നിർമാണം തുടങ്ങിയിട്ട് ഏഴേമുക്കാൽ വർഷം
വള്ളികുന്നം : ഏഴേമുക്കാൽ വർഷം മുൻപ് കിഫ്ബിയിലാരംഭിച്ച വള്ളികുന്നത്തെ റോഡുകളുടെ നിർമാണം അവസാനഘട്ടത്തിൽ. ചൂനാട് തെക്കേ ജങ്ഷനു പടിഞ്ഞാറുഭാഗത്തു രണ്ടിടങ്ങളിൽ കലുങ്കിന്റെ നിർമാണം പൂർത്തിയായി.
ജങ്ഷനിലെ ഓടയുടെ മേൽമൂടി കോൺക്രീറ്റു ചെയ്യുന്ന പണി പുരോഗമിക്കുന്നു. താമരക്കുളം മുതൽ കാഞ്ഞിരത്തുംമൂട് വരെയുള്ള ടാറിങ് ഉൾപ്പെടെയുള്ള രണ്ടാംഘട്ട നിർമാണവും പൂർത്തീകരിച്ചു. കാഞ്ഞിരത്തുംമൂട് മുതൽ ഓച്ചിറവരെയുള്ള റോഡിന്റെ രണ്ടാംഘട്ടം ടാറിങ് എം.ആർ. ജങ്ഷൻ വരെ മാത്രമാണ് നടന്നത്. എം.ആർ. ജങ്ഷൻ മുതൽ പടിഞ്ഞാറോട്ട് ഓച്ചിറവരെ രണ്ടാംഘട്ടം ടാറിങ് ഇതുവരെ പൂർത്തിയായില്ല. ഗൾഫ് യുദ്ധത്തെത്തുടർന്ന് ടാറിന്റെ വില കരാർ പ്രകാരമുള്ള എസ്റ്റിമേറ്റിനെക്കാൾ അധികരിച്ചതാണ ടാറിങ് വൈകുന്നതിനു കാരണം. കൊല്ലം, ആലപ്പുഴ ജില്ലകളിലെ നാലു നിയമസഭാ മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന റോഡുകൾ അന്താരാഷ്ട്ര നിലവാരത്തിൽ നിർമിക്കുന്നതിനായി 2017-ലാണ് കിഫ്ബിയിൽ 62.53 കോടി രൂപ അനുവദിച്ചത്.
താമരക്കുളം-കാഞ്ഞിരത്തുംമൂട്, കാമ്പിശ്ശേരി-മണപ്പള്ളി, കാഞ്ഞിരത്തുംമൂട്-ചൂനാട് റോഡുകളുടെ നിർമാണോദ്ഘാടനം 2018 ഒക്ടോബർ 25-ന് അന്നത്തെ പൊതുമരാമത്തുവകുപ്പ് മന്ത്രി ജി. സുധാകരനാണു നിർവഹിച്ചത്. രണ്ടു ഘട്ടങ്ങളിലായി പൂർത്തീകരിക്കാൻ ലക്ഷ്യമിട്ട പദ്ധതി ആദ്യഘട്ടം പൂർത്തിയാകും മുൻപുതന്നെ എസ്റ്റിമേറ്റ് തുകയെക്കാൾ നാലുകോടി രൂപ അധികം ചെലവഴിച്ചതായി കരാറുകാർ അവകാശവാദമുന്നയിച്ചു. അധികത്തുക ആവശ്യപ്പെട്ട് കരാറുകാരൻ കിഫ്ബി അധികൃതരെ സമീപിച്ചെങ്കിലും നൽകിയില്ല.
ഇതേത്തുടർന്ന് നാലരവർഷം മുൻപ് കരാറുകാരൻ നിർമാണം അവസാനിപ്പിച്ചു. ആദ്യ കരാറുകാരനെ ഒഴിവാക്കി മൂന്നുവർഷം മുൻപ് പദ്ധതി വീണ്ടും ടെൻഡർ ചെയ്ത് മറ്റൊരു കരാറുകാരനെ ഏൽപ്പിക്കുകയായിരുന്നു. ഒന്നാം ഘട്ടത്തിൽ നടത്തേണ്ട റോഡിന്റെ വശങ്ങളിലെ കെട്ട്, ഓടകളുടെ നിർമാണം, രണ്ടാം ഘട്ടത്തിലെ താമരക്കുളം മുതൽ എം.ആർ. ജങ്‌ഷൻ വരെയുള്ള ടാറിങ് എന്നിവ പുതിയ കരാറുകാരനാണു നടത്തിയത്. അവശേഷിക്കുന്ന പത്തു കിലോമീറ്ററോളമുള്ള രണ്ടാംഘട്ട ടാറിങ്ങാണ് ടാറിന്റെ വിലവർധന മൂലം പ്രതിസന്ധിയിലായിരിക്കുന്നത്. വളവുകളിൽ റോഡരികിൽ സുരക്ഷാവേലി സ്ഥാപിക്കാൻ തുടങ്ങിയിട്ടുണ്ട്.
നിർമാണപ്രവൃത്തികൾ പൂർത്തീകരിച്ചശേഷമാകും റോഡിലെ മാർക്കിങ്, റിഫ്ളക്ടറുകൾ, ദിശാസൂചനാ ബോർഡുകൾ എന്നിവ സ്ഥാപിക്കൽ നടക്കുക.
Published: 27 Sept 2026, 02:55 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented