പാലാ : പാലാ നഗരത്തിലെ വെള്ളം വിതരണം ചെയ്യുന്ന പുത്തൻപള്ളിക്കുന്നിലെ ടാങ്കുകൾ വൃത്തിയാക്കുമ്പോഴുള്ള മലിനജലം ഒഴുക്കിക്കളയാൻ പുതിയ ഓട തീർക്കുന്നു. നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.

To advertise here,

വാട്ടർഅതോറിറ്റയുടെ നിലവിലുള്ള ഓടയുടെ തകരാറുമൂലം ഒഴുക്ക് തടസ്സപ്പെട്ട് ടൗണിലെ കെട്ടിടങ്ങളിലേക്ക് വെള്ളം കയറുന്നതും റോഡ് തകരുന്നതും ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാനാണ് ഓട നിർമിക്കുന്നത്. പാലാ നഗരത്തിൽ വെള്ളം വിതരണംചെയ്യുന്ന പുത്തൻപള്ളിക്കുന്നിലെ ടാങ്കുകൾ വൃത്തിയാക്കുമ്പോഴുള്ള വെള്ളം പാലാ ജനറലാശുപത്രിക്ക് സമീപമുള്ള ഓടയിലൂടെ ആറ്റിലേക്ക്‌ എത്തുകയായിരുന്നു. എന്നാൽ, നാലുവർഷം മുൻപ് കിസ്‌ക്കോ ജങ്ഷന് മുൻഭാഗത്ത് റോഡിന്റെ അടിഭാഗത്ത് ഓട തകർന്ന് റോഡ് താഴ്ന്നുപോയിരുന്നു. റോഡരികിലെ ഓടയിലേക്ക് വെള്ളമെത്തുന്നവിധം പൊതുമരാമത്ത്‌ വകുപ്പ് നിർമാണം നടത്തി. എന്നാൽ, ഏതാനും നാളുകൾക്കുള്ളിൽ കിസ്‌കോ ബാങ്കിന് സമീപം ഒഴുക്ക് തടസ്സപ്പെടുകയും വെള്ളം സമീപത്തുള്ള കെട്ടിടങ്ങളുടെ സമീപത്തേക്ക്‌ കയറുകയും ചെയ്തതോടെ നൂറുകണക്കിന് സ്ഥാപനങ്ങളിൽ ജോലിചെയ്തിരുന്നവർ ബുദ്ധിമുട്ടിലായി. കിഴതടിയൂർ ബാങ്കിലേക്കുൾപ്പെടെയുള്ള റോഡും പൂർണമായും തകർന്നു. ആശുപത്രിക്ക് സമീപത്തുള്ള ഹോട്ടലുകൾ ഉൾപ്പടെയുള്ള കടകളിലെ മാലിന്യം നഗരത്തിന്റെ ഹൃദയഭാഗത്തേക്ക് ഒഴുകിയെത്താൻ തുടങ്ങിയതോടെ ദുർഗന്ധപൂരിതമായി.

കെട്ടിട ഉടമകൾ വാട്ടർഅതോറിറ്റിയുടെ അനുമതിയോടെ ലക്ഷങ്ങൾ മുടക്കി നിർമാണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഉയർന്ന പ്രദേശങ്ങളിൽനിന്നുള്ള മാലിന്യം ഒഴുകിയെത്തി ഒഴുക്ക് തടസ്സപ്പെട്ട സാഹചര്യമാണുള്ളത്. വിവിധ ആവശ്യങ്ങൾക്ക് ഇവിടെയെത്തുന്നവരുൾപ്പെടെ മാലിന്യം നിറഞ്ഞ വെള്ളത്തിൽ നടക്കേണ്ട സാഹചര്യമാണുള്ളത്. വാട്ടർ അതോറിറ്റിയുടെ നിലവിലുള്ള ഓട ജനറലാശുപത്രിക്ക് സമീപത്തുനിന്ന് തിരിഞ്ഞ് കിഴതടിയൂർ ബാങ്കിന്റെ ഭാഗത്തേക്കാണ് പോകുന്നത്. ഇവിടെ വഴിതിരിച്ച് ജനറലാശുപത്രി റോഡിന്റെ നവീകരിച്ച റോഡിന്റെ സമീപത്തുകൂടി പുതുതായി ഓട നിർമിക്കുകയാണിപ്പോൾ. പൈപ്പുകൾ ഇട്ടാണ് ഓട പണിയുന്നത്. വെള്ളം ജനറലാശുപത്രി ജങ്ഷനിൽ പ്രധാന റോഡിലുള്ള ഓടയിലേക്ക് എത്തിക്കുകയാണ് നിർമാണത്തിന്റെ ലക്ഷ്യം. നാട്ടുകാരുടെ പരാതിയെത്തുടർന്ന് ആറുമാസം മുമ്പ് സ്ഥലം സന്ദർശിച്ച മന്ത്രി മോൻസ് ജോസഫ് പുതിയ ഓട നിർമിക്കാൻ വാട്ടർ അതോറിറ്റിക്ക് നിർദേശം നൽകുകയായിരുന്നു.