കണമല ഇറക്കത്തിലെ തടസ്സങ്ങൾ നീക്കണം

To advertise here,

എരുമേലി : ശബരിമല തീർഥാടനകാലം അടുത്തിരിക്കെ, ജില്ലാ പോലീസ് ചീഫ് കെ.എം. സാബുവിന്റെ നേതൃത്വത്തിൽ ശബരിമലപ്പാതകളിലെ സുരക്ഷ വിലയിരുത്തി.

എരുമേലി, കണ്ണിമല, എരുത്വാപ്പുഴ, കണമല, കാളകെട്ടി, അഴുതക്കടവ് തുടങ്ങിയ ശബരിമലപ്പാതകളിലാണ് പരിശോധന നടത്തിയത്. കണമല ഇറക്കത്തിൽ അട്ടിവളവിൽ വീടിന്റെ സംരക്ഷണഭിത്തി റോഡിലേക്ക് ഇടിഞ്ഞ് കിടക്കുന്നത് ഗതാഗത പ്രശ്‌നത്തിന് കാരണമാകുമെന്നതിനാൽ അവ നീക്കം ചെയ്യാൻ പഞ്ചായത്തിനും പൊതുമരാമത്ത് വകുപ്പിനും കത്തുനൽകി. മുണ്ടക്കയം റോഡിലെ കണ്ണിമല മഠംപടി വളവിൽ സുരക്ഷയ്ക്കായി റിഫ്ളക്ടിങ് ബോർഡുകളും ബ്ലിങ്കിങ് ലൈറ്റുകളും ക്രമീകരിക്കണം.

ശബരിമലയിൽ തിരക്ക് അധികരിക്കുന്ന സാഹചര്യത്തിൽ എരുമേലിയിലും മറ്റ് ഇടത്താവളങ്ങളിലും വാഹനങ്ങൾ നിൈwയന്ത്രിക്കേണ്ടിവന്നാൽ, എരുമേലിയിലെ വിവിധ പാർക്കിങ് സൗകര്യങ്ങൾ വിലയിരുത്തി. ഏറ്റുമാനൂർ, തിരുനക്കര, വൈക്കം, കടപ്പാട്ടൂർ തുടങ്ങി ജില്ലയിലെ മറ്റ് ഇടത്താവളങ്ങളിലെ സൗകര്യങ്ങൾ പരിശോധിക്കാൻ അതതിടങ്ങളിലെ സർക്കിൾ ഇൻസ്‌പെക്ടർക്ക് നിർദേശം നൽകി. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഉപയോഗിക്കാവുന്ന സമാന്തരപാതകളിലും പരിശോധന നടത്തി.

ദർശനംകഴിഞ്ഞ് കെ.വി.എം.എസ്. റോഡിലൂടെ മടങ്ങുന്ന ഭക്തരുടെ വാഹനങ്ങൾ കെ.വി.എം.എസ്. ജങ്ഷനിലെത്തിയാൽ ഗതാഗതക്കുരുക്കിന് കാരണമാകുമെന്നതിനാൽ, ജങ്ഷനിലെത്താതെ കെ.വി.എം.എസ്. റോഡിൽനിന്ന്‌ കാഞ്ഞിരപ്പള്ളി-മണിമല റോഡിലെ എസ്.ആർ.വി. ജങ്ഷനിലൂടെ തിരിച്ചുവിടാനാണ് തീരുമാനം. ഇതിനായി കാഞ്ഞിരപ്പള്ളി മണിമല റോഡിൽ നടക്കുന്ന അറ്റകുറ്റപ്പണികൾ വേഗത്തിലാക്കണമെന്ന് നിർദേശംനൽകി.

കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി. റിജോ പി.ജോസഫ്, എരുമേലി സർക്കിൾ ഇൻസ്‌പെക്ടർ എം.ആർ. സുരേഷ്, എസ്.ഐ. ശാന്തി കെ. ബാബു എന്നിവരും ജില്ലാ പോലീസ് ചീഫിനൊപ്പം ഉണ്ടായിരുന്നു.

എരുമേലിയിൽ ഒരുക്കങ്ങൾ കാര്യക്ഷമമാകണമെന്ന് ഹൈക്കോടതി

എരുമേലി : ശബരിമല തീർഥാടനകാലം അടുത്തിരിക്കെ, എരുമേലിയിൽ ആവശ്യമായ ഒരുക്കങ്ങൾ കാര്യക്ഷമമായി നടപ്പാക്കണമെന്ന് നിർദേശിച്ച് ഹൈക്കോടതി ഉത്തരവ്.

മുൻവർഷങ്ങളിൽ തീർഥാടകരും നാട്ടുകാരും തീർഥാടനകാലത്ത് നേരിട്ട പ്രതിസന്ധികൾ ഉണ്ടാകാതെ തീർഥാടനം സുഗമമാക്കേണ്ടത് സംബന്ധിച്ച്, എരുമേലി സന്ദർശിച്ചശേഷം ശബരിമല സ്‌പെഷ്യൽ കമ്മിഷണർ ആർ. ജയകൃഷ്ണൻ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

തീർഥാടനകാല ഒരുക്കങ്ങൾ സമയബന്ധിതമായി നടപ്പാക്കണമെന്നും തീർഥാടനം സുഗമമായി നടക്കണമെന്നുംകാട്ടി അയ്യപ്പസേവാസമാജം സംസ്ഥാന സെക്രട്ടറി എസ്. മനോജ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ജസ്റ്റിസ് രാജ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ബെഞ്ചാണ് ആവശ്യമായ ക്രമീകരണങ്ങൾ പൂർത്തിയാക്കണമെന്ന് നിർദേശിച്ചത്.