ഗുരുമന്ദിരം ജങ്ഷനിൽ വീതിക്കുറവ്ക മൂലം പണി താത്കാലികമായി നിർത്തി

To advertise here,

കറുകച്ചാൽ : നാലുകോടി രൂപയ്ക്ക് നിർമിക്കുന്ന കറുകച്ചാൽ ഗുരുമന്ദിരം- നെത്തല്ലൂർ കുരിശുകവല റോഡിന്റെ തുടക്കഭാഗത്തെ വീതിക്കുറവ് നിർമാണത്തിന് വെല്ലുവിളിയാകുന്നു. ഗുരുമന്ദിരം ജങ്ഷന്റെ ഭാഗത്ത് സ്ഥലപരിമിതിയുള്ളതിനാൽ വീതികൂട്ടാൻ കഴിയില്ല. ഗുരുമന്ദിരത്തിന് എതിർവശത്തെ കടകളുടെ മുൻവശം ഒന്നരമീറ്ററോളം പൊളിച്ചുനീക്കിയിരുന്നു. ഗുരുമന്ദിരത്തിന്റെ മതിലിനോട് ചേർന്നുള്ള ഭാഗം പൊളിച്ച് വീതികൂട്ടിയാൽ മാത്രമേ റോഡ് വികസിപ്പിക്കാൻ കഴിയൂ. ഇക്കാരണത്താൽ ബൈപ്പാസ് നിർമാണം താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഗുരുമന്ദിരത്തിന്റെ വശത്തെ സ്ഥലം ഏറ്റെടുത്താൽ മാത്രമേ നിർമാണ ജോലികളുമായി മുന്നോട്ട് പോകാൻ കഴിയൂ എന്ന് പി.ഡബ്ല്യു.ഡി. അധികൃതർ പറയുന്നു. ഇത് സംബന്ധിച്ച് പൊതുപ്രവർത്തകർ അടക്കമുള്ളവർ കളക്ടർക്ക് പരാതിയും നൽകിയിട്ടുണ്ട്.

കുപ്പിക്കഴുത്ത് പോലെയാകുമോ...

രണ്ടുകിലോമീറ്ററോളമുള്ള റോഡിന്റെ തുടക്കഭാഗത്ത് വീതി കുറഞ്ഞാൽ കുപ്പിക്കഴുത്ത് പോലെ ഇടുങ്ങിപ്പോകും. വാഴൂർ റോഡിൽനിന്ന്‌ ബൈപ്പാസ് റോഡിലേക്ക് വാഹനങ്ങൾ കയറാനും ഇറങ്ങാനും ബുദ്ധിമുട്ടാകും. വലിയ വാഹനങ്ങൾ മുന്നോട്ടും പിറകോട്ടുമെടുത്താണ് നിലവിലെ റോഡിലേക്ക് പ്രവേശിക്കുന്നത്. ബൈപ്പാസ് നിർമിക്കുമ്പോൾ ഇവിടെ വീതികൂട്ടാതിരുന്നാൽ ഗതാഗതക്കുരുക്ക് രൂക്ഷമാകും. ഇതോടെ സെൻട്രൽ ജങഷനിലും ഗതാഗതം തടസ്സപ്പെടാൻ സാധ്യതയുണ്ട്. റോഡുപണിക്ക് തടസ്സമായിരുന്ന കുരിശുപള്ളി റോണി കെ.ബേബി എം.എൽ.എ., ചമ്പക്കരപള്ളി അധികൃതരുമായി നടത്തിയ ചർച്ചയെത്തുടർന്ന് പൊളിച്ചുമാറ്റിയിരുന്നു. എം.എൽ.എ.യുടെ നേതൃത്വത്തിൽ എസ്.എൻ.ഡി.പി.യോഗം അധികൃതരുമായും ചർച്ച നടത്തിയിരുന്നു. വാഹനങ്ങൾ തടസ്സമില്ലാതെ കടന്നു പോകുംവിധത്തിൽ മതിൽ പൊളിച്ചുനീക്കാമെന്ന് അറിയിച്ചതായി എം.എൽ.എ. പറഞ്ഞു. കുപ്പിക്കഴുത്ത് ഒഴിവാക്കി ഒരേ വീതിയിൽതന്നെ നിർമാണം നടത്തണമെന്നാണ് നാട്ടുകാരുടെയും ആവശ്യം.