തലയോലപ്പറമ്പ് : മറവൻതുരുത്ത് പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തോട് ചേർന്ന് ആരംഭിച്ച മെയിൻ സെന്റർ നിർമാണം പ്രതിസന്ധിയിൽ. 2022-23 സാമ്പത്തിക വർഷത്തിൽ ആരംഭിച്ച കെട്ടിടത്തിന്റെ പണിയാണ് പാതിവഴിയിൽ നിലച്ചത്.

To advertise here,

​നാഷണൽ ഹെൽത്ത് മിഷന്റെ 14 ലക്ഷം രൂപയും ഗ്രാമപ്പഞ്ചായത്തിന്റെ വിഹിതവും ഉൾപ്പെടെ 44.10 ലക്ഷം രൂപയായിരുന്നു പദ്ധതിയുടെ അടങ്കൽ തുക. സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തിയാക്കി നിർമാണച്ചുമതല ജില്ല നിർമിതികേന്ദ്രത്തിന് കൈമാറി.കുട്ടികൾക്കുള്ള കുത്തിവെപ്പുകൾ, വാക്സിനേഷനുള്ള പ്രത്യേകമുറി,

​എച്ച്.ഐ., ജെ.എച്ച്.ഐ. എന്നിവരുടെ ഓഫീസ് മുറികൾ എന്നിവയാണ് പുതിയ കെട്ടിടത്തിൽ വിഭാവനം ചെയ്തിരുന്നത്. ​2022-23 -ൽ എട്ടുലക്ഷം, ​2023-24-ൽ നാലുലക്ഷം,​2024-25-ൽ അഞ്ചുലക്ഷം രൂപയും നൽകി.​ ലഭിച്ച തുക ഉപയോഗിച്ച് നിർമിതികേന്ദ്രം കെട്ടിടത്തിന്റെ പകുതി പണി പൂർത്തീകരിച്ചെങ്കിലും പിന്നീട് ഫണ്ട് ലഭ്യമല്ലാത്തതിനെ തുടർന്ന് പണി നിലയ്ക്കുകയായിരുന്നു. കെട്ടിടത്തിനായി ഇറക്കിയ കട്ടിളയും ജനലുകളും കരാറുകാർ തിരികെ കൊണ്ടുപോയി.

നിലവിൽ മഴവെള്ളം ഇറങ്ങി സിമന്റ് കട്ടകൾ പൊടിഞ്ഞുതുടങ്ങി.

ആകാശത്തേക്കു നിൽക്കുന്ന ഇരുമ്പുകമ്പികൾ തുരുമ്പായി.​പദ്ധതിയുടെ ഭാഗമായിരുന്ന ബ്ലോക്ക് പഞ്ചായത്ത് പണം നൽകുന്നില്ലെന്നാണ് പഞ്ചായത്ത് അധികൃതരുടെ പുതിയ വാദം.

എന്നാൽ ഇത് ഗ്രാമപ്പഞ്ചായത്തിന്റെമാത്രം പദ്ധതിയാണെന്നും,

ആർദ്രം പുരസ്കാരം ഉൾപ്പെടെ പഞ്ചായത്തിന് ലഭിച്ച വിവിധ അവാർഡ് തുകകളും ഇതിനായി നീക്കിവെച്ചിരുന്നതായും മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. രമ പറഞ്ഞു. കെട്ടിടം പണി പൂർത്തിയാക്കാൻ നിർമിതികേന്ദ്രം തയ്യാറാണ്‌. എന്നാൽ, ആവശ്യമായ പണം

കണ്ടെത്താൻ മാർഗമില്ലാത്തതാണ് തടസ്സമാകുന്നത്. എത്രയുംവേഗം പ്രശ്നത്തിന് പരിഹാരം കണ്ടെത്തി പാതിവഴിയിൽ നിലച്ച നിർമാണം ഉടൻ പുനരാരംഭിക്കാൻ അധികൃതർ തയ്യാറാകണമെന്നാണ് ജനങ്ങളുടെ ആവശ്യം.

പടിഞ്ഞാറൻ മേഖലയിൽ നിർമിക്കേണ്ടതായിരുന്നു

പഞ്ചായത്തിന്റെ 11 മുതൽ 14 വരെ വാർഡുകൾ ഉൾപ്പെടുന്ന

പടിഞ്ഞാറൻ മേഖലയിലുള്ളവർക്ക് ഒരു ചെറിയ അസുഖം വന്നാൽപോലും കിലോമീറ്ററുകൾ താണ്ടി വേണം ആശുപത്രിയിലെത്താൻ.

പടിഞ്ഞാറൻ മേഖലയിലെ ജനങ്ങളുടെ ഈ ബുദ്ധിമുട്ട് മനസ്സിലാക്കി കുലശേഖരമംഗലം ഭാഗത്ത് ഒരു സബ് സെന്റർ പണിയേണ്ടതായിരുന്നു.

ഷൈലജ ധരണീധരൻ

തറയിൽ,കുലശേഖരമംഗലം

പദ്ധതി എത്രയും വേഗം യാഥാർഥ്യമാക്കും

മുടങ്ങിപ്പോയ നിർമാണം പൂർത്തിയാക്കാൻ ആവശ്യമായ തുക വകയിരുത്തുന്നതിനായി അടുത്ത പഞ്ചായത്ത് സമിതി യോഗത്തിൽ അടിയന്തര തീരുമാനമെടുക്കും.സാങ്കേതിക തടസ്സങ്ങളും ഫണ്ട് ലഭ്യതയുമായുള്ള കാലതാമസവുമാണ് നിർമാണം വൈകാൻ കാരണം. ജനങ്ങളുടെ ആരോഗ്യ ആവശ്യങ്ങൾ മുൻനിർത്തി പദ്ധതി എത്രയും വേഗം യാഥാർഥ്യമാക്കും. കെട്ടിടത്തിന്റെ നിലവിലെ അവസ്ഥ വിലയിരുത്താനും ബാക്കി പണികൾ എത്രയും വേഗം തീർക്കാനും നിർമിതികേന്ദ്രവുമായി ചർച്ചനടത്തും.

കെ.എസ്. വേണുഗോപാൽ.

ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ