വൈക്കം : ഉദയനാപുരം പഞ്ചായത്ത് നേരിടുന്ന കടുത്ത വെള്ളപ്പൊക്കത്തിന് പരിഹാരം കാണുന്നതിനും കാർഷിക ഉത്പാദനം ഇരട്ടിയാക്കുന്നതിനും വിശദ പദ്ധതിരേഖ തയ്യാറാക്കുന്നതിന് മുട്ടുങ്കൽ മുതൽ കരിയാർ വരെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ജലയാത്ര നടത്തി. കെ.ബിനിമോൻ എം.എൽ.എ.യും ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജുവും നേതൃത്വം നൽകി.

To advertise here,

രണ്ടുമാസം മുമ്പുണ്ടായ വെള്ളപ്പൊക്കത്തിൽ ഉദയനാപുരം പഞ്ചായത്തിലെ 500-ൽ അധികം കുടുംബങ്ങൾ വെള്ളപ്പൊക്കദുരിതം നേരിട്ടിരുന്നു. കാർഷിക മേഖലയിലും വ്യാപക നാശമുണ്ടായി. വെള്ളപ്പൊക്കദുരിതം പരിഹരിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി മുട്ടുങ്കൽ മുതൽ കരിയാർ വരെ തീരദേശവും പുറംബണ്ടും കരിങ്കൽ കെട്ടി സംരക്ഷിക്കും. നിലവിൽ പുഞ്ചക്കൃഷിമാത്രം ചെയ്യുന്ന മാനാപ്പള്ളി, വാഴമന നോർത്ത്, കണ്ടങ്കരി പാടശേഖരങ്ങളിൽ വർഷ കൃഷിയും സാധ്യമാക്കും. വർഷങ്ങളായി തരിശുകിടക്കുന്ന വാഴമന സൗത്ത്, വേമ്പനാകരി, കറുകേലിൽ പാടശേഖരങ്ങളിൽ കൃഷി ഇറക്കാൻ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കും. മുട്ടുങ്കൽ ഭാഗത്ത് നിലവിലുള്ള ചീപ്പ് പണിചെയ്ത് പ്രവർത്തനസജ്ജമാക്കും. നാട്ടുതോടുകൾ ആഴംകൂട്ടി നീരൊക്ക് സുഗമമാക്കും. തേനാമിറ്റം മുതൽ മുട്ടുങ്കൽ വരെ തീരപ്രദേശം ബലപ്പെടുത്തും. ഇതോടെ വെള്ളപ്പൊക്കത്തിൽനിന്നും ഉദയനാപുരം പഞ്ചായത്തിന്റെ താഴ്ന്നമേഖല പൂർണമായും സംരക്ഷിക്കപ്പെടും. ജലയാത്രയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ എം.കെ. രാജേഷ്, കെ. ദീപേഷ്, വി. ബിൻസ്, മിനി മനയ്ക്കൽപറമ്പിൽ, പി.ആർ. ദേവലാൽ, ഇറിഗേഷൻ അസി. എക്‌സിക്യുട്ടീവ് എൻജിനിയർ മനോജ്, അസി.എൻജിനിയർ കെ.ദേവിക, പുഴ സംരക്ഷണസമിതി കൺവീനർ ശ്രീകുമാർ, അശോകൻ മൂത്താക്കോണി തുടങ്ങിയവർ പങ്കെടുത്തു.