വൈക്കം : സർക്കാർ നിയന്ത്രണത്തിലുള്ള വെച്ചൂർ മോഡേൺ റൈസ് മിൽ പൂട്ടൽ ഭീഷണിയിൽ. മില്ലിൽ സ്വന്തം ബ്രാൻഡ് എന്നപേരിൽ ഉത്‌പാദിപ്പിച്ചിരുന്ന കുട്ടനാട് റൈസിന്റെ ഉത്ദ‌പാദനം നിർത്തി. 12 താത്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു. ഇനി നാമമാത്രമായ സ്ഥിരംജീവനക്കാരാണുള്ളത്. കഴിഞ്ഞദിവസം ഓയിൽപാം ഇന്ത്യയുടെ ഉന്നത ഉദ്യോഗസ്ഥർ റൈസ് മില്ലിലെത്തി ജീവനക്കാരുടെ യോഗം വിളിച്ചുചേർത്തിരുന്നു.

To advertise here,

30 കോടി രൂപയോളം നഷ്ടത്തിലാണ് മില്ല് പ്രവർത്തിക്കുന്നതെന്നും അതിനാൽ സപ്ലൈകോയ്‌ക്കോ, മറ്റ് സഹകരണ സൊസൈറ്റികൾക്കോ മോഡേൺ റൈസ് മില്ല് കൈമാറ്റം ചെയ്യാനുള്ള ആലോചനകളാണ് ഉന്നതതലത്തിൽ നടക്കുന്നതെന്ന് അറിയിച്ചതായി ജീവനക്കാർ പറയുന്നു. അടുത്തമാസം വെച്ചൂർ, തലയാഴം, കല്ലറ പഞ്ചായത്തുകളിൽ പുഞ്ചക്കൃഷിയുടെ വിളവെടുപ്പ് നടക്കാനിരിക്കെ വെച്ചൂരിലെ റൈസ് മില്ലിന് ഷട്ടർ വീഴുന്നത് കർഷകരെ ആശങ്കയിലാക്കിയിട്ടുണ്ട്. പ്രാദേശികകർഷകരെ സഹായിക്കാൻ 2010-ലാണ് 10 കോടി രൂപ ചെലവിൽ സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ ഓയിൽപാം ഇന്ത്യ വെച്ചൂരിലെ റൈസ് മിൽ ഏറ്റെടുത്തത്.

 

2012-ൽ മില്ലിൽ വാണിജ്യാടിസ്ഥാനത്തിലുള്ള ഉത്‌പാദനവും തുടങ്ങി. പ്രാദേശിക കർഷകരിൽനിന്നും സംസ്ഥാനത്തെ വിവിധയിടങ്ങളിൽനിന്നും നേരിട്ട് നെല്ല് സംഭരിച്ചായിരുന്നു മില്ലിന്റെ പ്രവർത്തനം. മില്ലിലെ 2500 മെട്രിക് ടൺ വീതം ശേഷിയുള്ള രണ്ട് സംഭരണശാലകൾ അറ്റകുറ്റപ്പണിക്കായി അടച്ചിട്ടിരിക്കുകയാണ്. നെല്ലിന്റെ സ്റ്റോക്ക് തീർന്നതോടെ അരി ഉത്പ്പാദനം നിർത്തിവെച്ചിരിക്കുകയാണ്. ഇവിടെ ഉത്പ്പാദിപ്പിക്കുന്ന ഉണ്ടയരി സപ്ലൈകോ വഴിയാണ് വിൽപ്പന നടത്തിയിരുന്നത്.

മോഡേൺ റൈസ് മില്ലിന്റെ പ്രവർത്തനം നിർത്തിവെയ്‌ക്കാനുള്ള ഓയിൽപാം ഇന്ത്യയുടെ തീരുമാനത്തിനെതിരേ ശക്തമായ സമരം തുടങ്ങുമെന്ന് ഐ.എൻ.ടി.യു.സി. വെച്ചൂർ മണ്ഡലം പ്രസിഡന്റ് കെ. സുരേഷ്‌കുമാർ പറഞ്ഞു.