വെളിയന്നൂർ : മത്സര ഓട്ടത്തിനിടയിൽ സ്വകാര്യബസിന് പിന്നിൽ കെ.എസ്.ആർ.ടി.സി. ബസ് ഇടിച്ച് നാലുപേർക്ക് പരിക്കേറ്റു. ഇരു ബസുകളിലുമായി യാത്രചെയ്തിരുന്ന നാലുപേരെയും ഉഴവൂർ കെ.ആർ. നാരായണൻ ഗവ. ആശുപത്രിയിലും കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിലുമായി ചികിത്സനൽകി.

To advertise here,

ശനിയാഴ്ച വൈകീട്ട് 3.45-ഓടെ വെളിയന്നൂർ ഗ്രാമപ്പഞ്ചായത്ത്, വില്ലേജ് ഓഫീസുകളുടെ മുന്നിലെ ബസ് സ്റ്റോപ്പിലായിരുന്നു അപകടം. കൂത്താട്ടുകുളത്തുനിന്ന് പാലായ്ക്ക് പോകുകയായിരുന്ന സ്വകാര്യബസും കൂത്താട്ടുകുളത്തുനിന്ന് കോട്ടയത്തിന് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി. ഓർഡിനറി ബസും തമ്മിലായിരുന്നു മത്സരം. നാല് കിലോമീറ്റർകൂടി പിന്നിട്ടാൽ രണ്ട് ബസുകളും രണ്ട് റൂട്ടിലേക്ക് തിരിയും.

യാത്രക്കാരെ കയറ്റി ഇറക്കുന്നതിനായി സ്വകാര്യബസ് നിർത്തിയപ്പോഴേക്കും പിന്നാലെവന്ന കെ.എസ്.ആർ.ടി.സി. ഇടിക്കുകയായിരുന്നു. കെ.എസ്.ആർ.ടി.സി. ബസിന്റെ മുന്നിലെ ചില്ല് പൂർണമായും തകർന്നു. വെളിയന്നൂർ ഗ്രാമപ്പഞ്ചായത്തിന്റെ വാഹനത്തിലാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്.