പെരുമ്പിലാവ് : ഏറെനാളത്തെ അനിശ്ചിതത്വത്തിനൊടുവിൽ സബ്‌സിഡി നിരക്കിൽ നീറ്റുകക്കയെത്തി. പാടശേഖരങ്ങളിലെ മണ്ണിലെ അമ്ലാംശം കുറയ്ക്കാനാണ് നീറ്റുകക്ക പാടത്തു വിതറുന്നത്. സബ്‌സിഡി നിരക്കിലായിരുന്നു നീറ്റുകക്ക കർഷകർക്ക് വിതരണം ചെയ്തിരുന്നത്.

To advertise here,

എന്നാൽ ഈ വർഷം നീറ്റുകക്ക സബ്‌സിഡി നിരക്കിൽ കിട്ടുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിന്നിരുന്നു. ഇതേത്തുടർന്ന് പഞ്ചായത്ത് തനത് ഫണ്ടിൽനിന്ന് നീറ്റുകക്ക സബ്‌സിഡിക്ക് തുക അനുവദിക്കുകയായിരുന്നു. 16 രൂപയാണ് ഒരു കിലോ നീറ്റുകക്കയുടെ വില. ഇതിൽ സബ്‌സിഡി തുകയായ ഒൻപതു രൂപ കഴിച്ച് ഏഴ് രൂപയാണ് കർഷകർ നൽകേണ്ടത്. ഇതിനുപുറമേ ഇറക്കുകൂലിയായി ചുമട്ടുതൊഴിലാളികൾ 10 കിലോ ബാഗിന് 35 മുതൽ 40 രൂപവരെയാണ് ഈടാക്കുന്നത്.

കഴിഞ്ഞ വർഷം ഇത് 30 രൂപയായിരുന്നു. എത്താൻ വൈകിയതിനാൽ പലർക്കും നീറ്റുകക്ക ഉപയോഗിക്കാനായിട്ടില്ല. കഴിഞ്ഞ വർഷം 14.50 രൂപയായിരുന്നു ഒരു കിലോ നീറ്റുകക്കയുടെ വില. ഈ വർഷം അത് 16 രൂപയായി വർധിച്ചിട്ടുണ്ട്. ഒരേക്കർ പാടത്തേക്ക് 200 കിലോ മുതൽ 250 കിലോ നീറ്റുകക്കയാണ് ശുപാർശ ചെയ്യുന്നത്. വില കൂടിയതോടെ കർഷകർ നീറ്റുകക്കയുടെ ആളവു കുറച്ചാണ് ഉപയോഗിക്കുന്നത്.

ഇത് നെല്ലിന്റെ വളർച്ചയെയും ഉത്പാദനത്തെയും പ്രതികൂലമായി ബാധിക്കുമെന്നാണ് കാർഷികവിദഗ്ധർ പറയുന്നത്. കർഷകത്തൊഴിലാളികളുടെ കൂലിയിനത്തിലും കാര്യമായ വർധനയാണ് ഉണ്ടായിരിക്കുന്നത്. ആയിരം രൂപയാണ് ഒരു തൊഴിലാളിയുടെ ശരാശരി നിരക്ക്.