പാലാ : കളരിയാമ്മാക്കൽ പാലത്തിന് അനുബന്ധ റോഡ് പണിയാൻ വീണ്ടും സ്ഥലം അളന്നുതിരിക്കുമ്പോൾ നാട്ടുകാർക്ക് ചോദിക്കാനുള്ളത് ഒന്നുമാത്രം. ഇത്തവണയെങ്കിലും റോഡ് വരുമോ. പാലം നോക്കുകുത്തിയായി തുടരുന്ന കാലത്തിന് ഇനിയെങ്കിലും അറുതിയാകുമോ. പാലായിൽനിന്ന് പാലത്തിലൂടെ പാറപ്പള്ളിയെത്തുന്ന കാലം വരണമെന്ന പ്രാർഥനയിലാണ് നാട്ടുകാർ. പലതവണ റോഡിനായി സ്ഥലം അളുന്നുതിരിച്ച് കുറ്റിയടിച്ചതാണ്.ഇതിനുമുമ്പ് പലതവണ ഇത്തരത്തിലുള്ള നടപടികൾ പലത് നടന്നതാണ്.
പാലാ നഗരസഭയെയും മീനച്ചിൽ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്നതാണ് പാലം. ഇവിടെ ജലവിഭവ വകുപ്പ് പാലത്തോടുകൂടിയ തടയണയാണ് നിർമിച്ചത്. തടയണ ജനങ്ങൾക്കുപകാരമായിട്ടുണ്ട്. എന്നാൽ, പാലം 13 വർഷമായി ഉപയോഗരഹിതമാണ്. പാലാ നഗരസഭയുടെ ഭാഗത്ത് ചെത്തിമറ്റത്ത് പാലം വരെ വീതികുറഞ്ഞ് സമീപന റോഡുണ്ട്. മീനച്ചിൽ പഞ്ചായത്തിന്റെ പരിധിയിലുള്ള സ്ഥലത്താണ് ഇനി അനുബന്ധ റോഡ് വേണ്ടത്. ഇവിടെ വ്യക്തിയുടെ പുരയിടത്തിൽ പാലം അവസാനിക്കുകയാണ് നിലവിൽ.
പാലത്തിന്റെ മറുകരയിലുള്ള പൂവരണി വില്ലേജിലെ 90 സെന്റ് സ്ഥലം അളന്നുതിരിച്ച് കഴിഞ്ഞദിവസം കുറ്റിയടിച്ചു. സ്ഥലത്തിന്റെ വിലനിർണയത്തിനുള്ള നടപടികൾ ആരംഭിച്ചതായി സ്‌പെഷ്യൽ തഹസിൽദാർ ദീലീപ് കെ.നായർ പറഞ്ഞു. സ്ഥലത്തിന്റെ വിലയും മറ്റ് നിയമനടപടികളും പൂർത്തീകരിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതോടെ പണി ആരംഭിക്കാൻ കഴിയുമെന്നാണ് അധികൃതർ പറയുന്നത്.
പാലായിലെ രാഷ്ട്രീയവടംവലിയുടെ ഇരകൂടിയാണ് കളരിയാമ്മാക്കൽ പാലമെന്ന് പൊതുപ്രവർത്തകനായ ജോയ് കളരിക്കൽ പറയുന്നു. ഇപ്പോൾ അധികാര വടംവലികളില്ലാത്ത അനുകൂല രാഷ്ട്രീയ സാഹചര്യത്തിൽ നിർമാണം പൂർത്തിയാക്കുമെന്നാണ് ഭരണമുന്നണി നേതാക്കളുടെ അവകാശവാദം. മീനച്ചിൽ പഞ്ചായത്തിലെ പാറപ്പള്ളിയിലേക്കാണ് റോഡെത്തുക. പാലം പണിതിട്ട് മൂന്നു നിയസഭാ തിരഞ്ഞെടുപ്പുകൾ കഴിഞ്ഞിട്ടുണ്ട്. പാറപ്പള്ളി തരംഗിണി സാംസ്‌കാരിക സംഘത്തിന്റെ നേതൃത്വത്തിൽ നിരവധി തവണ പ്രതിഷേധസമരങ്ങൾ നടത്തിയിട്ടുണ്ട്. പാറപ്പിള്ളി ഗ്രാമത്തിലുള്ളവരാണ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്.
Published: 22 Sept 2026, 02:26 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented