എരുമേലി : അരയാഞ്ഞിലിമൺ ഗ്രാമം. മുന്നുവശം വനവും മറുഭാഗം പമ്പയാറും. പെരുനാട് പഞ്ചായത്തിലെ ഒറ്റപ്പെട്ട ദ്വീപ്. പിന്നാക്ക വിഭാഗങ്ങൾ ഉൾപ്പെടെ 400-ലധികം കുടുംബങ്ങൾ അധിവസിക്കുന്നു. ഇവർക്ക് പുറംലോകത്തേക്കുള്ള വാതായനമാണ് പമ്പയാറിന് കുറുകെ ഇടകടത്തി, അരയാഞ്ഞിലിമൺ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന കോസ്‌വേ. എന്നാൽ, കാലവർഷങ്ങളിൽ പമ്പയാറ്റിൽ വെള്ളമുയർന്ന് കോസ്‌വേ വെള്ളത്തിനടിയിലായി യാത്രാമാർഗം അടഞ്ഞ് നാട് ഒറ്റപ്പെടും. കൃഷിയിടങ്ങളിൽ വന്യമൃഗങ്ങളുടെ ശല്യവും. കൃഷിഭൂമിക്ക് പട്ടയവുമില്ല. ദുരിതങ്ങളുടെ താഴ്വരയാണ് ഇവിടം. ജീവിത പ്രതിസന്ധികളോട് പൊരുതാനാകാതെ 40 കുടുംബങ്ങൾ സൗകര്യപ്രദമായ ഇടങ്ങളിലേക്ക് താമസം മാറി.
കൃഷിചെയ്യാൻ കർഷകർ, ആദായം മൃഗങ്ങൾക്ക്...
:ഏഴ് പതിറ്റാണ്ടുമുമ്പേ കുടിയേറിപ്പാർത്തവരുടെ പിൻതലമുറയാണ് ഗ്രാമത്തിലുള്ളത്. ഒരു എൽ.പി. സ്‌കൂളും, ആരോഗ്യകേന്ദ്രവും, രണ്ട് അങ്കണവാടികളും, ക്ഷീരസംഘം സൊസൈറ്റിയും ആറ് ക്രിസ്ത്യൻപള്ളിയും ഗ്രമത്തിലുണ്ട്. റബ്ബറിനൊപ്പം തെങ്ങ്, കൊക്കോ, കവുങ്ങ്, വാഴ, കപ്പ, ചേന, ചേമ്പ് തുടങ്ങിയ കൃഷികളാണ് പ്രധാനം. എന്നാൽ, കാട്ടാനയും കാട്ടുപന്നിയും കൃഷിയിടത്തിൽ നാശംവിതയ്ക്കുന്നു. മലയണ്ണാനും കുരങ്ങും വിളവെത്തുംമുന്നേ കരിക്കും കൊക്കോയും ഭക്ഷണമാക്കുന്നു. വാഴ, കപ്പ, ചേന, ചേമ്പ് കൃഷികൾക്ക് ഭീഷണിയായി കാട്ടുപന്നിശല്യം. മൃഗശല്യത്താൽ ചെറുകൃഷികൊണ്ട് നഷ്ടം മാത്രമാകയാൽ പലരും കൃഷി ഉപേക്ഷിക്കുന്ന സാഹചര്യം.
മാനംകറുത്താൽ ആശങ്ക...
:രണ്ടുദിനം മഴയൊന്ന് കനത്താൽ ആശങ്കയിലാകും അരയാഞ്ഞിലിമൺ ഗ്രാമത്തിലുള്ളവർ. കാലവർഷമോ, പ്രളയമോ ആകട്ടെ, പമ്പയാറ്റിൽ വെള്ളമുയർന്ന് അരയാഞ്ഞിലിമൺ കോസ്‌വേ വെള്ളത്തിലാകുമ്പോൾ ഗ്രാമീണർ ഒറ്റപ്പെടും. ഏഴ് പതിറ്റാണ്ടിലേറെയായി നാട് അനുഭവിക്കുന്ന ദുരിതത്തിന് ഇന്നും പരിഹാരമായിട്ടില്ല. കോസ് വേയ്ക്ക് സമീപം പണ്ട് ഒരു നടപ്പാലം ഉണ്ടായിരുന്നു. 2018-ൽ പമ്പയാർ കലിതുള്ളിയപ്പോൾ നടപ്പാലം നാമാവശേഷമായി. കോസ്‌വേയിൽ വെള്ളംകയറിയാൽ വിദ്യാർഥികളും ജോലിക്കാരും കൂലിപ്പണി ചെയ്യുന്നവരും ഉൾപ്പെടെ രാവിലെ ഗ്രാമത്തിൽനിന്ന് പുറമേക്ക് പോകില്ല. പോകാനായവർക്ക് തിരികെ വീടെത്താനുമാകില്ല.
പ്രതീക്ഷയുടെ ഇരുമ്പുപാലം...
:പ്രമോദ് നാരായൺ റാന്നി എം.എൽ.എ. ആയിരുന്ന സമയത്താണ് കോസ്‍വേയിൽനിന്ന് 100-മീറ്റർ മാറി ഉയരത്തിൽ പുതിയ ഇരുമ്പുപാലത്തിന് 2.93 കോടിരൂപ അനുവദിച്ചത്. കഴിഞ്ഞ മാർച്ച് ആറിന് പണിതുടങ്ങി. 90-മീറ്റർ നീളത്തിലും 10 അടി വീതിയിലുമാണ് നിർമാണം. കോൺക്രീറ്റ് പില്ലറുകളുടെ നിർമാണം പുരോഗമിക്കുന്നു.
ഇരുമ്പ് പാളികളാണ് പ്രതലത്തിൽ സ്ഥാപിക്കുക. നാല് മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Published: 08 Oct 2026, 01:57 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented