തലയോലപ്പറമ്പ് : പോളയും പായലും മാലിന്യവും അടിഞ്ഞ് നീരൊഴുക്കുനിലച്ച കുറുന്തറപ്പുഴയ്ക്കും കരിക്കനാലിനും (പുത്തൻതോട്) പുനർജന്മമേകാൻ എൺപതാം വയസ്സിലും വിശ്രമമില്ലാതെ ശശിധരൻ വാളവേലിൽ.
മൂന്ന് പതിറ്റാണ്ടായി ഗ്രാമത്തിന്റെ വികസനസ്വപ്നങ്ങൾ മനസ്സിൽ കൊണ്ടുനടക്കുകയാണ് ഈ മുതിർന്ന കർഷകൻ.
പ്രദേശത്തെ കാർഷികമേഖലയ്ക്ക് പുതുജീവൻ നൽകാനായി കോടികൾ ചെലവ് പ്രതീക്ഷിക്കുന്ന ബൃഹത്തായ വികസന രൂപരേഖയും തയ്യാറാക്കി അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവന്നു.
നൂറുവർഷങ്ങൾക്ക് മുൻപ് ശ്രീനാരായണഗുരു മാത്താനം ദേവീക്ഷേത്രം സന്ദർശിക്കാൻ വള്ളത്തിൽ സഞ്ചരിച്ചത് തെളിനീരൊഴുകിയിരുന്ന കുറുന്തറപ്പുഴയിലൂടെയായിരുന്നു.
നീരൊഴുക്കുനിലച്ച പുഴയും കരിക്കനാലും വീണ്ടെടുക്കുന്നതിലൂടെ 17 ബ്ലോക്കുകളിലായി 1700 ഏക്കർ പാടശേഖരത്തിൽ ഇരിപ്പൂ നെൽകൃഷി സാധ്യമാക്കുകയാണ് ലക്ഷ്യം.
വടക്കേ പുതുശ്ശേരി, നടുക്കരി, പാറ എന്നീ ബ്ലോക്കുകളിലെ പുറംബണ്ടുകളുടെ ഉയരംകൂട്ടി സംരക്ഷിക്കുന്നതിലൂടെ പഴമ്പെട്ടിയിലും സമീപപ്രദേശങ്ങളിലും വർഷകാലത്തുണ്ടാകുന്ന രൂക്ഷമായ വെള്ളപ്പൊക്കത്തിന് പരിഹാരമാകും.
സംസ്ഥാന ഫണ്ടുകൾ കൊണ്ടുമാത്രം പൂർത്തിയാക്കാൻ കഴിയാത്ത ഈ ബൃഹത്തായ പദ്ധതിക്കായി കേന്ദ്ര- സംസ്ഥാന ജലവിഭവ, കൃഷി മന്ത്രിമാർക്ക് നിവേദനം നൽകാൻ തീരുമാനിച്ചിട്ടുണ്ട്.
ഇതിനായി തലയോലപ്പറമ്പ് ഗ്രാമപ്പഞ്ചായത്തും, കടുത്തുരുത്തി ബ്ലോക്ക്പഞ്ചായത്തും, കോട്ടയം ജില്ലാപഞ്ചായത്തും പ്രമേയം പാസാക്കി കഴിഞ്ഞു. നിവേദനം മന്ത്രിമാർക്ക് സമർപ്പിക്കാൻ ശശിധരനല്ലാതെ മറ്റാരുമില്ലെന്ന് നാടൊന്നാകെ പറഞ്ഞതോടെ
ജലവിഭവമന്ത്രി അഡ്വ. മോൻസ് ജോസഫിന് നിവേദനവും, ത്രിതല പഞ്ചായത്തുകൾ പാസാക്കിയ പ്രമേയവും ശശിധരൻ നേരിട്ട് നൽകി.
ഒൻപതാംവയസ്സിൽ പാടത്ത് ചക്രംചവിട്ടി തുടങ്ങി മണ്ണിന്റെ മണം തൊട്ടറിഞ്ഞു വളർന്ന ശശിധരൻ യഥാർഥ കർഷകന്റെ പ്രതീകമാണ്.
കോലത്താർ പാടശേഖരസമിതി ഭാരവാഹിയായും 14 വർഷത്തോളം വടയാർ കാർഷിക സഹകരണസംഘം ബോർഡ് മെമ്പറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
തലയോലപ്പറമ്പിലെ മുതിർന്ന കോൺഗ്രസ് പ്രവർത്തകൻ കൂടിയായ വി.കെ. ശശിധരന്റെ ഈ സ്വപ്ന പദ്ധതിക്ക് പൂർണപിന്തുണയുമായി കെ. ബിനിമോൻ എം.എൽ.എ.യും പ്രദേശവാസികളും കൈകോർത്തു കഴിഞ്ഞു.
തെളിനീരൊഴുകുന്ന കുറുന്തറപ്പുഴയും പൂക്കൾ ചിരിക്കുന്ന തീരദേശ നടവഴികളും, ഹരിതാഭമായ തലയോലപ്പറമ്പ് ഗ്രാമവുമാണ് ഈ എൺപതുകാരന്റെ സ്വപ്നം.
Published: 07 Sept 2026, 02:02 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented