത്.

നിർമാണം പുനരാരംഭിക്കണം-സി.പി.എം.

: കൊറ്റുകുളങ്ങര-കാവനാട് റീച്ചിലെ ദേശീയപാത നിർമാണത്തിലെ സ്തംഭനാവസ്ഥ ഉടൻ പരിഹരിക്കണമെന്ന് സി.പി.എം. കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.

ദേശീയപാത അധികൃതരുമായി നടത്തിയ ചർച്ചയെത്തുടർന്ന് നിർമാണം ഉടൻ പുനരാരംഭിക്കുമെന്ന് വാർത്തകൾ പുറത്തുവന്നെങ്കിലും ഒരുവിധ നിർമാണവും നടക്കുന്നില്ല. ജില്ലയിലെതന്നെ ഏറ്റവും വലിയ ഉയരപ്പാതയുടെ നിർമാണം നടക്കുന്ന കരുനാഗപ്പള്ളി പട്ടണം ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുകയാണ്. വ്യാപാരസ്ഥാപനങ്ങളെയും സാധാരണ ജനങ്ങളെയും വലയ്ക്കുന്ന ഇപ്പോഴത്തെ സ്ഥിതി പരിഹരിക്കുന്നതിന് എം.എൽ.എ.യും എം.പി.യും ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ ഒരു നടപടിയും സ്വീകരിക്കുന്നില്ല. സംസ്ഥാന സർക്കാരും ദേശീയപാതയുടെ നിർമാണപുരോഗതിയിൽ ഒരു ഇടപെടലും നടത്തുന്നില്ല. ദേശീയപാതയുടെ പല ഭാഗങ്ങളും കെട്ടിയടച്ച് സഞ്ചാരസ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തിയിരിക്കുകയാണ്. കരുനാഗപ്പള്ളി ടൗൺ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ദേശീയപാത നിർമാണത്തിലെ സ്തംഭനാവസ്ഥയ്ക്ക് ഉടൻ പരിഹാരം കാണണമെന്നും ഏരിയ സെക്രട്ടറി എ. അനിരുദ്ധൻ ആവശ്യപ്പെട്ടു. നടപടിയില്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുവരുമെന്നും സി.പി.എം. മുന്നറിയിപ്പ് നൽകി.