കുറവിലങ്ങാട് : ബാങ്കിന്റെ പരാതിയെ തുടർന്ന് കണ്ടെത്തിയ അജ്ഞാതനെ ആദ്യം പോലീസ് അന്നം ഊട്ടി. തുടർന്ന് ആറുദിവസത്തെ നിരന്തരമായ അന്വേഷണത്തിന് ഒടുവിൽ 23-കാരനായ യുവാവിന് വിലാസവും ബന്ധുക്കളെയും സമ്മാനിച്ചു.

To advertise here,

കുറവിലങ്ങാട് യൂണിയൻ ബാങ്കിന്റെ പരാതിയിലായിരുന്നു തുടക്കം. തങ്ങളുടെ എ.ടി.എം. കൗണ്ടറിൽ ഒരാൾ സംശായസ്പദമായ സാഹചര്യത്തിൽ കിടന്ന് ഉറങ്ങി എന്നതായിരുന്നു പരാതിയിൽ. എ.ടി.എം. കൌണ്ടറിൽനിന്നുള്ള വീഡിയോ ദൃശ്യവും നൽകി. കഴിഞ്ഞ 14-ന് കിട്ടിയ പരാതിയെ തുടർന്ന് പോലീസ് രാവിലെതന്നെ ആളെ അന്വേഷിച്ച് ഇറങ്ങി. കുറവിലങ്ങാട് ടൗണിൽനിന്ന് തന്നെ വീഡിയോ ദൃശ്യത്തിലെ ആളെ കണ്ട് കിട്ടി. ചോദ്യം ചെയ്യലിൽ ആളുടെ മാനസികനില അത്ര ഭദ്രമല്ലെന്നും ക്ഷീണിതനാണെന്നും പോലീസ് മനസിലാക്കി. എസ്.ഐ. ഗൗതം ഹരിയുടെ നേതൃത്വത്തിലുള്ള പോലീസ് യുവാവിനെ ആദ്യം ആശുപത്രിയിലെത്തിച്ച് പരിശോധിപ്പിച്ചു, അന്നം നൽകി. തുടർന്നുള്ള സംസാരത്തിൽ സ്വന്തം വിലാസമോ ബന്ധുക്കളുടെ വിവരങ്ങളോ പറയാൻ യുവാവിന് കഴിഞ്ഞില്ല. സ്വന്തം ഗ്രാമത്തിന്റെ പേര് ‘ബാഹൂന’ എന്ന് അവ്യക്തമായി പറഞ്ഞത് അന്വേഷണത്തിന് പോലീസിന് ഗുണം ചെയ്തു. യുവാവിനെ പാലായിലെ മരിയസദനത്തിൽ താമസിപ്പിച്ചു.

ബീഹാറിലെ ബഹദൂർപുർ പോലീസ് സ്റ്റേഷൻ പരിധിയിലെ ബാഹൂന ഗ്രാമത്തെക്കുറിച്ച് പോലീസ് അന്വേഷിച്ചു. ബഹദൂർപുർ പോലീസിന്റെയും ഗ്രാമമുഖ്യന്റെയും സഹായത്തോടെ യുവാവ് രഞ്ജിത്ത്കുമാർ യാദവാണെന്ന് തിരിച്ചറിഞ്ഞു. ഗ്രാമമുഖ്യൻ മുഖേന സഹോദരന്റെ ഫോൺ നമ്പറും പോലീസിന് ലഭിച്ചു. ബന്ധുക്കളുമായി പോലീസ് ബന്ധപ്പെട്ടു.

സ്കൂൾ പഠനകാലം മുതൽ രഞ്ജിത്തിന്റെ മാനസികനിലയിൽ പ്രശ്നങ്ങൾ കണ്ട് തുടങ്ങി. ഇതിനിടയിൽ പലതവണ വീട് വിട്ട് ഇറങ്ങി തിരിച്ച് എത്തി. ഇത്തവണ വീട് വിട്ടിട്ട് നാല് മാസമായി. മാതാപിതാക്കളും ബന്ധുക്കളും പലയിടങ്ങളിലും തേടി. ഇനി തങ്ങളുടെ രഞ്ജിത്ത് തിരിച്ച് വരില്ലെന്ന ദുഃഖത്തിൽ കഴിയുമ്പോഴാണ് കുറവിലങ്ങാട് പോലീസിന്റെ അന്വേഷണം എത്തുന്നത്.

20-ന് സഹോദരനും ഭാര്യയും കുറവിലങ്ങാട് പോലീസ് സ്റ്റേഷനിലെത്തി രഞ്ജിത് കുമാറിനെ തിരിച്ചറിഞ്ഞു. സഹോദരനെ കണ്ടെത്തി സുരക്ഷിതമായി തിരികെ നൽകിയ കുറവിലങ്ങാട് പോലീസിനെ ബന്ധുക്കൾ അഭിനന്ദിച്ചു. ഭക്ഷണവും യാത്രാച്ചെലവിനുള്ള സാമ്പത്തികസഹായവും നൽകിയാണ് കുറവിലങ്ങാട് പോലീസ് രഞ്ജിത് കുമാറിനെയും ബന്ധുക്കളെയും ബിഹാറിലേക്ക് യാത്രയാക്കിയത്.