കടുത്തുരുത്തി : കടുത്തുരുത്തി- പെരുവ റോഡിൽ മങ്ങാട് കെ.എസ്.പുരം കപ്പേളയ്ക്ക് സമീപം ഇരുവശങ്ങളിലുമുള്ള അപകടവളവ് നിവർത്തുന്ന പ്രവർത്തനങ്ങൾക്ക് തുടക്കമായി. പെരുവയിൽനിന്നുവരുന്ന ഭാഗത്ത് റോഡിന് വീതികൂട്ടി സംരക്ഷണഭിത്തി നിർമിക്കാനും കടുത്തുരുത്തിയിൽനിന്ന് വരുന്ന ഭാഗത്ത് കുരിശുപള്ളിക്ക് എതിർവശത്ത് കൊടുംവളവ് നിവർത്താനുമാണ് ലക്ഷ്യമിട്ടിട്ടുള്ളത്.

To advertise here,

പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് വിഭാഗം തയ്യാറാക്കിയ പദ്ധതി നടപ്പാക്കുന്നതിനുവേണ്ടി കെ.എസ്.പുരം കൈതമറ്റം വീട്ടിൽ ജോസ് സൗജന്യമായി സ്ഥലം വിട്ടുതന്നതിനെത്തുടർന്നാണ് വളവ് നിവർത്തൽ പദ്ധതി നടപ്പാക്കാനായത്.

 

റോഡിന്റെ ഇരുവശത്തും സ്ഥലം വിട്ടുതന്നുകൊണ്ട് മാതൃക കാണിച്ച ജോസ് കൈതമറ്റത്തെ മന്ത്രി മോൻസ് ജോസഫ് അഭിനന്ദിച്ചു. കെ.എസ്.പുരത്ത് വളവുനിവർത്തുന്ന ഇരുഭാഗത്തും സംരക്ഷണഭിത്തികെട്ടി റോഡ് സുരക്ഷിതമാക്കും. ടാറിനോട് ചേർന്നുള്ള ഭാഗത്ത് ടൈൽ വിരിക്കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ട്.

പൊതുമരാമത്ത് വകുപ്പ് കടുത്തുരുത്തി സബ് ഡിവിഷന്റെ മേൽനോട്ടത്തിൽ നടപ്പാക്കുന്ന വികസനപദ്ധതിക്കായി 35 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി മോൻസ് ജോസഫ് അറിയിച്ചു. മന്ത്രി സ്ഥലം സന്ദർശിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ബ്ലോക്ക് പഞ്ചായത്തംഗം ധന്യാ വേണുഗോപാൽ, മുൻ ഗ്രാമപ്പഞ്ചായത്ത് മെമ്പർ ജോസഫ് കൈതമറ്റം എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.