കുടമുരുട്ടി കലുങ്കും ചമക്കാല ചപ്പാത്തും അപകടാവസ്ഥയിൽ

To advertise here,

അടിവാരം : പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലുണ്ടായ പ്രളയങ്ങൾമൂലം മഞ്ഞനാനിക്കൽ തോടിനു കുറകേയുള്ള കലുങ്കും ചമക്കാല ചപ്പാത്തും അപകടാവസ്ഥയിലായി. കഴിഞ്ഞ മാസമുണ്ടായ പ്രളയത്തിൽ കലുങ്കിനടിയിൽ കല്ല് വന്നടിഞ്ഞാണു പൂഞ്ഞാർ അടിവാരം റോഡിലെ കുടമുരുട്ടി കലുങ്കിനു ബലക്ഷയം ഉണ്ടായത്.

ഇതോടാപ്പം തോട് ദിശമാറി ഒഴുകാനും തുടങ്ങി. നീരൊഴുക്ക് തടസ്സപ്പെട്ടതോടെ സമീപത്തെ വീടുകളിലും കടകളിലും വെള്ളംകയറി. ഞായറാഴ്ചയുണ്ടായ പ്രളയത്തിൽ കലുങ്കിനടിയിൽ വീണ്ടും കല്ല് വീണു നീരൊഴുക്കു പൂർണമായും തടസ്സപ്പെട്ടു. പെരിങ്ങുളം അടിവാരം റോഡിലൂടെയും വീടുകളുടെ മുറ്റത്തുകൂടെയുമാണ് തോട് ഒഴുകിയത്. തുടർന്ന് പൊതുമരാമത്തുവകുപ്പ് കല്ല് നീക്കംചെയ്യുകയും തോട് നേരെയാക്കുകയും ചെയ്‌തെങ്കിലും കലുങ്ക് അപകടാവസ്ഥയിൽ തുടരുകയാണ്.

കല്ലുകൾ വന്നിടിച്ച് കലുങ്കിന്റെ ഇരു വശത്തെയും കൽക്കെട്ടുകൾക്ക് കേടുപാടുകൾവന്ന സ്ഥിതിയിലാണ്. അടിയന്തരമായി കലുങ്ക് ബലപ്പെടുത്തിയില്ലെങ്കിൽ അടിവാരം നിവാസികൾക്ക്‌ പൂഞ്ഞാറുമായുള്ളബന്ധം പൂർണമായും ഇല്ലാതാകും.

പെരിങ്ങുളം പച്ചിക്കൽ അടിവാരം റോഡിൽ മീനച്ചിലാറ്റിൽ നിർമിച്ച ചമക്കാല ചപ്പാത്തും കല്ലുകളും മണ്ണും വന്നടിഞ്ഞ് അടഞ്ഞു. പാലം നിർമിക്കേണ്ട സ്ഥലത്ത് ആറു പൈപ്പുകൾ ഇട്ട് കോൺക്രീറ്റ് ചെയ്താണ് ചപ്പാത്ത് നിർമിച്ചത്. മലയോരമേഖലയിൽ മണ്ണിടിച്ചിൽ ഉണ്ടാകുമ്പോൾ കല്ലുകൾ വന്നടിഞ്ഞ് പൈപ്പുകൾ അടഞ്ഞുപോകുന്നതുമൂലം ചപ്പാത്തിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു.

കഴിഞ്ഞ മാസമുണ്ടായ മലവെള്ളപ്പാച്ചിലിൽ ഇതേ സംഭവം ഉണ്ടായതും അതിന്റെ ഭാഗമായുണ്ടായ കേടുപാടുകൾ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മാറ്റുകയുംചെയ്തിരുന്നു. തുടർന്ന് രണ്ടാമത്തെ മലവെള്ളപ്പാച്ചിൽ ഉണ്ടായപ്പോൾ വീണ്ടും പൈപ്പ് അടഞ്ഞ് സംരക്ഷണഭിത്തി ഇടിഞ്ഞ് റോഡും ചപ്പാത്തും അപ്രോച്ച് റോഡും അപകടാവസ്ഥയിലായിരുന്നു. ഇതോടെ പച്ചിക്കൽ പ്രദേശത്തേക്ക്‌ വാഹനമാർഗം ഇല്ലാതായിരുന്നു. പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചപ്പാത്ത് സുരക്ഷിമാക്കി ഗതാഗതം പുനഃസ്ഥാപിക്കുവാനുള്ള നടപടികൾ തുടരുകയാണ്. ചപ്പാത്തിനു പകരം അടിയന്തരമായി പുതിയ പാലം നിർമിച്ച് പച്ചിക്കൽ നിവാസികൾക്ക് ശാശ്വതമായ സഞ്ചാരമാർഗം നൽകണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.